മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കുളിമുറിയില്‍ തുണിയലക്കുകയായിരുന്ന യുവതിയെ കുളിമുറിയില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ ജീവപര്യന്തം തടവിനും 11 വര്‍ഷം കഠിനതടവിനും 70000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഇതുകൂടാതെ മറ്റ് മൂന്ന് വകുപ്പുകളിലായി 11 വര്‍ഷം കഠിനതടവ് അനുഭവിക്കാനും 20000 രൂപ പിഴയടക്കാനും വിധിച്ചിട്ടുണ്ട്.
പരാതിക്കാരി മരിച്ചതിനാല്‍ ഇവരുടെ കുട്ടികള്‍ക്ക് ഇരകള്‍ക്കുള്ള നഷ്ടപരിഹാര പദ്ധതി പ്രകാരം നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പരാതിക്കാരി കേസിന്റെ വിചാരണയ്ക്കിടെ തീപ്പൊള്ളലേറ്റ് മരിച്ചിരുന്നു. പ്രതി പട്ടിക്കാട് പാറക്കത്തൊടി കൂറ്റമ്പാറ വീട്ടില്‍ അബ്ദുള്‍ ഹമീദി(39)നെയാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. 2016ലാണ് സംഭവം. 2017ല്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
നിരവധി കളവ് കേസുകളിലും ക്രിമിനല്‍ കേസുകളിലും പ്രതിയായ ഇയാളെ 2022ല്‍ പിടികൂടിയിരുന്നു. തുടര്‍ന്ന് പോലീസിന്റെ അപേക്ഷ പ്രകാരമാണ് ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെത്തന്നെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
കേസിന്റെ വിചാരണ നടക്കുന്നതിനിടെ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ പരാതിക്കാരി 2022 സെപ്റ്റംബറില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്ന പി. പരമേശ്വരത്ത് ഹാജരായി.