കേരളത്തിലെ തുറമുഖ വികസനത്തിനുള്ള പദ്ധതികള്‍ക്ക് കേന്ദ്രത്തിന്റെ അംഗീകാരം.
സാഗര്‍മാല പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആറ് ഫ്ലോട്ടിങ് ജെട്ടികള്‍ സ്ഥാപിക്കും.
തൃശൂരിലെ ചേറ്റുവ, കോഴിക്കോട് ജില്ലയിലെ ചാലിയം, കൊയിലാണ്ടി, വെള്ളയില്‍, മലപ്പുറം ജില്ലയിലെ താനൂര്‍, പൊന്നാനി എന്നിവിടങ്ങളിലാണിവ. കോടിക്കണക്കിനു രൂപയുടെ പദ്ധതികളാണിവ.
ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ സാഗര്‍മാല അപ്പക്സ് കമ്മിറ്റി യോഗത്തിലാണ് പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചത്.
ഈ വര്‍ഷം ഡിസംബറോടെ വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഈ പ്രദേശത്തു രൂപപ്പെടുന്ന മാരിടൈം ക്ലസ്റ്ററിന്റെ ഭാഗമായി സാഗര്‍മാലയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. കൊല്ലം, പൊന്നാനി തുറമുഖങ്ങള്‍, ആലപ്പുഴ ബീച്ച് എന്നീ വികസന പദ്ധതികളുടെ ഡിപിആറും യോഗത്തില്‍ സമര്‍പ്പിച്ചെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ യോഗത്തിനു ശേഷം അറിയിച്ചു.
ഭാരത് മാല പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞത്തെ ഔട്ട്ഡോര്‍ ഇടനാഴിക്ക് 2039 കോടിയുടെ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്കി. വിഴിഞ്ഞം തുറമുഖത്തിന്റെ റെയില്‍വെ കണക്ടിവിറ്റിക്കായി 1050 കോടിയുടെ പദ്ധതിക്ക് റെയില്‍വെ മന്ത്രാലയം അംഗീകാരം നല്കി. വിഴിഞ്ഞത്തെ ഹൈവേ ജങ്ഷന്‍ വികസനം ദേശീയപാതാ അതോറിറ്റി ഏറ്റെടുത്തു നടത്താനും തീരുമാനമായി.
ബേപ്പൂര്‍ തുറമുഖ വികസനത്തിന് ക്യാപിറ്റല്‍ ഡ്രഡ്ജിങ് നിലവിലെ 3.5 മീറ്ററില്‍ നിന്ന് ആറു മീറ്ററാക്കുന്നതിന് 70 കോടി, തുറമുഖ റോഡ് കണക്ടിവിറ്റിക്ക് 261 കോടി, റെയില്‍ കണക്ടിവിറ്റിക്ക് 155 കോടി, പുതിയ വാര്‍ഫിന് 70 കോടി എന്നീ പദ്ധതികളുടെ ഡിപിആര്‍ ഇന്നലെ യോഗത്തില്‍ സമര്‍പ്പിച്ചു.