ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ക്ക് മെസി ഒരു വികാരമാണ്. ഇടംകാലില്‍ പന്തുമായി അയാള്‍ കോടിക്കണക്കിന് ഹൃയങ്ങളിലേക്ക് ഓടികയറി. കാല്‍പന്തിനുമപ്പുറം മെസി എന്ന പേര് വാഴ്ത്തപ്പെടാന്‍ മറ്റൊരു കാരണം അയാള്‍ തന്റെ ആരാധകരോട് കാണിക്കുന്ന സ്‌നേഹവും സൗഹൃദവുമാണ്. നൈജീരിയക്കെതിരായ നിര്‍ണായക മത്സരത്തില്‍ ഒരു ഗോള്‍ നേടി ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലേക്ക് അര്‍ജന്റീനയെയും തോളിലേറ്റി മെസി യാത്ര ചെയ്യുകയാണ്. അതിനിടയിലാണ് വൈകാരികമായ ചില രംഗങ്ങള്‍ക്ക് കാല്‍പന്ത് ആരാധകര്‍ സാക്ഷ്യം വഹിച്ചത്.
സംഭവം ഇതാണ്:
16-06-2018 – ലോകകപ്പില്‍ ഐസ്‌ലാന്‍ഡുമായുള്ള അര്‍ജന്റീനയുടെ ആദ്യ മത്സരം. മത്സരം സമനിലയില്‍ പിരിഞ്ഞു. അര്‍ജന്റീന ക്യാമ്പ് നിരാശപ്പെട്ടു, മെസിയും. മത്സരം കഴിഞ്ഞ് മടങ്ങവേ അര്‍ജന്റീന റിപ്പോര്‍ട്ടര്‍ മെസിയെ സമീപിച്ച് ഇങ്ങനെ പറഞ്ഞു: “എന്റെ അമ്മ എന്നെ സ്‌നേഹിക്കുന്നതിനേക്കാള്‍ അധികം നിങ്ങളെയാണ് സ്‌നേഹിക്കുന്നത്. ആ അമ്മ എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് ഒരു റിബണ്‍ സമ്മാനമായി തന്നു. ആ റിബണ്‍ ഒരു ഭാഗ്യ റിബണായാണ് ഞാന്‍ കാണുന്നത്. നിങ്ങള്‍ക്ക് വിരോധമില്ലെങ്കില്‍ എന്റെ അമ്മയ്ക്ക് വേണ്ടിയും എനിക്ക് വേണ്ടിയും നിങ്ങളീ റിബണ്‍ സ്വീകരിക്കണം”.
ചെറുതായി പുഞ്ചിരിച്ചുകൊണ്ട് ആ റിബണ്‍ മെസി മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് വാങ്ങിക്കുന്നു.
26-06-2018 – പത്ത് ദിവസങ്ങള്‍ക്ക് ശേഷം. അതായത്, നൈജീരിയയെ പരാജയപ്പെടുത്തി അര്‍ജന്റീന പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ച ദിവസം. അന്ന് ആ മാധ്യമപ്രവര്‍ത്തകന്‍ വീണ്ടും മെസിയുടെ അരികില്‍ എത്തി ഇങ്ങനെ പറഞ്ഞു: “നിങ്ങള്‍ക്ക് എന്നെ ഓര്‍മ്മയുണ്ടോ എന്നറിയില്ല. എന്റെ അമ്മ തന്ന ഒരു റിബണ്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ നിങ്ങള്‍ക്ക് തന്നിരുന്നു”…മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞ് തീര്‍ക്കും മുന്‍പേ മെസി തന്റെ ഇടംകാല്‍ നീട്ടി “ഇങ്ങോട്ട് നോക്കൂ” എന്ന് അയാളോട് പറഞ്ഞു. ശേഷം തന്റെ ഇടംകാലിലെ സോക്‌സ് നീക്കി മെസി ആ റിബണ്‍ കെട്ടിയിരിക്കുന്നത് കാണിച്ചുകൊടുത്തു. മാധ്യമപ്രവര്‍ത്തകന്‍ സ്തബ്ധനായി നിന്നു. “നൈജീരിയക്കെതിരെ താങ്കള്‍ നേടിയ ഗോള്‍ റിബണ്‍ കെട്ടിയ ഇടംകാലുകൊണ്ടായിരുന്നോ” എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന് അടുത്തതായി അറിയേണ്ടിയിരുന്നത്. എന്നാല്‍, മെസി പറഞ്ഞു, ‘ആ ഗോള്‍ നേടിയത് വലതുകാല്‍ കൊണ്ടാണെന്ന്’. മാധ്യമപ്രവര്‍ത്തകന്‍ നിരാശപ്പെട്ടില്ല. അയാള്‍ ക്യാമറയില്‍ നോക്കി സന്തോഷത്തോടെ പറഞ്ഞു: “അമ്മേ, മെസി ആ റിബണ്‍ ധരിച്ചിരിക്കുന്നു…ദൈവത്തിന് നന്ദി!!!”