
തൃശ്ശൂർ:അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിന് മുകളിൽ സീറ്റ് പ്രതീക്ഷിക്കുന്ന ഇടതുമുന്നണി തൃശൂർ ജില്ലയിൽ തേരോട്ടം തുടരും എന്നാണു സൂചന .ഇത്തവണ അനിൽ അക്കരയും പരാജയപ്പെടും എന്നാണു നിലവിലെ സാഹചര്യം നൽകുന്ന സൂചന . കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു തൃശ്ശൂർ ജില്ലയിൽ ഇടതുമുന്നണി കാഴ്ച വെച്ചത്. ആകെയുള്ള 13 സീറ്റിൽ 12 സീറ്റിലും വിജയിക്കാൻ മുന്നണിക്ക് കഴിഞ്ഞു. ഇത്തവണ മുഴുവൻ മണ്ഡലും പിടിക്കാൻ ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് നേതൃത്വം.തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ ഇടതുമുന്നണിക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ഇത്തവണ അഞ്ച് സീറ്റില്‍ സിപിഐയും എട്ട് സീറ്റില്‍ സിപിഎമ്മുമാണ് മത്സരിക്കുക.
ഇതേ ട്രന്റ് നിയമസഭ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നാണ് എൽഡിഎഫ് കേന്ദ്രങ്ങൾ അവകാശപ്പെടുന്നത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട വടക്കാഞ്ചേരി സീറ്റ് ഉൾപ്പെടെ ഇത്തവണ പിടിച്ചെടുക്കാനാകുമെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. എൽഡിഎഫിന് സ്വാധീനമുള്ള മണ്ഡലത്തിൽ കഴിഞ്ഞ തവണ 43 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കോൺഗ്രസ് വേതാവും മുൻ അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന അനിൽ അക്കര വിജയിച്ച് കയറിയത്.
അനില്‍ അക്കരയ്ക്ക് 65,535 വോട്ടും എല്‍ഡിഎഫിലെ മേരി തോമസിന് 65,492 വോട്ടുമാണ് ലഭിച്ചത്. ബിജെപി 26,652 വോട്ടുകളും നേടി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു ഇത്. ഇക്കുറി എന്ത് വിലകൊടുത്തും മണ്ഡലം പിടിക്കുകയാണ് സിപിഎം ലക്ഷ്യം വെയ്ക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിലും വലിയ മുന്നേറ്റം ജില്ലയിൽ കാഴ്ച വെയ്ക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഇടതുക്യാമ്പ്. ഗ്രാമ-നഗര വ്യത്യാസമില്ലാതെയയിരുന്നു എൽഡിഎഫ് തേരോട്ടം. ഇത്തവണ 64 ഗ്രാമപഞ്ചായത്തുകളിലാണ് എൽഡിഎഫ് വിജയം നേടിയത്. യുഡിഎഫിന് ലഭിച്ചതാകട്ടെ വെറും 20 പഞ്ചായത്തുകളും. ആകെയുള്ള 16 ബ്ലോക്കുകളിൽ 13 ഉം എൽഡിഎഫിന് ലഭിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ സിപിഎമ്മിന് ആത്മവിശ്വാസം നൽകുന്നുണ്ട്. ലൈഫ് മിഷൻ വിവാദം ഉയർത്തി എൽഡിഎഫിനെ പ്രതിരോധത്തിലാക്കാൻ അനിൽ അക്കര കൊണ്ട് പിടിച്ച് പ്രചരണം നടത്തിയിരുന്നുവെങ്കിലും വിലപോയിരുന്നില്ല. വൻ മുന്നേറ്റമായിരുന്നു മണ്ഡലത്തിൽ എൽഡിഎഫ് കാഴ്ച വെച്ചത്.
വടക്കാഞ്ചേരി നഗരസഭ ഉൾപ്പെടെ എൽഡിഎഫ് നിലനിർത്തിയിരുന്നു. 41 ൽ 24 സീറ്റായിരുന്നു എൽഡിഎഫ് നേടിയത്. യുഡിഎഫിന് 17സീറ്റും ബിജെപിക്ക് ഒരു സീറ്റുകളുമാണ് ലഭിച്ചത്. മികച്ച സ്ഥാനാർത്ഥി ഇറങ്ങിയാൽ മണ്ഡലത്തിൽ വിജയം ഉറപ്പിക്കാമെന്ന് സിപിഎം കരുതുന്നു. യുവ നേതാവായ സേവ്യർ ചിറ്റിലപ്പള്ളിയെ ആണ് സിപിഎം പരിഗണിക്കുന്നത്.
നിലവില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് സേവ്യര്‍ ചിറ്റിലപ്പിള്ളി.ഇത് കൂടാതെ അനൂപ് കിഷോറിന്റെ പേരും ഇവിടെ പരിഗണിക്കപ്പെടുന്നുണ്ട്. പ്രമുഖ സഹകാരിയായ അനൂപ് കിഷോര്‍ ഇത്തവണ വടക്കാഞ്ചേരി നഗരസഭയിലെ മിണാലൂര്‍ വടക്കേക്കര ഡിവിഷനില്‍ മത്സരിച്ച് വിജയിച്ചിരുന്നു. മൂന്ന് മന്ത്രിമാരും ജില്ലയിലെ മൂന്ന് മന്ത്രിമാരേയും ഇത്തവണയും മത്സരിപ്പിക്കാൻ തന്നെയാണ് ഇടതുമുന്നണി തിരുമാനം. മന്ത്രി എ സി മൊയ്തീൻ കുന്നംകുളത്തും സി രവീന്ദ്ര നാഥ് പുതുക്കാടും തുടരും. എന്നാൽ മന്ത്രി വിഎസ് സുനിൽ കുമാറിന്റെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.