വിഎസും പിണറായിയും പാര്‍ട്ടികോട്ടകളില്‍;സഖാക്കള്‍ക്ക് ഊര്‍ജ്ജമായി സ്ഥാനാര്‍ത്ഥിത്വം,പരിഭവങ്ങളില്ലാതെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയ സിപിഎമ്മിന് ഇനി തിരഞ്ഞെടുപ്പിലേക്ക് കടക്കാം.

തിരുവനന്തപുരം: കേരളത്തില്‍ അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറിയി സിപിഎമ്മിനെ സംബന്ധിച്ചടോത്തോളം ആദ്യത്തെ പരീക്ഷണ ഘട്ടം അവസാനിച്ചു എന്നതാണ് പിണറായിയും വിഎസും മത്സരിക്കുമെന്ന വാര്‍ത്ത പുറത്തുവരുന്നതോടെ വ്യക്തമാകുന്നത്. കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവിനെ അണിനിരത്തി അധികാരം തിരിച്ചു പിടിക്കാന്‍ തന്നെയാണ് സിപിഎമ്മിന്റെ തീരുമാനം. സംസ്ഥാന തലത്തിലുള്ള എതിര്‍പ്പിനെ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലോടെ ഇല്ലാതാക്കാന്‍ സാധിച്ചതോടെ പിണറായിയും വിഎസും ഒരുമിച്ച് കൈകോര്‍ത്തുള്ള തിരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് അരങ്ങൊരുങ്ങുന്നത്. ഇരുവരും മത്സരിക്കുമെന്ന് വ്യക്തമായതോടെ മണ്ഡലങ്ങലെ കുറിച്ചും വ്യക്തത കൈവന്നു. പിണറായി ധര്‍മ്മടത്തും വി എസ് മലമ്പുഴയിലും മത്സരിക്കുമെന്ന് വ്യക്തമായിക്കഴിഞ്ഞു.

സിപിഎമ്മിന്റെ പൊന്നാപുരം കോട്ടയായ ധര്‍മ്മടത്ത് പിണറായി മത്സരിക്കാന്‍ എത്തുമ്പോള്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമെന്ന് ഉറപ്പിച്ചിരിക്കയാണ് മണ്ഡലത്തിലെ വോട്ടര്‍മാര്‍. ഇവിടെത്തെ നാട്ടുകാര്‍ക്ക് പിണറായി കര്‍ക്കശ്യക്കാരനായ രാഷ്ട്രീയക്കാരനല്ല, മറിച്ച് എന്ത് കാര്യത്തിനും പരിഹാരം കാണുകയും സാധാരണക്കാര്‍ക്കിടയില്‍ ഓടിയെത്തുകയും ച്യെ്യുന്ന വിജയേട്ടാണ്. അതുകൊണ്ട് തന്നെ ജന്മനാട്ടില്‍ അനായാസം തന്നെ പിണറായി വിജയിച്ചു കയറുമെന്നത് ഉറപ്പാണ്. പിണറായിക്കായി നാല് മണ്ഡലങ്ങളാണ് ജില്ലാ കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നത്. ധര്‍മ്മടത്തിനു പുറമെ പയ്യന്നൂര്‍, തലശേരി, കല്യാശേരി എന്നിവയായിരുന്നു ഇവ. എന്നാല്‍ പിണറായി സ്വന്തം ജന്മനാടായ ധര്‍മ്മടത്ത് നിന്നും മത്സരിക്കട്ടെയെന്നാണ് പാര്‍ട്ടി സെക്രട്ടറിയേറ്റിന്റെ തീരുമാനത്തിലേക്ക് പിന്നീട് പാര്‍ട്ടിയെത്തിയത്.

സിപിഎമ്മിന്റെ ചെങ്കോട്ടയായ ഇവിടെ നിന്ന് തന്നെ ജനവിധി നേടാനായിരുന്നു പിണറായിക്കും താത്പര്യമുണ്ടായത്. എന്നാല്‍ മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് താരതമ്യേന ഭൂരിപക്ഷം കുറവായത് നേരിയ ആശങ്കയുമുണ്ടാക്കിയിരുന്നു. എന്നാല്‍ ശക്തനായ സ്ഥാനാര്‍ത്ഥിയായി പിണറായി എത്തുന്നതോടെ അനായാസം വിജയിക്കാമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തുടക്കമിട്ട പാറപ്രം ഉള്‍പ്പെടുന്നതാണ് ധര്‍മടം മണ്ഡലം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലെന്ന് പറയാവുന്ന പ്രദേശം. എടക്കാട് നിയമസഭാ മണ്ഡലം ഇല്ലാതായതിനു ശേഷമാണ് ധര്‍മ്മടം മണ്ഡലത്തിന്റെ പിറവി. എടക്കാടിന്റെ ഭാഗമായിരുന്ന അഞ്ച് പഞ്ചായത്തുകളും തലശേരിയില്‍ നിന്നും കൂത്തുപറമ്പില്‍ നിന്നും മൂന്ന് പഞ്ചായത്തുകളും ചേര്‍ന്ന് രൂപീകരിച്ചപ്പോള്‍ തന്നെ മണ്ഡലത്തിന്റെ മനസ്സ് ഇടത്തോട്ട് തന്നെ ആകുമെന്ന് ഉറപ്പിച്ചിരുന്നു. 2011ല്‍ ആദ്യ തിരഞ്ഞെടുപ്പ് നടന്നതോടെ മണ്ഡലത്തിന്റെ വോട്ടുകണക്കുകള്‍ക്ക് ആധികാരിതയുണ്ടായെന്നു മാത്രം.

