ദുബായ്: ദുബായില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് മരണപ്പെട്ടത് ആറ് മലയാളികള്‍ ഉള്‍പ്പടെ 10 ഇന്ത്യക്കാര്‍. മൊത്തം 17 പേരാണ് അപകടത്തില്‍ മരിച്ചത്. മരണപ്പെട്ട മലയാളികളില്‍ ആറ് പേരുടെയും മൃതദേഹം തിരിച്ചറിഞ്ഞു.
ദുബായിലേ സാമൂഹ്യ പ്രവര്‍ത്തകനായ തൃശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ധീന്‍ , തിരുവനന്തപുരം സ്വദേശി ഒമാനില്‍ അക്കൗണ്ടന്റ് ആയ ദീപക് കുമാര്‍ , തിലകന്‍, വാസുദേവന്‍, തലശ്ശേരി സ്വദേശികളായ ഉമ്മര്‍ (65) ചോനോകടവത്ത്, മകന്‍ നബീല്‍ ഉമ്മര്‍ (25) എന്നിവരാണ് മരിച്ച മലയാളികള്‍.
മസ്‌കറ്റില്‍നിന്ന് ദുബായിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച്ച വൈകിട്ട് 5.40 ന് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടം നടന്നത്. ഒമാനില്‍ നിന്ന് ഈദ് അവധി ആഘോഷിച്ച് മടങ്ങി വരുന്നവരാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
ദുബായിലെ മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ റാഷിദിയ മെട്രോ സ്റ്റേഷന് അടുത്തുള്ള എക്സിററ്റിലെ ദിശ ബോര്‍ഡിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവര്‍ റാഷിദ് ആസ്പത്രിയില്‍ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു. റാഷിദ് ആസ്പത്രിയിലായിരുന്ന മൃതദേഹങ്ങള്‍ പോലീസ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
imgദീപക് കുമാര്‍, ജമാലുദ്ദീന്‍
മരിച്ച ദീപക് കുമാറിന്റെ ഭാര്യയും മകനും പരിക്കേറ്റവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുലിന്റെ നേതൃത്വത്തില്‍ സാമൂഹ്യ പ്രവര്‍ത്തകരും മറ്റും ചേര്‍ന്നാണ് ഇന്ത്യക്കാരുടെ തിരിച്ചറിയല്‍ പരിശോധനാ നടത്തിയത്.