വീരന് രാജ്യസഭാ സീറ്റുമായി കോണ്‍ഗ്രസ് ,കൂടെ കൂട്ടാന്‍ പിണറായി ഇനി എന്തു നല്‍കും ?

തിരുവനന്തപുരം: എം.പി വീരേന്ദ്രകുമാറിനെ കൂടെ കൂട്ടാന്‍ പിണറായിയും സി.പി.എമ്മും കിണഞ്ഞു ശ്രമിക്കുന്നതിനിടെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് തന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങി. ഇടഞ്ഞു നില്‍ക്കുന്ന ജനതാദള്‍ വിട്ടുപോയാല്‍ അതു തെരഞ്ഞെടുപ്പില്‍ വലിയ ക്ഷീണം ഉണ്ടാക്കുമെന്ന് കരുതുന്ന നേതൃത്വം അതു ഒഴിവാക്കാനുള്ള ശ്രമം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം വിരേന്ദ്രകുമാറിനെ കണ്ട രമേശ് ചെന്നിത്തലയും വി.എം സുധീരനും ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലൊന്ന് വീരേന്ദ്രകുമാറിന് നല്‍കാമെന്ന ഉറപ്പ് നല്‍കിയിട്ടുണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ .

എന്നാല്‍ രാജ്യസഭാ സീറ്റു മാത്രം പോരെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് വേണമെന്നും അതു വിജയിക്കുമെന്ന് ഉറപ്പുള്ള സീറ്റു തന്നെ വേണമെന്ന ശക്തമായ നിലപാടാണ് വിരേന്ദ്രകുമാര്‍ സ്വീകരിച്ചത്. കഴിഞ്ഞ തവണത്തെപ്പോലെ തോല്‍ക്കുന്ന സീറ്റു നല്‍കി ഒതുക്കാനുള്ള ശ്രമമാണെങ്കില്‍ അതിനു വഴങ്ങാന്‍ ബുദ്ധിമുട്ടാണെന്ന സന്ദേശമാണ് നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നും പാലക്കാട് തോല്‍വിയെക്കുറിച്ചുള്ള അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ചയ്‌ക്കെടുക്കാമെന്നും നടപടി സ്വീകരിക്കാമെന്ന ഉറപ്പും ചെന്നിത്തലയും സുധീരനും കൈമാറിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ചര്‍ച്ചയില്‍ ആശവഹമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് ജനതാദള്‍ നേതൃത്വം നല്‍കുന്നത്. രാജ്യസഭാ സീറ്റ് നരത്തെ തന്നെ പലതവണ വാഗ്ദാനം ചെയ്തതാണ്. എന്നാല്‍ ഓരോതവണയും അതു ലംഘിക്കുകയാണ് ചെയ്തിരിക്കുന്നത്.ഇത്തവണയും വാഗ്ദാനത്തില്‍ വീഴേണ്ടെന്നാണ് ജനതാദളില്‍ ഉണ്ടായിരിക്കുന്ന ഭൂരിപക്ഷാഭിപ്രായം. ജനതദള്‍ വിട്ടു പോകാതിരിക്കാന്‍ വീരനുമായി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തേയും ഇതില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. എ.കെ ആന്റണിയെ ഇക്കാര്യം സംസ്ഥാന നേതൃത്വം ഈ ആവശ്യം അറിയിച്ചിട്ടുണ്ട്. വീരനുമായി സംസാരിക്കാമെന്ന് ആന്റണി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ജനതാദള്‍ വിട്ടുപോകുന്ന സാഹചര്യം ഒരു തരത്തിലും സൃഷ്ടിക്കരുതെന്ന നിര്‍ദ്ദേശം തന്നെയാണ് ആന്റണിയും സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. ജനാദളിനെപ്പോലെ തന്നെയാണ് മറ്റു കക്ഷികളൊന്നും യു.ഡി.എഫ് വിടാതിരിക്കാനുള്ള നീക്കങ്ങള്‍ നേതൃത്വം നടത്തുന്നുണ്ട്. സീറ്റുള്‍പ്പടെയുളള കാര്യങ്ങളില്‍ കൂടുതല്‍ നീക്കുപോക്കും ഇതുകൊണ്ടു തന്നെ ഉണ്ടാകാനിടയുണ്ട്. തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഈമാസം 22ന് എറണാകുളത്ത് കോ ണ്‍ഗ്രസ് നേതൃയോ ഗം വിളിച്ചിട്ടുണ്ട്.