പിണറായി, അഞ്ചരക്കണ്ടി, ചെമ്പിലോട്, കടമ്പൂര്‍, മുഴപ്പിലങ്ങാട്, പെരളശേരി, ധര്‍മ്മടം, വേങ്ങാട് എന്നീ പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ധര്‍മ്മടം മണ്ഡലം. ഇതില്‍ പിണറായി തന്നെയാണ് ധര്‍മ്മടത്തെ ചുവപ്പിക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കണക്കനുസരിച്ച് മൂന്നില്‍ രണ്ടു ഭാഗം വോട്ടും ഇവിടെ ഇടതുമുന്നണിക്കായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി. എമ്മിലെ കെ.കെ. നാരായണന്‍ 15162 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ്സിലെ മമ്പറം ദിവാകരനെ പരാജയപ്പെടുത്തിയത്. 1996ല്‍ പയ്യന്നൂര്‍ മണ്ഡലത്തില്‍ നിന്നാണ് പിണറായി തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി, സഹകരണമന്ത്രിയുമായി.

സസ്‌പെന്‍സ് പൊളിച്ചാണ് വി എസ് ഇത്തവണ മലമ്പുഴയിലേക്ക് എത്തുന്നത്. പാവങ്ങളുടെ പടത്തലവന്റെ മണ്ഡലമെന്ന നിലയില്‍ ദേശീയ ശ്രദ്ധ തന്നെയാകും ഈ മണ്ഡലത്തിന്. 93ാം വയസിലാണ് വി എസ് തെരഞ്ഞെടുപ്പ് ഗോദയില്‍ എത്തുന്നത്. അതുകൊണ്ട് തന്നെ വി എസ് വോട്ടുചോദിച്ച് എത്തിയില്ലെങ്കിലും വിജയിപ്പിക്കാന്‍ ഉറപ്പിച്ചാണ് നാട്ടുകാരും. കഴിഞ്ഞ തവണ ഇരുപതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് വി എസ് വിജയിച്ചത്. ഇത്തവണ അത് 30തില്‍ എത്തിക്കാന്‍ ഉറപ്പിച്ചാണ മണ്ഡലത്തിലെ സിപിഐ(എം) പ്രവര്‍ത്തകര്‍.

വി എസ് അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തെ പോളിറ്റ് ബ്യൂറോ നിര്‍ദ്ദേശപ്രകാരം സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളിയതോടെയാണ് വിഎസിന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പായത്. വി.എസിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്ന സെക്രട്ടറിയേറ്റിന് ഒടുവില്‍ പി.ബിയുടെ അന്ത്യശാസനം അനുസരിക്കേണ്ടി വരികയായിരുന്നു. 2011ലേതിന് സമാനമായ സാഹചര്യം രൂപപ്പെടുത്തി വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നുവരരുതെന്നും അനുകൂല സാഹചര്യം ഇല്ലാതാക്കരുതെന്നുമാണ് കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തിന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ ഇതിനെ അവഗണിച്ച് മുന്നോട്ടു പോകാനുള്ള ഔദ്യോഗികനേതൃത്വത്തിന്റെ നീക്കം വി എസ് അനുകൂലികള്‍ പാര്‍ട്ടി സെക്രട്ടറി സീതാറാം യച്ചൂരിയെ അറിയിക്കുകയായിരുന്നു.

