കോട്ടയം : ജില്ലാ ആയൂർവേദ ആശുപത്രിയിൽ കൊവിഡ് രോഗികൾക്കായി കോവിഡ് വാർ റൂം സജ്ജമാക്കി. കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനത്തിൽ ജില്ലയ്ക്ക് ആശ്വാസമാകുന്ന കോവിഡ് വാർ റൂമിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവ്വഹിച്ചു.
ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ പി.എസ് പുഷ്പമണിയുടെ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജു സുജിത്ത്, ആയൂർവേദ ഡി.എം.ഒ. ഡോ. സി.ജയശ്രീ., ആശുപത്രി സി.എം.ഒ. ആർ.വി. അജിത്ത്, ഡിഎസി.ആർ.സി കൺവീനർ ഡോ.ജുവൽ ജോസ് തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിലെ 71 പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമായി 80 ആയുർവേദ ഡിസ്‌പെൻസറി വഴി കോവിഡാനന്തര ചികിത്സ നൽകുന്നതാണ് പദ്ധതിയുടെ ഉദ്ദേശം. കോവിഡ് വന്നവർക്കുള്ള ഔഷധം നൽകുന്ന ഭൈഷജ്യം പദ്ധതിയും, കോവിഡ് വന്നു പോയവർക്കുള്ള ഔഷധങ്ങൾ നൽകുന്ന പുനർജനി പദ്ധതിയും വോളന്റിയർമാർ വഴിയും ആർ.ടി.ടി വഴിയും എത്തിച്ചുകൊടുക്കുന്നു.
ഓരോ ദിവസവും ലഭിക്കുന്ന 50 പേരോളം വരുന്ന ലിസ്റ്റിൽ നിന്നും ആയുർവേദ ഔഷധം കഴിക്കാൻ താൽപര്യമുള്ളവരെ ഫോണിലൂടെ ബന്ധപെട്ട് നിർദ്ദേശങ്ങൾ നൽകിയാണ് ഔഷധങ്ങൾ നൽകുക. അതിനായി 10 പേരു അടങ്ങിയ ടീം എപ്പോഴും തയ്യാറായി വാർ റൂമിൽ ഉണ്ടാകുമെന്നും പ്രസിഡന്റ് നിർമ്മല ജിമ്മി അറിയിച്ചു.
കൊവിഡിന്റെ രണ്ടാം ഘട്ട വ്യാപനത്തിൽ വ്യാപനം തടയാനും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറക്കുന്നതിനും കോവിഡാനന്തരം വിവിധ മാനസിക ബുദ്ധിമുട്ട് നേരിടുന്നവർക്ക് കൗൺസിലിങ് നൽകാനും ഇത് വഴി സാധിക്കും.