എംഎല്‍എമാര്‍ക്കായി പുത്തൻ തന്ത്രമൊരുക്കി കോണ്‍ഗ്രസ്..!! രാജി നേരിട്ട് നല്‍കണമെന്ന് സ്പീക്കര്‍

ബംഗളൂരു: വിമത എം.എല്‍.എമാരുടെ രാജിയോടെ പ്രതിസന്ധിയിലായ കര്‍ണാടകയിലെ സഖ്യസര്‍ക്കാരിനെ രക്ഷിക്കാന്‍ അവസാനവട്ട ശ്രമവുമായി കോണ്‍ഗ്രസ്. സ്പീക്കര്‍ കെ.ആര്‍.രമേഷ് കുമാറിനെ മുന്‍നിറുത്തിയാണ് കോണ്‍ഗ്രസ് അവസാന വട്ട കരുക്കള്‍ നീക്കുന്നത്. രാജിവച്ച 13 എം.എല്‍.എമാരില്‍ എട്ട് പേര്‍ നടപടിക്രമങ്ങള്‍ പാലിച്ചല്ല രാജിക്കത്ത് സമര്‍പ്പിച്ചതെന്നും ഇവര്‍ നേരിട്ടെത്തി രാജിസമര്‍പ്പിക്കണമെന്നും സ്പീക്കര്‍ ഗവര്‍ണര്‍ വാജുഭായ് വാലയ്ക്ക് കത്ത് നല്‍കി.

എം.എല്‍.എമാര്‍ തന്റെ മുന്‍പില്‍ നേരിട്ട് ഹാജരാകണം. ഭരണഘടനാ വിരുദ്ധമായി താനൊന്നും ചെയ്യില്ലെന്നും വിമത എം.എല്‍.എമാര്‍ തന്നെ കണ്ടിട്ടില്ലെന്ന് ഗവര്‍ണര്‍ വാജുഭായ് വാലയെ അറിയിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. വിമത എം.എല്‍.എമാര്‍ നേരിട്ട് എത്തി തന്നെ കണ്ട് കാരണം ബോധിപ്പിക്കുകയോ വീണ്ടും രാജി സമര്‍പ്പിക്കുകയോ ചെയ്യണമെന്നാണ് സ്പീക്കറുടെ നിലപാട്.

അതേസമയം കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ബി.ജെ.പി ശക്തമാക്കി. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള മാജിക് സംഖ്യ തങ്ങള്‍ക്കുണ്ടെന്നും ബി.ജെ.പിയെ ക്ഷണിക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ വാജുഭായി വാലയ്ക്ക് തീരുമാനം എടുക്കാമെന്നും ബി.ജെ.പി നേതാവ് ശോഭ കരന്തലജെ പറഞ്ഞു. ബി.ജെ.പിക്ക് 107 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് പാര്‍ട്ടി അവകാശപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് 103 പേരുടെ പിന്തുണ മാത്രമേയുള്ളൂവെന്നും ബി.ജെ.പി നേതൃത്വം പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ വിമതരടക്കം 21 എം.എല്‍.എമാര്‍ പങ്കെടുത്തില്ല. വിമതരെ കൂടാതെ 11 പേര്‍ കൂടി വിട്ടുനിന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. അഞ്ജലി നിംബാള്‍ക്കര്‍, കെ. സുധാകര്‍, റോഷന്‍ ബെയ്ഗ്, തുടങ്ങിയവരാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നത്.

Top