ഗാസിയാബാദ്: വീടിന് പുറത്ത് കൈകഴുകാനിറങ്ങിയ പെണ്‍കുട്ടിയെ ദിവസങ്ങള്‍ക്കു ശേഷം മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അഞ്ചു മാസത്തിനു ശേഷം പ്രതികള്‍ പിടിയില്‍. പെണ്‍കുട്ടിയുടെ കാമുകനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കൊലപാതക സംഘത്തെ പുറത്തുകൊണ്ടുവന്നത്. വിവാഹം കഴിക്കണമെന്ന് സമ്മര്‍ദ്ദം ചെലുത്തിയതോടെ പെണ്‍കുട്ടിയെ 21കാരനായ കാമുകനും പിതാവും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തില്‍ കാമുകനായ സുമിത് കുമാര്‍ (21), പിതാവ് രമേശ് (60), സുമിത്തിന്റെ സുഹൃത്തുക്കളായ ആരിഫ് (21), രാജീവ് (26), ഡ്രൈവറായ സോനു (26) എന്നിവരാണ് അറസ്റ്റിലായത്. സോനുവിന്റെ സിഫ്ട് കാറിലാണ് പെണ്‍കുട്ടിയെ കാലപ്പെടുത്തുന്നതിനായി മീററ്റിലേക്ക് വിളിച്ചുകൊണ്ടുവന്നത്.
15കാരിയായ പെണ്‍കുട്ടി വിവാഹത്തിന് നിര്‍ബന്ധിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് സുമിത് പോലീസിനോട് സമ്മതിച്ചു. പെണ്‍കുട്ടിക്ക് മറ്റു പല ആണ്‍കുട്ടികളുമായി ബന്ധമുണ്ടെന്നു തനിക്ക് സംശയമുണ്ടെന്നും ഇയാള്‍ പറഞ്ഞു. 2017 ഡിസംബര്‍ 26ന് പെണ്‍കുട്ടിയെ കാണാതായതിനു പിന്നാലെ സുമിതിനെയും സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇവരില്‍ നിന്നും യാതൊരു സൂചനയും ലഭിക്കാതെ വന്നതോടെ വിട്ടയക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് സുമിത് വിവരിക്കുന്നത് ഇങ്ങനെ: മോഡി നഗറില്‍ സലൂണ്‍ നടത്തുന്ന താന്‍ 2017 നവംബറില്‍ ഒരു വിവാഹ ചടങ്ങില്‍ വച്ചാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് ഈ ബന്ധം വളര്‍ന്നു. അവള്‍ക്ക് ഒരു മൊബൈല്‍ ഫോണും താന്‍ വാങ്ങിനല്‍കി. ഇത് അവളുടെ അമ്മ കണ്ടതോടെ അവളുമായി വഴക്കിട്ടു. അവള്‍ വീട്ടില്‍ ഇറങ്ങിപ്പോയി. എന്നാല്‍ പ്രശ്നം പരിഹരിക്കുന്നത് വരെ വിജയ് നഗറിലെ തന്റെ സുഹൃത്തിന്റെ വീട്ടില്‍ താമസിക്കാന്‍ താന്‍ നിര്‍ദേശിച്ചുവെങ്കിലും വിവാഹം കഴിക്കണമെന്ന ആവശ്യത്തില്‍ അവള്‍ ഉറച്ചുനിന്നു. ഒരുഘട്ടത്തില്‍ അതിന് താന്‍ വഴങ്ങിയെങ്കിലും അവള്‍ക്ക് മറ്റു പലരുമായി ബന്ധമുണ്ടെന്ന് സംശയം തോന്നിയതോടെ മീററ്റിലേക്ക് കൂട്ടിക്കൊണ്ട് വന്ന് താനും പിതാവും ചേര്‍ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും സുമിത് വ്യക്തമാക്കി. സോനുവിന്റെ കാറിലാണ് പെണ്‍കുട്ടിയെ മീററ്റില്‍ എത്തിച്ചത്. 200 രൂപയും ഒരു കുപ്പി മദ്യവുമാണ് ഇതിനായി സോനുവിന് വാഗ്ദാനം ചെയ്തത്. ജനുവരി 12ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെ പ്രതികളെ പിടികൂടാന്‍ വൈകിയതില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.
ഇതോടെ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച്, സുമിത്താണ് പെണ്‍കുട്ടിയെ വിളിച്ചുകൊണ്ടു പോയതെന്ന് കണ്ടെത്തിയിരുന്നു. അന്നു രാത്രി തന്റെ വീട്ടില്‍ എത്തിച്ച പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചശേഷം ഗാസിയാബാദിലെ സുഹൃത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെ ജനുവരി 10 വരെ താമസിച്ചു. പിന്നീട് കാറില്‍ കയറ്റി മീററ്റില്‍ എത്തിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം പാടത്തേക്ക് വലിച്ചെറിയും മുന്‍പ് കാര്‍ കയറ്റി വികൃതമാക്കാനും സംഘം മടിച്ചില്ല. സുമിത്തിന്റെ മൊബൈല്‍ ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുള്‍ നിവര്‍ത്തിയത്. പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, മാനഭംഗം, പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.