തുടര്‍ന്നാണ് പി.ബിയുടെ ഇടപെടല്‍ ഉണ്ടായത്. ഇന്നലെ അദ്ദേഹം കൂടി പങ്കെടുത്ത സെക്രട്ടറിയേറ്റ് യോഗത്തിലാണ് വി.എസിനെയും പിണറായി വിജയനെയും മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. പിണറായി ധര്‍മടത്ത് മത്സരിക്കും. എന്നാല്‍ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ ഇന്നലത്തെ യോഗത്തില്‍ ചര്‍ച്ചയുണ്ടായില്ല. വി.എസിനെ മത്സരിപ്പിക്കണമെന്നും അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം മുന്നണിക്ക് ഗുണം ചെയ്യുമെന്നുമുള്ള പി.ബി തീരുമാനം യച്ചൂരി സെക്രട്ടറിയേറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ഈ തീരുമാനം സെക്രട്ടറിയേറ്റ് ചര്‍ച്ച കൂടാതെ അംഗീകരിക്കുകയായിരുന്നു. പാലക്കാട് ജില്ലാ കമ്മിറ്റി സമര്‍പ്പിച്ച പട്ടികയില്‍ മലമ്പുഴയില്‍ വി.എസിനെ ഒഴിവാക്കി സിഐടി.യു നേതാവ് എ. പ്രഭാകരനെയാണ് സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചിരുന്നത്. സെക്രട്ടറിയേറ്റ് തീരുമാനത്തോടെ പ്രഭാകരന് രണ്ടാം തവണ സ്ഥാനാര്‍ത്ഥിത്വം ലഭിച്ചില്ല.

പിണറായി വിജയന് പുറമെ ഇ.പി. ജയരാജന്‍ (മട്ടന്നൂര്‍), തോമസ് ഐസക് (ആലപ്പുഴ), എ.കെ. ബാലന്‍ (തരൂര്‍), ടി.പി. രാമകൃഷ്ണന്‍ (പേരാമ്പ്ര), എം.എം. മണി (ഉടുമ്പന്‍ചോല) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. കേന്ദ്ര കമ്മിറ്റി അംഗമായ കെ.കെ. ഷൈലജയും മത്സരിക്കും. അതേസമയം സംഘടനാ ഭാരവാഹിത്വം വഹിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളെ മത്സരരംഗത്തുനിന്ന് ഒഴിവാക്കാനും തീരുമാനിച്ചു. ഇതനുസരിച്ച് സിഐടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം, പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ ഇത്തവണയുണ്ടാവില്ല. ജില്ലാ സെക്രട്ടറിമാര്‍, രണ്ടുതവണ മത്സരിച്ചവര്‍ എന്നിവരെ ഒഴിവാക്കണമെന്ന മാര്‍ഗനിര്‍ദ്ദേശത്തില്‍ ഇളവുനല്‍കും. വിജയസാധ്യതയാണ് സ്ഥാനാര്‍ത്ഥിത്വത്തില്‍ മുഖ്യ ഘടകമായി പരിഗണിക്കുക. ഇതനുസരിച്ച് തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, തൃശൂര്‍ ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്‍, എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവ് എന്നിവര്‍ക്ക് ഇളവ് ലഭിച്ചേക്കും. ഇതടക്കമുള്ളവയില്‍ ഞായറാഴ്ച ചേരുന്ന സംസ്ഥാനസമിതിയാവും അന്തിമ തീരുമാനമെടുക്കുക.

എന്തായാലും വിഎസും പിണറായിയും മത്സരിക്കുന്നതോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പരീക്ഷണത്തെ സിപിഐ(എം) അതിജീവിച്ചു. അതുകൊണ്ട് തന്നെ ഇനി തെരഞ്ഞെടുപ്പ് പ്രചരണ രംഗത്താകും സിപിഐ(എം) വെല്ലുവിളി നേരിടേണ്ടി വരിക. വി എസ് തന്നെ പടത്തലവനായി എത്തുന്നതോടെ വിജയിച്ചു കയറാമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. തെരഞ്ഞെടുപ്പില്‍ സിപിഐ(എം) അധികാരത്തിലെത്തിയാല്‍ ആദ്യ ആറുമാസത്തില്‍ കുറയാത്ത സമയം തന്നെ മുഖ്യമന്ത്രിയാക്കണമെന്നാണ് വിഎസിന്റെ ആവശ്യപ്പെട്ടെന്ന വിധത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. തനിക്കൊപ്പമുള്ള പത്ത് പേര്‍ക്ക് നിയമസഭയിലേക്ക് മത്സരിക്കാന്‍ അവസരമൊരുക്കണമെന്നും വി എസ് ആവശ്യപ്പെടുന്നു. ജെ മേഴ്‌സികുട്ടിയമ്മ അടക്കമുള്ളവര്‍ക്ക് ജയിക്കുന്ന സീറ്റുകള്‍ നല്‍കണമെന്നാണ് വി എസ് ആവശ്യപ്പെട്ടതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

Top