സമ്മര്‍ദത്തിന്റെ ഭാഷ വിലപ്പോവില്ലെന്ന് ഇറാന്‍, വ്യവസ്ഥയായില്ലെന്ന് ട്രംപ്; ഇറാന്‍ യുദ്ധത്തിന് അവസാനമായില്ല

വാഷിങ്ടണ്‍: പശ്ചിമേഷ്യയെയും ലോകത്തെ ആകെയും മൂന്നുമാസമായി മുള്‍മുനയില്‍നിര്‍ത്തുന്ന ഇറാനിലെ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന പ്രതീക്ഷയ്ക്ക് തിരിച്ചടി. ഇറാനുമായി ഏപ്രില്‍ എട്ടുമുതല്‍ നിലനില്‍ക്കുന്ന വെടിനിര്‍ത്തല്‍ നീട്ടുന്നതിനുള്ള കരാറിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനെന്ന് പറഞ്ഞ് വെള്ളിയാഴ്ച യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിളിച്ച യോഗത്തില്‍ കരാര്‍ പ്രഖ്യാപനമുണ്ടായില്ല.

വൈറ്റ്ഹൗസിലെ സിറ്റുവേഷന്‍ റൂമിലായിരുന്നു ഉപദേഷ്ടാക്കളുമായുള്ള ചര്‍ച്ച. യു.എസ്. മുന്നോട്ടുവെച്ച എല്ലാ വ്യവസ്ഥയും ഇറാന്‍ അംഗീകരിച്ചാലേ അവരുമായി പ്രസിഡന്റ് ട്രംപ് കരാറുണ്ടാക്കൂവെന്ന് പിന്നീട് വൈറ്റ്ഹൗസ് പ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇറാനുമായുള്ള യുദ്ധം പുനരാരംഭിക്കാന്‍ വേണ്ടതിലും കൂടുതല്‍ ആയുധശേഖരവും ശേഷിയും യു.എസിനുണ്ടെന്ന് പ്രതിരോധസെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സിങ്കപ്പൂരില്‍ പറഞ്ഞു. ഇറാനും യു.എസും കരാറില്‍ ധാരണയിലെത്തിയെന്നും ട്രംപ് ഒപ്പിട്ടാല്‍മാത്രം മതിയെന്നുമാണ് അതുവരെ യു.എസ്. വൃത്തങ്ങള്‍ പറഞ്ഞിരുന്നത്.

ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധം പിന്‍വലിക്കാന്‍ പോവുകയാണെന്ന് യോഗത്തിനുമുന്‍പ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപിച്ചിരുന്നു.

കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ക്ക് ഇനി സ്വന്തം നാടുകളിലേക്ക് മടങ്ങാനുള്ള നടപടി ആരംഭിക്കാമെന്നു പറഞ്ഞതോടെ പ്രതീക്ഷ ഉയര്‍ന്നു.

ഉപരോധം പിന്‍വലിക്കുന്നതിനുള്ള പ്രതിഫലമായി ഇറാന്‍ ഒരിക്കലും ആണവായുധം നേടാന്‍ പാടില്ലെന്ന് ഉറപ്പുനല്‍കണമെന്ന നിബന്ധനയും മുന്നോട്ടുവെച്ചു. കൂടാതെ ഹോര്‍മുസ് കടലിടുക്ക് ടോള്‍ കൂടാതെ അന്താരാഷ്ട്ര ചരക്കുനീക്കത്തിന് തുറന്നുകൊടുക്കണമെന്നും സമുദ്രപാതയില്‍ നിക്ഷേപിച്ച മൈനുകള്‍ നീക്കം ചെയ്യണമെന്നും ട്രംപ് ഇറാനോട് ആവശ്യപ്പെട്ടു.

അതേസമയം, ട്രംപിന്റെ പ്രസ്താവന നേരിന്റെയും നുണയുടെയും മിശ്രിതമാണെന്ന് ഇറാന്‍ പ്രതികരിച്ചു. നിര്‍ബന്ധങ്ങളുടെ ഭാഷയോട് ഇറാന്‍ 47 വര്‍ഷം മുന്‍പു തന്നെ ഗുഡ്ബൈ പറഞ്ഞതാണെന്ന് ഇറാന്‍ വിദേശകാര്യവക്താവ് ഇസ്മായില്‍ ബാഘേയ് പറഞ്ഞു. ആശയവിനിമയം തുടരുന്നുണ്ടെന്നും ഒരു അന്തിമ തീരുമാനത്തിലുമെത്തിയിട്ടില്ലെന്നും പറഞ്ഞു. വിദേശത്തുള്ള ഇറാന്റെ 1200 കോടി ഡോളറിന്റെ മരവിപ്പിച്ച ആസ്തികള്‍ തിരിച്ചുനല്‍കുന്നതുവരെ അടുത്തഘട്ട ചര്‍ച്ചയിലേക്ക് ഇറാന്‍ നീങ്ങില്ലെന്ന് നേതാക്കളെ ഉദ്ധരിച്ച് ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

ഇറാനെതിരേ യു.എസ്. പ്രയോഗിക്കുന്ന സാമ്പത്തിക സമ്മര്‍ദത്തിന്റെ ഭാഗമായി 100 കോടി ഡോളര്‍ മൂല്യമുള്ള ഇറാനിയന്‍ ക്രിപ്റ്റോ കറന്‍സി പിടിച്ചെടുക്കാനായെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് അവകാശപ്പെട്ടു.

 

Top