തങ്ങളെ കോണ്‍ഗ്രസ് ഒന്നാം നമ്പര്‍ ശത്രുവായി കണ്ടെന്ന് കെഎം മാണി

K_M_MANI

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിനെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒന്നാം നമ്പര്‍ ശത്രുവായി കണ്ടെന്ന് കെഎം മാണി. കേരള കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ഉമ്മന്‍ചാണ്ടിയും സംഘവും ശത്രുക്കളെ കൂട്ടുപിടിച്ചെന്നും മാണി ആരോപിക്കുന്നു.

കേരളാ കോണ്‍ഗ്രസിന്റെ വളര്‍ച്ചയെ പലരും സംശയത്തോടെയാണ് നോക്കിക്കണ്ടതെന്നും മാണി വിമര്‍ശിച്ചു. തത്കാലം ഒരു മുന്നണിയിലേക്കും ഇല്ലെന്ന് മാണി അഭിപ്രായപ്പെട്ടു.

കേരളാ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശത്രുക്കള്‍ക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് ഗൂഢാലോചന നടത്തിയെന്ന് മാണി കുറ്റപ്പെടുത്തി. കഴിഞ്ഞ 30 വര്‍ഷത്തെ യുഡിഎഫിന്റെ വളര്‍ച്ചയില്‍ നിര്‍ണായക സംഭവന നല്‍കിയ പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്. ആ പാര്‍ട്ടിയെ ഒറ്റപ്പെടുത്തുന്നതിനും അധിക്ഷേപിക്കുന്നതിനും ശത്രുക്കളോട് ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയത്. കേരളാ കോണ്‍ഗ്രസ് നല്‍കിയ വിശ്വാസം തിരിച്ച് കിട്ടിയില്ലെന്നും മാണി കുറ്റപ്പെടുത്തി.

യുഡിഎഫില്‍ ഭദ്രത ഇല്ലെന്ന് കണ്ടതിനാലാണ് മുന്നണി വിട്ടതെന്ന് മാണി അഭിപ്രായപ്പെട്ടു. യുഡിഎഫില്‍ പരസ്പര സ്നേഹവും വിശ്വാസവും ഇല്ല. സ്വന്തം വീട്ടില്‍ ഭദ്രത ഇല്ലെങ്കില്‍ നില്‍ക്കാന്‍ പറ്റില്ല. അതിനാല്‍ വീടുവിട്ടറങ്ങി. സന്തോഷത്തോടെയല്ല അങ്ങേയറ്റം ദുഖത്തോടെയാണ് തീരുമാനം എടുത്തത്. ഇതല്ലാതെ മറ്റ് മാര്‍ഗ്ഗം ഇല്ലായിരുന്നു. മാണി പറഞ്ഞു. മുന്നണി വിടാനുള്ള തീരുമാനം പാര്‍ട്ടി ഒറ്റക്കെട്ടായാണ് എടുത്തതെന്നും മാണി വ്യക്തമാക്കി. അന്ന് യുഡിഎഫ് രൂപീകരിക്കാനും ഇന്ന് മുന്നണി വിടാനും എടുത്ത തീരുമാനം ശരിയായിരുന്നു. മാണി പറഞ്ഞു.

മുന്നണിവിട്ട തങ്ങള്‍ ഒറ്റയ്ക്ക് നിന്ന് ശക്തിതെളിയിക്കുമെന്ന് മാണി വ്യക്തമാക്കി. കേരള രാഷ്ട്രീയത്തില്‍ ഒറ്റയ്ക്ക് നിന്ന് പ്രവര്‍ത്തിക്കും. അതിന് തങ്ങള്‍ക്ക് പേടിയില്ല. നേരത്തെ തന്നെ ഒറ്റയ്ക്ക് നിന്ന് ശക്തി തെളിയിച്ച പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്. 1965 ലും 71 ലും അത് കണ്ടതാണ്. ഒരാളോടും കൂടാനില്ല. തങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കും.

സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്ന് തീരുമാനിച്ച തങ്ങള്‍ എങ്ങോട്ട് പോകുന്നു എന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തുന്നത് രാഷ്ട്രീയ മാന്യതയ്ക്ക് നിരക്കുന്നതല്ലെന്ന് മാണി ചൂണ്ടിക്കാട്ടി. എന്‍ഡിഎയിലേക്ക് പോകുന്ന കാര്യം അജണ്ടയില്‍ ഇല്ലെന്ന് മാണി വ്യക്തമാക്കി. അവരുമായി കൂട്ടുകൂടുന്ന കാര്യം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല.

മുന്നണി വിട്ടതോടെ കേരളാ കോണ്‍ഗ്രസിന് എതിരാളികളും ജോലിയും വര്‍ധിച്ചെന്ന് മാണി പറഞ്ഞു. അഭിമാനമുള്ള പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്. മുന്നണിയില്‍ തങ്ങള്‍ പരാതികള്‍ ബോധിപ്പിച്ചില്ല എന്ന് പറയുന്നത് സത്യമല്ല. പറയേണ്ട സന്ദര്‍ഭങ്ങളില്‍ പറയേണ്ട സ്ഥലങ്ങളില്‍ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പൊതുവഴിയില്‍ വിഴുപ്പലക്കുന്ന പണി തങ്ങള്‍ക്കില്ല. വഴിനീളെ പരാതി പറഞ്ഞ് നടന്നില്ല എന്നത് തങ്ങളുടെ മാന്യതയാണ്, ദൗര്‍ബല്യം അല്ല.

Top