ഇനി നീതി ഉറപ്പെന്ന് കോണ്‍ഗ്രസ്..!! തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങള്‍ പുറത്തിറങ്ങി

ലോക് സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തവേ തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങള്‍ പുറത്തിറക്കി കോണ്‍ഗ്രസും ബിജെപിയും. പ്രകടന പത്രിക പുറത്തിറക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് തങ്ങളുടെ മുദ്രാവാക്യവും പുറത്തിറക്കിയിരിക്കുന്നത്. അബ് ഹോഗാ ന്യായ് (ഇനി നീതി ഉറപ്പ്) എന്നതാണ് കോണ്‍ഗ്രസിന്റെ മുദ്രാവാക്യം. തിരഞ്ഞെടുപ്പിലെ പ്രധാനവാഗ്ദാനമായ ‘ന്യായ് പദ്ധതി’ കൂടി ഓര്‍മിപ്പിച്ചാണ് മുദ്രാവാക്യം തയ്യാറാക്കിയിരിക്കുന്നത്.

രാജ്യത്തു വളരുന്ന അനീതിക്കെതിരെ ന്യായം ഉറപ്പാക്കാന്‍ കോണ്‍ഗ്രസിനു വോട്ടു ചെയ്യുവെന്ന ആഹ്വാനമാണു കോണ്‍ഗ്രസ് നല്‍കുന്നത്. ജാവേദ് അക്തര്‍ രചിച്ച തിരഞ്ഞെടുപ്പു പ്രചാരണ ഗാനവും കോണ്‍ഗ്രസ് പുറത്തിറക്കി. നീതിക്കു വേണ്ടിയുള്ള വിലാപം രാജ്യത്ത് ഉയരുന്നു. പാവപ്പെട്ടവന് അതു നിഷേധിക്കപ്പെട്ടിരിക്കുന്നു. ഹൃദയങ്ങള്‍ കീഴടക്കാനാണു തങ്ങളുടെ പ്രചാരണം. പാര്‍ട്ടിയുടെ ന്യായ് പദ്ധതിക്കൊപ്പം രാജ്യത്തെ നാനാവിധ ജനതയുടെയും നീതി ഉറപ്പാക്കുന്നതാണു പ്രചാരണവാക്യമെന്നു പ്രചാരണ സമിതി അധ്യക്ഷന്‍ ആനന്ദ് ശര്‍മയും വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറാണ് ‘മേം ഹി തോ ഹിന്ദുസ്ഥാന്‍ ഹു’ (ഞാനെന്നാല്‍ ഇന്ത്യയാണ്) എന്നു തുടങ്ങുന്ന വിഡിയോ ഗാനമെഴുതിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ‘പിഎം നരേന്ദ്രമോദി’ എന്ന സിനിമയില്‍ താന്‍ ഗാനമെഴുതിയതായി വ്യാജപ്രചാരണം നടന്നതായി ജാവേദ് അക്തര്‍ ആരോപിച്ചിരുന്നു. പോസ്റ്ററിലടക്കം പേരും നല്‍കിയിരുന്നു. ‘കല്‍ ഹോ ന ഹോ’ സിനിമയുടെ സംവിധായകന്‍ നിഖില്‍ അഡ്വാനിയാണു സംവിധായകന്‍. അര്‍ജുന ഹര്‍ജയ് സംഗീതവും തുഷാര്‍ കാന്തി റായ് ദൃശ്യാവിഷ്‌കാരവും നിര്‍വഹിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തരംഗം സമ്മാനിച്ച മുദ്രാവാക്യം പരിഷ്‌കരിച്ച്, വോട്ടുറപ്പാക്കാന്‍ ബിജെപി. നേരത്തേ തന്നെ നിശ്ചയിച്ച ‘ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍’ (വീണ്ടുമൊരിക്കല്‍ കൂടി മോദി സര്‍ക്കാര്‍) ഇന്നലെ ബിജെപി ഔദ്യോഗികമായി പുറത്തിറക്കി. 2014-ല്‍, ‘അബ് കി ബാര്‍ മോദി സര്‍ക്കാര്‍’ (ഇത്തവണ മോദി സര്‍ക്കാര്‍) എന്നതായിരുന്നു ബിജെപിയുടെ ആഹ്വാനം. കഴിഞ്ഞ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ ഉപയോഗിച്ചതും സമാന മുദ്രാവാക്യമായിരുന്നു-ഫിര്‍ ഏക് ബാര്‍ നിതീഷ് കുമാര്‍.

ഡിജിറ്റല്‍ പ്രചാരണത്തില്‍ അല്‍പം നീട്ടി, കമല്‍ കാ ബട്ടണ്‍ ദബായെ ബിജെപി കോ ജീതായെ, ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍ എന്നതാണ് ബിജെപിയുടെ ആവശ്യം. ‘താമര ചിഹ്നത്തില്‍ വോട്ടു ചെയ്ത് ബിജെപിയെ ജയിപ്പിക്കൂ, ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍’എന്നര്‍ഥം. സ്ത്രീശാക്തീകരണം, ഗ്രാമവികസനം, കാര്‍ഷിക പദ്ധതി, ജിഎസ്ടി എന്നിവ നേട്ടമായി ചിത്രീകരിക്കുന്ന ഡിജിറ്റല്‍ പ്രചാരണം, നോട്ടുനിരോധനം, വ്യോമാക്രമണവും എന്നിവ അടങ്ങിയ പ്രചാരണഗാനം, വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍, ചൗക്കിദാര്‍, ഗംഗാ ശുചീകരണം എന്നിവയെക്കറിച്ചുള്ള വെബ്, ടിവി പരസ്യങ്ങള്‍ തുടങ്ങിയവയും പുറത്തിറക്കി.

Top