സഹോദര ഭാര്യയെ വിവഹാം കഴിക്കേണ്ടി വന്ന ഒമ്പതാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു; തന്നെക്കാള്‍ പത്ത് വയസ്സ് കൂടുതലുള്ള യുവതിയെയാണ് വിവാഹം കഴിക്കേണ്ടി വന്നത്

പാറ്റ്ന: സഹോദര ഭാര്യയെ വിവാഹം കഴിക്കേണ്ടി വന്നതില്‍ മനംനൊന്ത് പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്തു. തന്നെക്കാള്‍ പത്ത് വയസ് കൂടുതലുള്ള സഹോദര ഭാര്യയെയാണ് 9ാം ക്ലാസ് വിദ്യാര്‍ഥിയായ മഹാദേവ് കുമാര്‍ ദാസിന് വിവാഹം കഴിക്കേണ്ടി വന്നത്. ബിഹാറിലെ ഗയയിലെ വിനോബനഗര്‍ സ്വദേശിയാണ് മഹാദേവ്. മൂന്ന് ദിവസം മുമ്പായിരുന്നു മഹാദേവിന്റെ വിവാഹം. മരിച്ചുപോയ ജ്യേഷ്ഠ സഹോദരന്റെ ഭാര്യയായ റൂബി ദേവി(25)യെയാണ് മഹാദേവിന് വിവാഹം ചെയ്യേണ്ടി വന്നത്.

ആത്മഹത്യ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ടെകാരി ഡിഎസ്പി മനീഷ് കുമാര്‍ പറഞ്ഞു. വിവാഹത്തിന് മഹാദേവിനെ വീട്ടുകാര്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും ഇതിനെ മഹാദേവ് ശക്തമായി എതിര്‍ത്തിരുന്നതായും അയല്‍വാസികള്‍ പറഞ്ഞു. ശൈശവ വിവാഹം നടത്തിയതിനും ആത്മഹത്യപ്രേരണയ്ക്കും കേസെടുക്കുമെന്നും ഡിഎസ്പി അറിയിച്ചു. മഹാദേവിന്റെ ജ്യോഷ്ഠനും റൂബിയുടെ ഭര്‍ത്താവുമായിരുന്ന സന്തോഷ് കുമാര്‍ ദാസ് 2013ലാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

”മഹാദേവ് സഹോദരന്റെ ഭാര്യയെ സ്വന്തം അമ്മയെ പോലെയാണ് കണ്ടിരുന്നത്. സന്തോഷ് കുമാര്‍ മരിച്ചപ്പോള്‍ കിട്ടിയ 80,000 രൂപ നഷ്ടപരിഹാരതുകയുടെ പേരില്‍ മഹാദേവിന്റെ വീട്ടുകാരും റൂബിയുടെ വീട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഒരു കടയില്‍ ജോലിക്കിടെയാണ് സന്തോഷ് കുമാര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചത്. അതിനെ തുടര്‍ന്ന് കുടുംബത്തിന് 80,000 രൂപ നഷ്ടപരിഹാരം ലഭിച്ചു. മുഴുവന്‍ തുകയും റൂബിക്ക് അവകാശപ്പെട്ടതാണെന്ന് റൂബിയുടെ വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ മഹാദേവിന്റെ പിതാവ് ചന്ദേശ്വര്‍ ദാസ്, 27,000 രൂപ മാത്രമാണ് റൂബിക്ക് നല്‍കിയത്. ഒപ്പം റൂബിയും മഹാദേവും തമ്മിലുള്ള വിവാഹമെന്ന നിര്‍ദേശവും മുന്നോട്ട് വെക്കുകയായിരുന്നു”, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മഹാദേവിന് തന്റെ സഹോദരഭാര്യയെ വിവാഹം കഴിക്കാന്‍ ഒട്ടും താല്‍പ്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ കുടുംബത്തില്‍ നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു വിവാഹം നടന്നത്. മഹാദേവിന്റെ വീട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Top