കൊച്ചി:യുവനടിയുടെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലാരിവട്ടം പൊലീസാണ് സൂരജ് പാലാക്കാരനെ കസ്റ്റഡിയിലെടുത്തത്. ജൂണ് ഒന്നിനാണ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചെന്ന് കാട്ടി യുവനടി പൊലീസില്‍ പരാതി നല്‍കിയതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
സമാനമായ മറ്റൊരു കേസില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൂരജ് പാലാക്കാരനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, പട്ടികജാതി-പട്ടിക വർഗ അതിക്രമം തുടങ്ങിയ നിയമങ്ങള്‍ പ്രകാരമാണ് സൂരജിനെതിരെ അന്ന് കേസെടുത്തത്. യുവതിയെ അധിക്ഷേപിക്കുകയും ജാതീയമായ പരാമര്‍ശം നടത്തുകയും ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.
ക്രൈം വാരിക എഡിറ്റർ ടിപി നന്ദകുമാറിനെതിരെ പരാതി നല്‍കിയ യുവതിക്കെതിരേ മോശം പരാമര്‍ശം നടത്തിയ സംഭവത്തിലായിരുന്നു അന്നത്തെ നടപടി. കേസെടുത്തതിന് പിന്നാലെ തുടര്‍ന്ന് സൂരജ് ഒളിവില്‍പോയി. ഇയാളുടെ വീട്ടില്‍ ഉള്‍പ്പെടെ എത്തി പോലീസ് തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. മുന്‍കൂർ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തതോടെ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. സൂരജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ചില പ്രധാന പരാമര്‍ശങ്ങളും അന്ന് കോടതി നടത്തിയിരുന്നു.
ഡിജിറ്റല്‍ പ്ലാറ്റ് ഫോമില്‍ ഇത്തരത്തില്‍ അപമാനകരമായ കാര്യങ്ങള്‍ പറയുന്നത് കുറ്റകരമാണ്. ഡിജിറ്റല്‍ പ്ലാറ്റ് ഫോം എന്നു പറയുന്നത് ഒരു പൊതുവിടമാണ്. ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലൂടെ നടത്തുന്ന ഇത്തരം പരാമർശം ഒരാള്‍ക്ക് അപമാനകരമായി തോന്നുകയാണെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കാമെന്നും കോടതി അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, മോഹന്‍ലാലിനെതിരെ അപകീര്‍ത്തിപരമായ പരമാര്‍ശം നടത്തിയതിന് ‘ചെകുത്താന്‍’ എന്ന യുട്യൂബ് ചാനല്‍ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സിനേയും ഇന്ന് പൊലീസ് പിടികൂടിയിരുന്നു. അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലായിരുന്നു പൊലീസ് നടപടി. പാകിസ്ഥാൻ താരത്തിനും അഭിനന്ദനങ്ങൾ നേർന്ന് നീരജിന്റെ അമ്മ ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ ഭാരതീയ ന്യായ സംഹിത 192,296 (b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. സമൂഹമധ്യത്തില്‍ മോഹന്‍ലാലിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനും ആരാധകരില്‍ വിദ്വേഷം ജനിപ്പിച്ച് സമൂഹത്തില്‍ ലഹള ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടും കൂടിയുള്ള പരാമര്‍ശങ്ങള്‍ നടത്തി എന്നാണ് പൊലീസ് എഫ് ഐ ആറില്‍ വ്യക്തമാക്കിയത്.