ഓപ്പറേഷന്‍ തൂഫാന്‍ വെറും കണ്‍കെട്ട്; ലഹരിമാഫിയയെ തൊടാതെ പോലീസ്; പോലീസിലെ മയക്കുമരുന്ന് മാഫിയയെ തൊടാതെ ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാന്‍ പോലീസ് പ്രഖ്യാപിച്ച ‘ഓപ്പറേഷന്‍ തൂഫാന്‍’ പ്രഹസനമാകുന്നു. പോലീസിന്റെ കൈപ്പിടിയിലുള്ള ഇന്‍ഫോര്‍മാര്‍ നല്‍കുന്ന സൂചനകള്‍ അനുസരിച്ച് മാധ്യമ വാര്‍ത്ത നല്‍കാന്‍ മാത്രം നടക്കുന്ന തട്ടിപ്പാണ് ലഹരി വേട്ട എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പോലീസിലെ ഉന്നതന്‍മാരുമായി വരെ കേരളത്തിലെ ലഹരിമാഫിയക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

വന്‍ സ്രാവുകളെ തൊടാതെ കേവലം പരല്‍മീനുകളെ മാത്രം വലയിലാക്കുന്ന ഒരു വഴിപാട് കലാപരിപാടിയായി ഓപ്പറേഷന്‍ തൂഫാന്‍ മാറുന്നു എന്ന ആക്ഷേപം ഇതിനകം ശക്തമായിട്ടുണ്ട്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൊക്കെയ്ന്‍ ലോബിയിലേക്ക് അന്വേഷണം നീളുന്നത് തടയാന്‍ പോലീസിലെ തന്നെ ഒരു വിഭാഗം ഉന്നതര്‍ കോട്ട കെട്ടി സംരക്ഷണം ഒരുക്കുന്നു എന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എംഡിഎംഎ കേസില്‍ ഒരു മണിക്കൂര്‍ വൈകി ഓണ്‍ലൈനില്‍ കുറ്റപത്രം ഫയല്‍ ചെയ്തതിനെത്തുടര്‍ന്ന് പ്രതികള്‍ക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചത് ഈ രഹസ്യ ധാരണയ്ക്ക് തെളിവാണ്. ഓണ്‍ലൈനില്‍ കുറ്റപത്രം ഫയല്‍ ചെയ്യുന്നത് വൈകുന്നേരം അഞ്ചിനുശേഷമാണെങ്കില്‍ പിറ്റേദിവസം ഫയല്‍ ചെയ്തായി മാത്രമേ കണക്കാക്കാനാകൂ എന്ന ക്രിമിനല്‍ നടപടിക്രമം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ് വന്നത്. പോലീസ് ചട്ടം ലംഘിച്ചതിനെത്തുടര്‍ന്ന് കാസര്‍ഗോഡ് സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അബ്ദുള്‍ റൗഫ് എന്നിവര്‍ക്കാണു ജാമ്യം ലഭിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയുടെ രണ്ട് ആള്‍ജാമ്യവുമാണ് പ്രധാന ജാമ്യവ്യവസ്ഥ. പ്രതികള്‍ പിടിയിലായതിന്റെ 60-ാം ദിവസം വൈകുന്നേരം ആറിനാണ് പോലീസ് കുറ്റപത്രം ഓണ്‍ലൈനില്‍ ഫയല്‍ ചെയ്തത്.

2025 ഡിസംബര്‍ 30നാണ് 4.22 ഗ്രാം എംഡിഎംഎയുമായി ആധൂര്‍ പോലീസ് പ്രതികളെ പിടികൂടിയത്. ഫെബ്രുവരി 28ന് വൈകുന്നേരം 6.02ന് പോലീസ് ഓണ്‍ലൈനായി കേസിലെ കുറ്റപത്രം ഫയല്‍ ചെയ്തെങ്കിലും വിചാരണക്കോടതിയില്‍ പകര്‍പ്പ് എത്തിയത് മാര്‍ച്ച് രണ്ടിനാണ്. പത്തു വര്‍ഷത്തെ തടവായതിനാല്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ മതിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍, കുറഞ്ഞ ശിക്ഷ പത്തു വര്‍ഷം തടവാണെങ്കിലാണ് 90 ദിവസം വരെ സമയമുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. കുറ്റപത്രം സമയത്തു സമര്‍പ്പിച്ചില്ലെങ്കില്‍ ജാമ്യം ലഭിക്കുമെന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യം നിഷേധിക്കാതിരിക്കാനുള്ള സംവിധാനമെന്ന നിലയില്‍ പ്രതിയുടെ മൗലികാവകാശമാണെന്നും കോടതി വ്യക്തമാക്കി. വലിയ ഗൂഡാലോചന ഈ കേസില്‍ നടന്നുവെന്ന് വ്യക്തം.

