രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി: 2ജി സ്‌പെക്ട്രം കേസില്‍ ഏല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി സിബിഐ കോടതി വിധി

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി ആയിരുന്ന 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര വാര്‍ത്താവിതരണമന്ത്രി എ. രാജയും ഡിഎംകെ എംപി കനിമൊഴിയും ഉള്‍പ്പെടെ പ്രതിസ്ഥാനത്തുണ്ടായിരുന്ന എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. മതിയായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതിയുടേതാണു വിധി. റിലയന്‍സ് ഉള്‍പ്പെടെയുള്ള വന്‍കിട സ്വകാര്യ ടെലികോം കമ്പനികളും പ്രതികളായിരുന്ന കേസില്‍ ആകെ 17 പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്.

പ്രതികളില്‍ 14 വ്യക്തികള്‍ക്കു പുറമേ റിലയന്‍സ് ടെലികമ്യൂണിക്കേഷന്‍, യൂണിടെക് വയര്‍ലെസ് പ്രൈവറ്റ് ലിമിറ്റഡ്, സ്വാന്‍ ടെലികോം (ഇപ്പോള്‍ ഡിബി എത്തിസലാത്ത്) എന്നീ മൂന്നു കമ്പനികളാണുണ്ടായിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സിബിഐ അറിയിച്ചു. സിബിഐ അന്വേഷിച്ച രണ്ടുകേസുകളും എന്‍ഫോഴ്സ്മെന്റ് അന്വേഷിച്ച ഒരു കേസിന്റെയും വിധിയാണ് പുറത്തുവന്നിരിക്കുന്നത്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഏറെ വിവാദമുണ്ടായ അഴിമതിക്കേസായിരുന്നു ഇത്.

എ.രാജയും കനിമൊഴിയും റിലയന്‍സ് ഉള്‍പ്പെടെ വന്‍കിട സ്വകാര്യ ടെലികോം കമ്പനികളും ഉള്‍പ്പെടെ 14 പ്രതികളാണ് കേസിലുണ്ടായിരുന്നത്. വിധി കേള്‍ക്കാനായി രാജയും കനിമൊഴിയും കോടതിയിലെത്തിയിരുന്നു. കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നു.

അമേരിക്കയിലെ വാട്ടര്‍ഗേറ്റിന് ശേഷം ലോകത്തെ രണ്ടാമത്തെ കൊടിയ അഴിമതിയെന്ന് ടൈം മാഗസിന്‍ ചൂണ്ടിക്കാട്ടിയ കേസിലാണ് സിബിഐ പ്രത്യേക കോടതി വിധി പ്രഖ്യാപിച്ചത്. മുന്‍ യുപിഎ സര്‍ക്കാരിലെ വാര്‍ത്താവിതരണമന്ത്രി എ.രാജ, ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ ഭാര്യ ദയാലുഅമ്മാള്‍, മകള്‍ കനിമൊഴി തുടങ്ങി ഉന്നതരാണ് വിചാരണ നേരിട്ടത്. റിലയന്‍സ് അടക്കം ടെലികോം കമ്പനികളും, കമ്പനി ഉദ്യോഗസ്ഥരും പ്രതിപട്ടികയിലുണ്ട്. 2011 നവംബര്‍ പതിനൊന്നിന് ആരംഭിച്ച വിചാരണ ഇക്കൊല്ലം ഏപ്രില്‍ പത്തൊന്‍പതിനാണ് അവസാനിച്ചത്. രേഖകളുടെയും തെളിവുകളുടെയും വ്യക്തതയ്ക്കായി പലവട്ടം കേസ് പരിഗണിച്ച ശേഷമാണ് ഇന്ന് വിധി പറയാന്‍ തീരുമാനിച്ചത്.

2007-08 കാലയളവില്‍ സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് 2 ജി സ്പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നെന്ന് 2010 ല്‍ സി എ ജി വിനോദ് റായി കണ്ടെത്തിയിരുന്നു. 2011 ല്‍ രാജ അറസ്റ്റിലായി. അഴിമതി നടന്നെന്ന് കണ്ടെത്തിയതോടെ അനുവദിച്ച ലൈസന്‍സുകള്‍ 2012 ഫെബ്രുവരി രണ്ടിന് സുപ്രീം കോടതി റദ്ദാക്കി.

മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്പെക്ട്രം വിതരണം ചെയ്തതെന്നും സി എ ജിയുടെ കണ്ടെത്തലിലുണ്ടായിരുന്നു. ഇതിലൂടെ 30,984 കോടിയുടെ നഷ്ടമുണ്ടായെന്നാണ് സി ബി ഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. അതേമയം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിന്റെ അറിവോടു കൂടിയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നായിരുന്നു രാജയുടെ വാദം.

Top