കെ.പി.സി.സി അംഗങ്ങള്‍, ഡി.സി. സി പ്രസിഡന്റുമാര്‍, മന്ത്രിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. പ്രധാന നേതാക്കളോടൊല്ലാം 22ന് രാത്രി കൊച്ചിലെത്താന്‍ കെ.പി.സി.സി പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനതദളിന്റെ മനംമാറ്റം അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. തെരഞ്ഞെടുപ്പ് പ്രകടപത്രികയിലുള്‍പ്പെടുത്തേണ്ട നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നുവരാനിടയുണ്ട്. മറ്റു കക്ഷികളെ കൂടെ നിര്‍ത്താനുള്ള തന്ത്രങ്ങളെക്കുറിച്ചും ചര്‍ച്ചയുണ്ടാകും.
എം.പി. വീരേന്ദ്രകുമാറുമായി ശത്രുതയില്ളെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. വ്യക്തിപരമായി വിയോജിപ്പില്ല. ഉള്ളത് രാഷ്ട്രീയമായി മാത്രം. അഭിപ്രായങ്ങള്‍ വിദ്വേഷമായി മാറിയിട്ടില്ല.

എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫില്‍ പോയപ്പോള്‍ വിമര്‍ശിച്ചത് സ്വാഭാവികമാണ്. കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും തമ്മില്‍ യോജിപ്പും വിയോജിപ്പും ഉണ്ടായിട്ടുണ്ട്. നാളെ ഒരുമിച്ച് പോകുന്നതിന് ഇതു തടസ്സവുമല്ല. വീരേന്ദ്രകുമാര്‍ രചിച്ച ‘ഇരുള്‍ പരക്കുന്ന കാലം’ പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു പിണറായി. സോഷ്യലിസ്റ്റുകളുടെ സ്വാഭാവിക സ്ഥാനം ഇടതുപക്ഷത്താണ്. ജനം ആഗ്രഹിക്കുന്നതും അതാണ്. ജനം ആഗ്രഹിക്കുന്നിടത്തേക്ക് എത്താനുള്ള പുനരാലോചനയാണ് വേണ്ടത്. തങ്ങള്‍ തമ്മിലെ ബന്ധം മാധ്യമപ്രവര്‍ത്തകരുടെ ധാരണാപിശകാണ്. ശത്രുവിന്‍െറ പുസ്തകം ശത്രു പ്രകാശനം ചെയ്യുന്നുവെന്ന തരത്തിലാണ് മാധ്യമങ്ങള്‍ അതു കണ്ടത്. അനുകൂലിച്ചപ്പോഴും എതിര്‍ത്തപ്പോഴും വീരേന്ദ്രകുമാറിന് അര്‍ഹമായ ആദരം നല്‍കി. ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഉത്കണ്ഠപ്പെടുന്ന മനസ്സാണ് അദ്ദേഹത്തിന്‍േറത്. ആഗോളീകരണത്തിനെതിരെയും വര്‍ഗീയതക്കെതിരെയും അദ്ദേഹം ധീര നിലപാടെടുത്തു. വര്‍ഗീയതക്കെതിരെ സോഷ്യലിസ്റ്റുകള്‍ കോണ്‍ഗ്രസിനൊപ്പമല്ല നില്‍ക്കേണ്ടത്. അടിയന്തരാവസ്ഥയില്‍ വീരേന്ദ്രകുമാറുമൊന്നിച്ച് 18 മാസത്തോളം ജയിലില്‍ കഴിഞ്ഞതും പിണറായി അനുസ്മരിച്ചു.

വിശ്വാസത്തിന്‍െറ അടിസ്ഥാനത്തിലാണ് ഒന്നിച്ചുനിന്നതെന്നും തന്‍െറ പുസ്തകം പിണറായി പ്രകാശനം ചെയ്യുന്നതില്‍ അദ്ഭുതപ്പെടാനില്ളെന്നും വീരേന്ദ്രകുമാര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. തങ്ങള്‍ രാഷ്ട്രീയമായി അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞിട്ടുണ്ടാകും. വര്‍ഗീയതക്കെതിരെ ചില യോജിപ്പുകള്‍ ആവശ്യമാണ്. അതിനു മുന്നണികള്‍ പ്രശ്നമല്ല. വര്‍ഗീയതക്കെതിരായ പിണറായിയുടെ ശബ്ദം ഇപ്പോള്‍ കൂടുതള്‍ ശ്രദ്ധിക്കുന്നുണ്ട്. പോരാട്ടങ്ങളില്‍നിന്ന് സോഷ്യലിസ്റ്റുകള്‍ക്ക് മാറിനില്‍ക്കാനാകില്ല. പിണറായിയോട് വ്യക്തിപരമായ ബഹുമാനമുണ്ട്. പോരാട്ടങ്ങളില്‍ കൈകോര്‍ക്കേണ്ടിവരുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. പിണറായിയും വീരേന്ദ്രകുമാറും വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരേവേദിയില്‍ എത്തിയത്. ചിന്ത പബ്ളിഷേഴ്സ് ചീഫ് എഡിറ്റര്‍ സി.പി. അബൂബക്കര്‍ അധ്യക്ഷതവഹിച്ചു. മാധ്യമപ്രവര്‍ത്തകന്‍ എം.ജി. രാധാകൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങി. ടി.എന്‍. സീമ എം.പി, ഉണ്ണി ആര്‍. എന്നിവര്‍ സംസാരിച്ചു.

Top