പാലക്കാട്.പാമ്പാടി നെഹ്‌റു കോളേജിൽ ആത്മഹത്യ ചെയ്ത വിഷ്ണു പ്രയോയിയുടെ വാട്‌സ്ആപ്പ് സന്ദേശങ്ങളും പരീക്ഷ മാറ്റി വെക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണു വിദ്യാഭ്യാസ മന്ത്രിക്ക് അയച്ച കത്തും പുറത്തായി.ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ ഒരു പരീക്ഷ ഡിസംബർ രണ്ടിനു നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇത് ക്രിസ്മസിനുശേഷമേ നടത്തുകയുള്ളൂവെന്ന് പിന്നീട് അറിയിച്ചു. തുടർന്ന് ഹോസ്റ്റലിലുള്ള വിദ്യാർഥികൾ വീടുകളിലേക്കു പോയി. അതിനിടെ പരീക്ഷ ഡിസംബർ 13ന് നടത്തുമെന്ന് വീണ്ടും അറിയിക്കുകയായിരുന്നു. ഇതിനെതിരെ ജിഷ്ണു രംഗത്തെത്തുകയായിരുന്നു.
കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണു വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചിരുന്നതായി വ്യക്തമാക്കുന്നതാണ് സന്ദേശങ്ങള്‍. പഠിക്കാന്‍ സമയം ലഭിക്കാത്തതിനാലാണ് പരീക്ഷ മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടത്. ഇതിനായി വിദ്യാര്‍ത്ഥികളോട് സമരത്തിനിറങ്ങാന്‍ ആഹ്വാനം ചെയ്താണ് ജിഷ്ണു വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ നല്‍കിയിരുന്നത്. വിദ്യാഭ്യാസ മന്ത്രിക്കും യൂണിവേഴ്‌സിറ്റി അധികൃതര്‍ക്കും പരീക്ഷ മാറ്റിവെക്കാന്‍ ആവശ്യപ്പെട്ട് ജിഷ്ണു എഴുതിയ കത്തുകളുടെ കോപ്പിയും വോയ്‌സ് സന്ദേശവുമാണ് വാട്‌സ് ആപ്പിലൂടെ കൈമാറിയിരുന്നത്.ഇതെല്ലാം ജിഷ്ണുവിനോട് മാനേജ്‌മെന്റിന് അതൃപ്തിക്കിടയാക്കിയതാണ് നിഗമനം.
ജിഷ്ണുവിന്റെ ഫോണില്‍ നിന്ന് നഷ്ടപ്പെട്ടുപോയ സന്ദേശങ്ങള്‍ പോലീസ് തിരിച്ചെടുക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. പരീക്ഷ മാറ്റിവെച്ചതിനെ ജിഷ്ണു ചോദ്യം ചെയ്തിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ നേരത്തെ മൊഴി നല്‍കിയിരുന്നെങ്കിലും ആവശ്യമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഫോണില്‍ നിന്ന് തിരിച്ചെടുത്ത സന്ദേശങ്ങള്‍ കേസില്‍ നിര്‍ണ്ണായകമാകും.
ജിഷ്ണുവിനോട് വൈരാഗ്യബുദ്ധിയോടെയാണ് മാനേജ്മെന്റ് പെരുമാറിയതെന്ന് നേരത്തെയും ആരോപണമുയർന്നിരുന്നു. കോപ്പിയടിക്കാത്ത ജിഷ്ണുവിനെ മനപൂർവം കുടുക്കുകയായിരുന്നുവെന്നാണ് ആരോപണം.