കോണ്‍ഗ്രസ് തങ്ങളെ അകറ്റിനിര്‍ത്തുന്നു; രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ മത്സരിക്കാനൊരുങ്ങി പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ മകന്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ കോണ്‍ഗ്രസ് നേതാവ് മത്സരിക്കും. കോണ്‍ഗ്രസ് തങ്ങളെ അകറ്റിനിര്‍ത്തുന്നു എന്ന തോന്നലില്‍ നിന്നാണ് മത്സരിക്കാനുള്ള തീരുമാനം. 1991 ല്‍ രാജീവ് ഗാന്ധിയേയും 1998ല്‍ സോണിയാ ഗാന്ധിയേയും പിന്തുണച്ച് നാമനിര്‍ദേശ പത്രികയില്‍ ഒപ്പു വെച്ച ഹാജി സുല്‍ത്താന്‍ ഖാന്‍ എന്ന പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ ഹാജി ഹാരൂണ്‍ റഷീദ് ആണ് രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാനൊരുങ്ങുന്നത്. സ്ഥലത്തെ കോണ്‍ഗ്രസ് നേതൃത്വവും സമുദായത്തോട് തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്നും ഹാരൂണ്‍ റഷീദ് ആരോപിക്കുന്നു.

പ്രദേശത്തിന്റെ വികസനത്തിലും കാര്യമായ ശ്രദ്ധ പതിഞ്ഞിട്ടില്ല അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ ഐഎന്‍എസിനോട് പറഞ്ഞു.
മണ്ഡലത്തില്‍ 6.5 ലക്ഷം മുസ്ലീങ്ങള്‍ ഉണ്ടെന്നും അവര്‍ കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്യുമെന്നും ഹാജി ഹാരൂണ്‍ റഷീദ് അവകാശപ്പെട്ടു. നിലവില്‍ മണ്ഡലത്തില്‍ ബിജെപി സ്മൃതി ഇറാനിയെ സ്ഥാനാര്‍ഥിയായി നിര്‍ത്തി അമേഠി കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പുതിയ പ്രതിസന്ധി മണ്ഡലത്തിനുള്ളില്‍ നിന്ന് തന്നെ രൂപപ്പെട്ടിരിക്കുന്നത്. പതിറ്റാണ്ടുകളായി നെഹ്‌റു കുടുംബത്തില്‍ നിന്നുള്ളവരാണ് അമേഠിയില്‍ മത്സരിക്കുന്നത്. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി തുടങ്ങിയവരാണ് രാഹുലിന് മുമ്പ് അമേഠിയില്‍ നിന്ന് ലോക്‌സഭയിലെത്തിയത്. 2004 ല്‍ മണ്ഡലം മകനായ രാഹുല്‍ ഗാന്ധിക്ക് നല്‍കി സോണിയ ഗാന്ധി റായ്ബറേലിയിലേക്ക് മാറി. അതിന് ശേഷം തുടര്‍ച്ചയായി രാഹുല്‍ ഗാന്ധിയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top