തെഹ്റാന്‍: ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ചരക്ക് കപ്പലിനുനേരെയുണ്ടായ ഇറാനിയന്‍ ഡ്രോണ്‍ ആക്രമണത്തിന് മറുപടിയായി ഇറാന്റെ മിസൈല്‍, ഡ്രോണ്‍ സംഭരണശാലകള്‍ക്കും തീരദേശ റഡാര്‍ കേന്ദ്രങ്ങള്‍ക്കും നേരെ അമേരിക്കന്‍ സൈന്യം ആക്രമണം നടത്തി.
വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെ ഉണ്ടായ ഈ സംഭവം മിഡില്‍ ഈസ്റ്റിലെ യുദ്ധസമാനമായ അന്തരീക്ഷം വീണ്ടും രൂക്ഷമാക്കിയിരിക്കുകയാണ്. ഇറാനിലെ സിറിക് പ്രവിശ്യയില്‍ തഹേറോയേ പിയറിന് സമീപം ശക്തമായ സ്‌ഫോടനം നടന്നതായി ഇറാനിയന്‍ സര്‍ക്കാര്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒരു പ്രൊജക്ടൈല്‍ പതിച്ചാണ് സ്‌ഫോടനമുണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഇറാന്റെ നടപടി അങ്ങേയറ്റം വിഡ്ഢിത്തമാണെന്നും വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു.
ഫെബ്രുവരി 28-ന് തുടങ്ങിയ യുഎസ്-ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് ശേഷം നടന്നുകൊണ്ടിരിക്കുന്ന സമാധാന ചര്‍ച്ചകള്‍ക്കിടയിലാണ് പുതിയ സംഘര്‍ഷം ഉടലെടുത്തിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് വഴി അനുമതിയില്ലാതെ കപ്പലുകള്‍ പ്രവേശിക്കരുതെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും കപ്പലുകള്‍ യാത്ര തുടരുകയാണ്.
ഒമാന്‍ തീരം വഴി അനധികൃതമായി ചില കപ്പലുകള്‍ സഞ്ചരിക്കുന്നതായി ‘കെപ്ലര്‍’ ട്രാക്കിംഗ് പ്ലാറ്റ്ഫോം ചൂണ്ടിക്കാട്ടി. യുഎന്‍ മാരിടൈം ഏജന്‍സിയുടെ നേതൃത്വത്തില്‍ നടന്ന ഒഴിപ്പിക്കല്‍ നടപടികള്‍ പുതിയ ആക്രമണത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചു.
എങ്കിലും, ആഗോള എണ്ണ-വാതക കയറ്റുമതിയുടെ അഞ്ചിലൊന്ന് നടക്കുന്ന ഈ പാതയിലൂടെയുള്ള ഗതാഗതം വൈകാതെ പുനഃസ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷയില്‍ എണ്ണവിലയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. അതേസമയം, ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാനുള്ള പുതിയൊരു കരാറില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ ഒപ്പുവെച്ചു.


