മലപ്പുറം: വടക്കന്‍ കേരളത്തിലെ മൂന്ന് ജില്ലകളില്‍ എന്‍ഐഎയുടെ പരിശോധന. കോഴിക്കോട്, മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് പരിശോധന. കൂടുതല്‍ ജില്ലകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നുണ്ടെന്നാണ് വിവരം. ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് തിരൂരങ്ങാടിയില്‍ നിന്ന് സ്ഫോടക വസ്തുക്കളടങ്ങിയ ഒരു ലോറി കണ്ടെത്തിയിരുന്നു. ഹോളോബ്രിക്സ് കടയിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്ന ലോറിയായിരുന്നു അത്.
ക്വാറിയിലെ ആവശ്യത്തിനുവേണ്ടിയാണ് സ്ഫോടക വസ്തുക്കള്‍ കൊണ്ടുപോകുന്നതെന്നായിരുന്നു അന്ന് ലോറി ഉടമ നല്‍കിയ വിശദീകരണം. ഇതിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ എന്‍ഐഎ എത്തിയിരിക്കുന്നത്. ഹോളോബ്രിക്സ് കടയുടെ ഗോഡൗണിലും ലോറി ഉടമയുടെ മൂന്നാം ഭാര്യയുടെ വീട്ടിലുമാണ് ഇപ്പോള്‍ എന്‍ഐഎ പരിശോധന നടത്തുന്നത്.കോഴിക്കോട് മുക്കത്തും എന്‍ഐഎ പരിശോധന നടക്കുകയാണ്. ഹാരിസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള എക്സലന്‍ഡ് ബ്രിക്സ് എന്ന സ്ഥാപനത്തിലും വീട്ടിലുമാണ് പരിശോധന നടക്കുന്നത്.
രണ്ട് മാസം മുമ്പ് കൊണ്ടോട്ടിയില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. കേസില്‍ രണ്ടുപേരെ നേരത്തേ പിടികൂടിയിരുന്നു. സേലത്ത് നിന്നാണ് സ്ഫോടക വസ്തുക്കള്‍ കൊണ്ടുവന്നതെന്നാണ് പിടിയിലായവര്‍ പറഞ്ഞത്.കാസര്‍കോട് ജില്ലയില്‍ ചിറ്റാരിക്കലിലാണ് എന്‍ഐഎ പരിശോധന നടക്കുന്നത്. സജി എന്നയാള്‍ നേരത്തേ നടത്തിയിരുന്ന കരിങ്കല്‍ ക്വാറിയിലും വീട്ടിലുമാണ് പരിശോധന നടത്തുന്നത്.
ജലാറ്റിന്‍ സ്റ്റിക്കുകള്‍ ഉള്‍പ്പെടെ എത്തിച്ചത് സജിയാണ് എന്ന നിഗമനത്തിലാണ് ഇവിടെ പരിശോധന നടത്തുന്നത്. കരിങ്കല്‍ ക്വാറി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇവിടെ വിശദമായ തെരച്ചില്‍ നടത്തുകയാണ് അന്വേഷണ സംഘം.