സിനിമാ മേഖലയിലെയും ഉന്നത വൃത്തങ്ങളിലെയും പ്രമുഖര്‍ ഉള്‍പ്പെടുന്നതാണ് കൊച്ചിയിലെ ഈ മയക്കുമരുന്ന് ശൃംഖല. കോടികള്‍ മറിയുന്ന ഈ കച്ചവടത്തിലേക്ക് കൃത്യമായ അന്വേഷണം എത്താതിരിക്കാന്‍ പ്രതികളെ രക്ഷിച്ചെടുക്കുന്ന ഒരു പ്രത്യേക ഉദ്യോഗസ്ഥ ലോബി തന്നെ കൊച്ചി പോലീസില്‍ സജീവമാണ്. മുന്‍പ് കൊച്ചിയില്‍ ഏറെ ചര്‍ച്ചയായ മിഷേല്‍ ഷാജി മരണം ഉള്‍പ്പെടെയുള്ള പ്രമാദമായ കേസുകള്‍ അട്ടിമറിച്ചതില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ചില പ്രമുഖ ഉദ്യോഗസ്ഥരാണ് ഈ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെന്നത് സാഹചര്യങ്ങളുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

വിവാദങ്ങളെല്ലാം കാറ്റില്‍പ്പറത്തി, മിഷേല്‍ ഷാജി കേസ് അട്ടിമറിക്കാന്‍ മുന്‍കൈ എടുത്ത ഉദ്യോഗസ്ഥന്‍ കൊച്ചിയിലെ ഏറ്റവും കണ്ണായ തന്ത്രപ്രധാന പദവി നോട്ടമിട്ട് നീക്കങ്ങള്‍ നടത്തുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്. സിനിമാക്കാരെയും വന്‍കിട മയക്കുമരുന്ന് മാഫിയകളെയും കേസുകളില്‍ നിന്ന് നിരന്തരം രക്ഷിച്ചെടുക്കുന്ന ഈ ഉദ്യോഗസ്ഥ ലോബി കൊച്ചിയില്‍ കൂടുതല്‍ കരുത്തരാകാന്‍ ശ്രമിക്കുന്നത് നഗരത്തിന്റെ ക്രമസമാധാന നിലയെ തന്നെ അപകടത്തിലാക്കും. ഈ പശ്ചാത്തലത്തിലാണ് പോലീസും മയക്കുമരുന്ന് സംഘങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവരുന്നത്.

ലഹരിക്കേസുകളിലെ പ്രതികള്‍ക്ക് നിയമത്തിന്റെ വഴിയിലൂടെ വളരെ എളുപ്പത്തില്‍ ജാമ്യം കിട്ടാന്‍ അവസരമൊരുക്കുന്നത് പോലീസിലെ ഈ കള്ളനാണയങ്ങളാണ്. കുറ്റപത്രം സമര്‍പ്പിക്കുന്നതിലും മഹസ്സര്‍ തയ്യാറാക്കുന്നതിലും മനഃപൂര്‍വ്വം വരുത്തുന്ന വീഴ്ചകള്‍ പ്രതികള്‍ക്ക് കോടതിയില്‍ അനുഗ്രഹമായി മാറുന്നു. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കാസര്‍കോട് സ്വദേശികളായ എം.ഡി.എം.എ. കേസ് പ്രതികള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് ലഭിച്ച നിയമപരമായ ആനുകൂല്യം.

നിശ്ചിത സമയത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് കേവലമൊരു അശ്രദ്ധയായി കാണാന്‍ കഴിയില്ല. ഒരു മണിക്കൂര്‍ വൈകി ഓണ്‍ലൈനില്‍ കുറ്റപത്രം ഫയല്‍ ചെയ്തതുവഴി പ്രതികളുടെ മൗലികാവകാശത്തിന്റെ ആനുകൂല്യം കോടതിക്ക് നല്‍കേണ്ടി വന്നു. പ്രതികള്‍ പിടിയിലായതിന്റെ അറുപതാം ദിവസം വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പ് ഫയല്‍ ചെയ്യേണ്ടതിന് പകരം ആറ് മണിക്ക് ശേഷം ഫയല്‍ ചെയ്തത് പ്രതികളെ രക്ഷിക്കാനുള്ള മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന സംശയം ശക്തമാണ്.

