പരീക്ഷാച്ചൂട് അവസാനിക്കുമ്ബോള്‍ കുടുംബസമേതമൊരു യാത്ര പോകാന്‍ ആഗ്രഹിക്കുന്നവരാണ് മലയാളികള്‍. പതിവില്‍ നിന്ന് വ്യത്യസ്തമായി കപ്പലിലേറി കടല്‍ കാണാന്‍ പോയാലോ?
പുറം കടലിലേയ്ക്ക് 2 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കപ്പല്‍ യാത്രയ്ക്ക് അവസരമൊരുക്കുകയാണ് കേരള സര്‍ക്കാറിന്റെ കീഴിലുള്ള കേരളാ ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍. കൊച്ചി മറൈന്‍ ഡ്രൈവില്‍ നിന്ന് തുടങ്ങുന്ന സാഗരറാണി കപ്പല്‍ 10 കിലോമീറ്റര്‍ വരെ പുറംകടലിലേക്ക് പോകും.
കടലിന്റെ സൗന്ദര്യം നുകര്‍ന്ന് ബോള്‍ഗാട്ടി പാലസ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, കണ്‍ടെയ്നര്‍ ടണല്‍, മട്ടാഞ്ചേരി, വൈപ്പിന്‍, ഫോര്‍ട്ട് കൊച്ചി തുടങ്ങി കൊച്ചിയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളും ഈ യാത്രയില്‍ കാണാം. ഭാഗ്യമുണ്ടെങ്കില്‍ ഡോള്‍ഫിനുകളെയും കാണാമെന്ന് സാഗരറാണി അധികൃതര്‍ പറയുന്നു. ഒറ്റയ്ക്കും 50 പേരുള്ള സംഘമായിട്ടും യാത്ര ചെയ്യാം. കേരളത്തിന് പുറമെ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികളും സാഗരറാണിയില്‍ സഞ്ചരിക്കാനെത്തുന്നുണ്ട്. കടല്‍ കണ്ടവരെല്ലാം കണ്ടത് തീരവും, തിരയുമാണെന്ന് പറയുന്നിടത്ത് അതിന് വിപരീതമായി കടല്‍ കാണാനുള്ള അവസരമാണ് ലഭിക്കുന്നതെന്ന് യാത്ര കഴിഞ്ഞെത്തുന്നവര്‍ പറയുന്നു.
പ്രവര്‍ത്തി ദിവസങ്ങളില്‍ 350, അവധി ദിനങ്ങളില്‍ 400 എന്നിങ്ങനെയാണ് ഒരാളുടെ ടിക്കറ്റ് നിരക്ക്. ഓണ്‍ലൈണ്‍ ബുക്കിങ് സൗകര്യമുണ്ട്. രാവിലെ 9 മണിക്കും, 11 മണിക്കും, ഉച്ചയ്ക്ക് 2.30 നും, വൈകിട്ട് 5.30 നുമാണ് യാത്ര. ലഘു ഭക്ഷണവും യാത്രയ്ക്കിടയില്‍ ലഭിക്കും. 50 പേരുള്ള സംഘത്തിന് വ്യത്യസ്ത പാക്കേജുകളും നിലവിലുണ്ട്.