കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ വീണ്ടും അറസ്റ്റിൽ. ലൈഫ് മിഷൻ ഭവന പദ്ധതി പദ്ധതി കോഴക്കേസിലാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തിരിക്കുന്നത്.
യുണീടാക്കിന് കരാർ ലഭിക്കാൻ കോഴ വാങ്ങിയെന്നായിരുന്നു കേസ്. പദ്ധതിയുടെ കരാർ ലഭിക്കാൻ 4.48 കോടി രൂപ കോഴയായി നൽകിയെന്ന യൂണിടാക് എം ഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്.
മൂന്ന് ദിവസമായി നടന്ന ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ രാത്രി 11.45നായിരുന്നു അറസ്റ്റ്. ലൈഫ് മിഷൻ കേസിലെ ആദ്യ അറസ്റ്റാണിത്. മുമ്പ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, ഡോളർ കടത്ത് എന്നീ കേസുകളിലാണ് ഇഡി അറസ്റ്റ് ചെയ്തിരുന്നത്.
കേസിലെ മറ്റ് പ്രതികളായ സ്വപ്ന സുരേഷ്, പി.എസ് സരിത്ത്, സന്ദീപ് നായർ സന്തോഷ് ഈപ്പൻ എന്നിവരുടെ മൊഴി നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് ഇ.ഡിയുടെ വിശദീകരണം.