ലഹരിക്കടത്ത് കേസുകളില്‍ പ്രതികള്‍ക്ക് അനുകൂലമായി നിയമത്തിന്റെ ലൂപ്ഹോളുകള്‍ തുറന്നു കൊടുക്കുന്ന ഇത്തരം ‘അബദ്ധങ്ങള്‍’ പല സ്റ്റേഷനുകളിലും ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ഇത് കേവലം നിയമപരമായ പാകപ്പിഴയല്ല, മറിച്ച് കൃത്യമായ പ്രതിഫലം വാങ്ങി പോലീസുകാര്‍ തന്നെ പ്രതികള്‍ക്ക് ജാമ്യമൊരുക്കാന്‍ ചെയ്യുന്ന വഴിവിട്ട സഹായമാണ്. കഠിനമായ ശിക്ഷ ലഭിക്കേണ്ട ഇത്തരം കേസുകളിലെ പ്രതികള്‍ മാസങ്ങള്‍ക്കകം യഥേഷ്ടം പുറത്തിറങ്ങി വീണ്ടും ലഹരി കച്ചവടം തുടരുന്ന കാഴ്ചയാണ് കേരളം കാണുന്നത്.

മയക്കുമരുന്ന് കച്ചവടക്കാരെ പിടികൂടാന്‍ തെരുവില്‍ കാത്തിരിക്കുന്നതിന് മുന്‍പ്, പോലീസിനുള്ളിലെ ലഹരി മാഫിയയുടെ ചാരന്മാരെ കണ്ടെത്താന്‍ ആഭ്യന്തര വകുപ്പ് തയ്യാറാകണം. അതായത്, പോലീസിലും ഒരു ‘ഓപ്പറേഷന്‍ തൂഫാന്‍’ അടിയന്തരമായി നടപ്പാക്കേണ്ടതുണ്ട്. പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ പഴുതുകളുണ്ടാക്കി നല്‍കിയ ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്ന് കൃത്യമായി കണ്ടെത്തുകയും അവര്‍ക്കെതിരെ മാതൃകാപരമായ ഡിസിപ്ലിനറി നടപടികള്‍ സ്വീകരിക്കുകയും വേണം.

ലഹരി ലോബിയുമായി ഫോണിലും നേരിട്ടും ബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥരുടെ പട്ടിക ഇന്റലിജന്‍സ് വിഭാഗം തയ്യാറാക്കിയിട്ടുണ്ടെങ്കിലും ഉന്നത സ്വാധീനം കാരണം ഇവരില്‍ പലരും ഇപ്പോഴും സുരക്ഷിതരാണ്. പ്രതികളെ സഹായിക്കുന്ന ഒരു പോലീസുകാരനെങ്കിലും ജോലി തെറിക്കുമെന്ന അവസ്ഥ വന്നാല്‍ മാത്രമേ സേനയ്ക്കുള്ളില്‍ ഭയവും ജാഗ്രതയും ഉണ്ടാവുകയുള്ളൂ. അല്ലാത്തപക്ഷം, താഴേത്തട്ടിലുള്ള ചെറുകിട കച്ചവടക്കാരെ മാത്രം പിടിച്ച് കേസ് ഡയറി തികയ്ക്കുന്ന ഒരു പ്രഹസനമായി ഈ ഓപ്പറേഷന്‍ കലാശിക്കും.

കൊച്ചിയിലെ കൊക്കെയ്ന്‍ ലോബിയുടെ വേരുകള്‍ അറുക്കാനും പോലീസിലെ അവിശുദ്ധ കൂട്ടുകെട്ട് പൊളിച്ചടുക്കാനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ട് അടിയന്തരമായി ഇടപെടേണ്ട സാഹചര്യമാണ് നിലവിലുള്ളത്. സിനിമാക്കാരെയും ഉന്നതരെയും സംരക്ഷിക്കുന്ന ലോബിയെ നിലയ്ക്കു നിര്‍ത്താന്‍ ശക്തമായ ആഭ്യന്തര നയവും കര്‍ശനമായ നിരീക്ഷണവും അനിവാര്യമാണ്. കൊച്ചിയിലെ പ്രധാന പദവികള്‍ നോട്ടമിട്ടിരിക്കുന്ന വിവാദ ഉദ്യോഗസ്ഥരുടെ ഭൂതകാലവും നിലവിലെ ഇടപെടലുകളും പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണം.

കേരളത്തിന്റെ യുവതലമുറയെ കാര്‍ന്നുതിന്നുന്ന ലഹരി മാഫിയയെ തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന ആര്‍ജ്ജവം പോലീസിലെ കള്ളനാണയങ്ങളെ പുറത്താക്കുന്നതിലും ഉണ്ടാകണം. നിയമത്തിന്റെ പഴുതുകളിലൂടെ പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കുന്ന ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനും ജാമ്യം ലഭിച്ച കേസുകളില്‍ പുനരന്വേഷണം നടത്താനും ആഭ്യന്തര മന്ത്രാലയം തയ്യാറായാല്‍ മാത്രമേ ‘ഓപ്പറേഷന്‍ തൂഫാന്‍’ അതിന്റെ യഥാര്‍ത്ഥ ലക്ഷ്യം കാണുകയുള്ളൂ.

 

Top