ബത്തേരി : മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചിലിൽ ഇന്ന് ചാലിയാര്‍ തീരത്തുനിന്ന് 2 മൃതദേഹ ഭാഗങ്ങള്‍ കണ്ടെടുത്തു. ഇന്ന് വൈകുന്നേരത്തെ തെരച്ചിലിനിടെയാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. ശരീരഭാഗങ്ങൾ കൽപ്പറ്റയിലേക്ക് എയർ ലിഫ്റ്റ് ചെയ്തു. നേരത്തെ മലപ്പുറത്തോട് ചേർന്ന് ചാലിയാർ പുഴയുടെ തീരങ്ങളിൽ നിന്ന് രണ്ട് ശരീരഭാഗങ്ങൾ കണ്ടെത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ആനയടികാപ്പിൽ നിന്ന് ഇപ്പോൾ 2 ശരീരഭാഗങ്ങൾ കൂടി കണ്ടെത്തിയിരിക്കുന്നത്.
എന്‍ ഡി ആര്‍ എഫ്, വനം വകുപ്പ് , പൊലീസ്, തണ്ടര്‍ബോള്‍ട്ട് , ഫയര്‍ഫോഴ്‌സ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ തുടരുന്നത്. ചാലിയാറില്‍ നിന്ന് 2 മൃതദേഹഭാഗങ്ങള്‍ ഇന്ന് കണ്ടെത്തി.മുണ്ടേരി ഫാം മുതല്‍ പരപ്പാന്‍പാറ വരെയുള്ള അഞ്ചുകിലോമീറ്റര്‍ മേഖലയിലും ചാലിയാറിലുമാണ് തിരച്ചില്‍ പ്രധാനമായും കേന്ദ്രീകരിക്കുന്നത്. സംശയമുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ചു മാത്രമായിരിക്കും ഇനിയുള്ള തിരച്ചില്‍.
ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തിയത്. ഈ പ്രദേശത്ത് നിന്ന് കഴിഞ്ഞ ദിവസം കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇവിടെ കൂടുതൽ പരിശോധന വേണമെന്ന് ആവശ്യമുയർന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് തെരച്ചിൽ നടത്തിയത്. കൂടുതൽ വ്യാപകമായി പരിശോധന നടത്താനാണ് തീരുമാനം. ശരീരഭാഗങ്ങൾ എയർലിഫ്റ്റ് ചെയ്ത് കൽപറ്റയിലെത്തിച്ചിട്ടുണ്ട്. ഇവ മോർച്ചറിയിലേക്ക് മാറ്റി ഡിഎൻഎ സാംപിളുകൾ പരിശോധിച്ച് മറ്റ് പരിശോധനകൾ കൂടി നടത്തും. തുടർന്നായിരിക്കും സംസ്കാരം.
അതേ സമയം, നിലമ്പൂര്‍ ഭാഗത്ത് ചാലിയാര്‍ പുഴയില്‍ തുടരുന്ന തിരച്ചിലില്‍ ഒരു മൃതദേഹവും ഒരു ശരീര ഭാഗവും കൂടി ലഭിച്ചിരുന്നു. ഇന്നലെ നടത്തിയ തെരച്ചിലിലാണ് ലഭിച്ചത്. ഇതോടെ മലപ്പുറം ജില്ലയില്‍ നിന്ന് ലഭിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ 78 ഉം ശരീര ഭാഗങ്ങള്‍ 166 ഉം ആയി. 40 പുരുഷന്മാരുടെയും 31 സ്ത്രീകളുടെയും 3 ആണ്‍കുട്ടികളുടെയും 4 പെണ്‍കുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഉരുള്‍പൊട്ടലുണ്ടായതിനു ശേഷം 10 ദിവസമായി ചാലിയാറിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരുകയാണ്. ഇതിനകം 242 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. 232 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോകുകയും മൂന്നെണ്ണം ബന്ധുക്കള്‍ ഏറ്റെടുക്കുകയും ചെയ്തു. 7 ശരീര ഭാഗങ്ങള്‍ പൂര്‍ണമായി ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ക്യാമ്പില്‍ കഴിയുന്നവരുടെ താല്‍ക്കാലിക പുനരധിവാസത്തിനായി 253 വാടകവീടുകള്‍ കണ്ടെത്തിയുണ്ട്. നൂറോളം നൂറോളം കെട്ടിട ഉടമകള്‍ സന്നദ്ധതയും അറിയിച്ചിട്ടുണ്ട്.ക്യാമ്പുകളിലും ആശുപത്രികളിലും കഴിയുന്നവരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചായിരിക്കും താല്‍ക്കാലിക പുനരധിവാസം.ദുരന്തബാധിതരുടെ ഉരുളെടുത്ത രേഖകള്‍ വീണ്ടെടുക്കുന്നതിനായി പ്രത്യേക ക്യാമ്പുകള്‍ക്കും തുടക്കമായി. ദുരന്തത്തില്‍ മരിച്ചവരുടെയും, ഈടുവച്ച വസ്തുവകകള്‍ നഷ്ടമായവരുടെയും മുഴുവന്‍ വായ്പകളും കേരള ബാങ്ക് എഴുതിത്തള്ളും.