കൊച്ചി: മലയാള സിനിമയിലും സീരിയല്‍ മേഖലയിലും പ്രവര്‍ത്തിക്കുന്ന പലരും കഞ്ചാവ് ഉപയോഗിക്കുന്ന വിവരം നേരത്തേ പുറത്ത് വന്നിരുന്നു. രാജ്യ്തതിന്റെ പല ഭാഗത്തു നിന്നും ഇവര്‍ക്കായി കഞ്ചാവ് എത്തിക്കാന്‍ പ്രത്യേക സംഘങ്ങളും നിലവിലുണ്ട്. അത്തരത്തില്‍ ഒരു സംഘത്തിലെ മൂന്ന് യുവാക്കളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. ഏഴു കിലോ കഞ്ചാവുമായിട്ടാണ് ഇവര്‍ പിടിയിലായിരിക്കുന്നത്.
ആന്ധ്ര, ഒഡീഷ വനപ്രദേശങ്ങളില്‍നിന്ന് ഇടനിലക്കാരില്ലാതെ കഞ്ചാവു ശേഖരിച്ചിരുന്നവരാണു പിടിയിലായത്. ഇവരുമായി ബന്ധപ്പെട്ട സിനിമ – സീരിയല്‍ രംഗത്തുള്ളവരെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.
സ്ഥിരമായി കൊച്ചിയിലേക്കു വന്‍തോതില്‍ കഞ്ചാവു കടത്തിയിരുന്ന യുവാക്കളാണു പൊലീസിന്റെ പിടിയിലായത്. വയനാട് കല്‍പ്പറ്റ സ്വദേശികളായ ഇജാസ്, നൗഷീര്‍, ചേര്‍ത്തല സ്വദേശി അനസ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കൊച്ചിയിലെ സിനിമ – സീരിയല്‍ രംഗത്തേക്കാണ് ഇവര്‍ കഞ്ചാവ് എത്തിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. ആന്ധ്ര, ഒഡീഷ അതിര്‍ത്തിയിലെ വനപ്രദേശങ്ങളില്‍ കഞ്ചാവ് കൃഷി ചെയ്യുന്നവരില്‍നിന്ന് ഇടനിലക്കാരില്ലാതെ നേരിട്ടാണ് ഇവര്‍ കഞ്ചാവ് ശേഖരിച്ചിരുന്നത്. അതിര്‍ത്തി ജില്ലയായ റായ്ഗഡയിലെ മട്ടിഗോണ, ലക്ഷ്മിപൂര്‍, കണ്ഡേശ്വര്‍ എന്നീ ഗ്രാമങ്ങളില്‍നിന്നാണ് ഇവര്‍ കഞ്ചാവ് എടുത്തിരുന്നത്.
കിലോയ്ക്ക് 4000 രൂപ നിരക്കില്‍ ശേഖരിക്കുന്ന കഞ്ചാവ്, 20,000 രൂപയ്ക്കാണു വിറ്റിരുന്നത്. പ്രതികളില്‍ ഒരാളായ അനസ് നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപം നടത്തിയിരുന്ന കാറ്ററിങ് സ്ഥാപനത്തിന്റെ മറവിലായിരുന്നു സിനിമ ലൊക്കേഷനുകളിലേക്ക് കഞ്ചാവെത്തിച്ചിരുന്നത്. ഇവരുമായി ബന്ധപ്പെട്ട സിനിമ – സീരിയല്‍ രംഗത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൂന്നുമാസത്തിനിടെ ഏഴു പ്രാവശ്യം കഞ്ചാവും ഹഷീഷും ഇവര്‍ കൊച്ചിയിലേക്ക് എത്തിച്ചിട്ടുണ്ട്.