സ്വന്തം ലേഖകൻ
ചെന്നൈ: ബാഹുബലിയിൽ ഇരട്ടവേഷങ്ങളിൽ രണ്ടു സിനിമകളിൽ തകർത്ത് അഭിനയിച്ച തെലുങ്ക് സൂപ്പർതാര പദവിയിലേയ്ക്കു ഉയർന്ന പ്രഭാസിനു വിലപറഞ്ഞ് പരസ്യക്കമ്പനി. പ്രമുഖ ബ്രാൻഡ് പരസ്യകമ്പനി തങ്ങളുടെ ബ്രാൻഡ് അംബാസിഡറാകാൻ പ്രഭാസിനു വാഗ്ദാനം ചെയ്തത് 18 കോടി രൂപയാണ്. എന്നാൽ, നിഷ്‌കരുണം ഈ വൻ തുകയുടെ ഓഫർ പ്രഭാസ് തള്ളിക്കളയുകയായിരുന്നു. കാമ്പില്ലാത്ത ചിത്രങ്ങളിൽ അഭിനയിക്കില്ലെന്ന നിലപാടാണ് പ്രഭാസ് ഈ പരസ്യം തള്ളിക്കളയാൻ സ്വീകരിച്ചത്.
ബാഹുബലിയുടെ വൻ വിജയത്തിന് പിന്നാലെ നിരവധി സംവിധായകർ താരത്തെ വെച്ച് സിനിമയെടുക്കാൻ മുന്നോട്ടുവരുന്നുമുണ്ട്. സിനിമയ്ക്ക് വേണ്ടിമാത്രമല്ല പരസ്യചിത്രങ്ങളിൽ പ്രഭാസിനെ കിട്ടാൻ വേണ്ടി വൻകിട പരസ്യകമ്പനിക്കാർ പിന്നാലെ നടക്കുകയാണ്.
നിരവധി പരസ്യദാതാക്കളാണ് പ്രഭാസിനെ തങ്ങളുടെ പരസ്യങ്ങൾക്ക് വേണ്ടി സമീപിക്കുന്നത്. എത്ര കോടി മുടക്കിയും പ്രഭാസിനെ ബ്രാൻഡ് അംബാസിഡറാക്കാനുള്ള വാശിയിലാണ് പരസ്യക്കമ്പനികൾ.
ഒരു പരസ്യ കമ്പനി തങ്ങളുടെ ബ്രാൻഡ് അംബാസിഡർ ആകാനായി 18 കോടി രൂപയാണ് പ്രഭാസിന് ഓഫർ ചെയ്തത്. ഇപ്പോൾ ഇത്തരം പ്രമോഷനുകളിൽ അഭിനയിക്കാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി താരം അത് നിരസിക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. പ്രശസ്ത പരസ്യദാതാക്കളുടെ ഓഫറുകൾ നേരത്തേയും പ്രഭാസ് വേണ്ടെന്നു വച്ചിട്ടുണ്ട്. ബാഹുബലി ആദ്യഭാഗം പുറത്തിറങ്ങിയപ്പോഴും പ്രഭാസിന് നിരവധി ഓഫറുകൾ ലഭിച്ചിരുന്നു.
ബാഹുബലി 2 വിന്റെ ചിത്രീകരണ സമയത്ത് 10 കോടിയുടെ പരസ്യ ഓഫർ പ്രഭാസിന് ലഭിച്ചിരുന്നതായും എന്നാൽ പ്രഭാസ് ഇത് വേണ്ടെന്നു വച്ചതായും സംവിധായകൻ എസ്.എസ്. രാജമൗലി അടുത്തിടെ നടത്തിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു കോടികൾക്ക് മുന്നിലൊന്നും വീഴുന്ന ആളല്ല താനെന്നാണ് പ്രഭാസ് വീണ്ടും തെൽയിക്കുന്നത്. എത്ര കോടി ലഭിച്ചാലും കാമ്പില്ലാത്ത ചിത്രങ്ങളിൽ അഭിനയിച്ച് പേരുകളയാനും താരം തയ്യാറല്ല.