മുംബൈ ഭീകരാക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധേയനാക്കിയ ഭീകരന്‍ അജ്മല്‍ അമീര്‍ കസബ് ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് സാക്ഷിമൊഴി. കസബ് പഠിച്ച ഫരീദ്‌കോട്ടിലെ പ്രൈമറി സ്‌കൂളിലെ മുന്‍ ഹെഡ്മാസ്റ്റര്‍ മുദാസിര്‍ ലഖ് വിയാണ് കസബ് ജീവിച്ചിരിക്കുന്നുവെന്ന മൊഴി നല്‍കിയത്.റാവല്‍പിണ്ടിയിലെ അദിയാല ജിലില്‍ മുംബൈ ഭീകരാക്രമണക്കേസിന്റെ വിചാരണ പുരോഗമിക്കുന്നതിനിടെയാണ് കസബിന്റെ അധ്യാപകന്‍ ഞെട്ടിക്കുന്ന മൊഴി നല്‍കിയത്. മുംബൈ ഭീകരാക്രമണത്തിനിടെ ജീവനോടെ പിടിയിലായ കസബിനെ വിചാരണയ്ക്കുശേഷം വധശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നു. 2012 നവംബറില്‍ പുണെ ജയിലിലാണ് കസിബിനെ തൂക്കിലേറ്റിയത്.
പ്രൊസിക്യൂഷന്‍ സാക്ഷി ആയിരുന്ന ഹെഡ്മാസ്റ്റര്‍ കൂറുമാറിയ ശേഷമാണ് കസബ് ജീവിച്ചിരിപ്പുണ്ടെന്ന മൊഴി നല്‍കിയത്. മുംബൈ ഭീകരാക്രണക്കേസിന്റെ സൂത്രധാരനെന്ന് കരുതുന്ന സക്കിയുര്‍ റഹ്മാന്‍ ലഖ് വിയുടെ നാട്ടുകാരാനാണ് ഹെഡ് മാസ്റ്ററെന്ന് പാക് അധികൃതര്‍ പറഞ്ഞു. ലഖ് വി അടക്കമുള്ളവരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാവാം സാക്ഷി കൂറുമാറിയതെന്ന് കരുതുന്നുവെന്നാണ് അധികൃതരുടെ ഭാഷ്യം.മുംബൈ ഭീകരാക്രമണക്കേസിലെ വിചാരണ വേഗത്തിലാക്കാമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സര്‍ത്താജ് അസീസുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാകിസ്താന്‍ ഉറപ്പ് നല്‍കിയിരുന്നു. കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് സൂചന.