പ്രവചനങ്ങളും അട്ടിമറി പ്രതീക്ഷകളും രാജ്യത്തെ തിരഞ്ഞെടുപ്പില്‍ പ്രധാന കക്ഷിയായ ബിജെപിയെ മു്‌ന്നോട്ട് നയിക്കുമ്പോഴും അതി നിര്‍ണ്ണായകമാവുക ഇന്ത്യയിലെ 117 ലോക്‌സഭാ മണ്ഡലങ്ങള്‍. പ്രമുഖ ധനകാര്യ സ്ഥാപനമായ ക്രെഡിറ്റ് സൂയ്സ്സെ ശേഖരിച്ച കണക്കുകളാണ് ബിജെപിയുടെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കുന്ന മണ്ഡലങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചെറിയ ഭൂരിപക്ഷത്തിന് ചുണ്ടിനും കപ്പിനുമിടയില്‍ വിജയം കൊയ്ത മണ്ഡലങ്ങളാണ് ബിജെപിയ്ക്ക് അതി നിര്‍ണ്ണായകമാവുക.
ഉത്തര്‍പ്രദേശ്, കര്‍ണാടക, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലായിട്ടാണ് നേരിയ ഭൂരിപക്ഷത്തിന് ജയിച്ച ഈ മണ്ഡലങ്ങളുള്ളത്. എന്‍ഡിഎ മുന്നണിയിലെ സഖ്യകക്ഷികളുടെ കൊഴിഞ്ഞുപോക്കും പ്രതിപക്ഷത്തെ പുതിയ സഖ്യങ്ങളും ബിജെപിക്ക് കനത്ത തലവേദനയാണ് ഇവിടങ്ങളില്‍ സൃഷ്ടിക്കുന്നത്.
2014-ല്‍ ബിജെപി നേരിയ ഭൂരിപക്ഷത്തിന് ജയിച്ച 117 മണ്ഡലങ്ങളില്‍ 73 എണ്ണത്തിലും 10 ശതമാനത്തില്‍ താഴെ മാത്രമാണ് ഭൂരിപക്ഷം. 10 ശതമാനത്തിന് തൊട്ടുമുകളില്‍ ഭൂരിപക്ഷമുള്ള ബാക്കി 44-ല്‍ 34 സീറ്റുകള്‍ ഉത്തര്‍പ്രദേശിലും 10 സീറ്റുകള്‍ കര്‍ണാടകയിയിലും ഝാര്‍ഖണ്ഡിലുമാണ്.
എന്നാല്‍ ഇവിടങ്ങളിലെ പ്രധാനപ്പെട്ട പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത്തവണ സഖ്യത്തില്‍ മത്സരിക്കുന്നു എന്നതാണ് ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നത്. 2014-ല്‍ ഒറ്റയ്ക്കൊറ്റക്ക് മത്സരിച്ച സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും യുപിയിലും കര്‍ണാടകത്തില്‍ ജെഡിഎസും കോണ്‍ഗ്രസും സഖ്യത്തില്‍ മത്സരിക്കുന്നു. ജാര്‍ഖണ്ഡില്‍ പ്രദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയാണ് കോണ്‍ഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
അതേ സമയം 543 ലോക്സഭാ മണ്ഡലങ്ങളില്‍ 161 ലും 20 ശതമാനത്തിന് മുകളില്‍ ഭൂരിപക്ഷത്തിനാണ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിട്ടുള്ളത്. ഇതില്‍ ഭൂരിപക്ഷവും ബിജെപി സ്ഥാനാര്‍ഥികളുമാണ്. പുതുതായി രജിസ്റ്റര്‍ ചെയ്ത 13 കോടി വോട്ടര്‍മാര്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ നിര്‍ണായ ഘടകമാകുമെന്നും ക്രെഡിറ്റ് സൂയ്സ്സെ പറയുന്നു. പുതിയ വോട്ടര്‍മാരില്‍ ഏറിയ പങ്കും തങ്ങള്‍ക്കൊപ്പമാണെന്ന കണക്കൂകൂട്ടലിലാണ് ബിജെപി.