പാരീസ് ആക്രമണത്തിന് ശേഷം തങ്ങളുടെ അടുത്ത ലക്ഷ്യം ബ്രിട്ടനാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പല വട്ടം ഭീഷണി മുഴക്കിയിരുന്നു. ഈ ഭീകരര്‍ ഇത് ചുമ്മാ പറയുന്നതാണെന്ന് നമ്മില്‍ ചിലരെങ്കിലും പരിഹസിച്ചിരിക്കാം. എന്നാല്‍ ബ്രിട്ടന്‍ സിറിയയില്‍ ഐസിസ് കേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രണം തുടങ്ങിയതിന് ശേഷം ഐസിസ് തങ്ങളുടെ ഭീഷണി കഴിഞ്ഞ ദിവസം ശക്തമാക്കുകയും ചെയ്തിരുന്നു. അതിനനുസരിച്ച് ബ്രിട്ടനിലെങ്ങും കനത്ത സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. ഐസിസുകാരുടെ ചില ആക്രമണ ശ്രമങ്ങള്‍ സമീപദിവസങ്ങളില്‍ തിരിച്ചറിഞ്ഞ് അട്ടിമറിച്ചെന്ന് സെക്യൂരിറ്റി സര്‍വീസുകള്‍ അടുത്തിടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കാരണത്താല്‍ ഭീഷണിയുണ്ടെങ്കിലും ബ്രിട്ടനില്‍ ആക്രമണം നടക്കാനുള്ള സാധ്യത വളരെക്കുറവാണെന്നായിരുന്നു മിക്കവരുടെയും ധാരണ. എന്നാല്‍ തങ്ങള്‍ പറഞ്ഞാല്‍ വാക്കു പാലിക്കുന്നവരാണന്നാണ് ലണ്ടനിലെ അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷനില്‍ ഇന്നലെ ഐസിസ് അനുഭാവി നടത്തിയ കത്തിക്കുത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഇന്നലെ രാത്രി ഏഴ് മണിക്ക് ലേട്ടന്‍സ്‌റ്റോണ്‍ അണ്ടര്‍ഗ്രൗണ്ട് സ്‌റ്റേഷനിലാണ് ഭീകരന്‍ സമീപത്ത് നിന്നിരുന്ന യാത്രക്കാരന്റെ കഴുത്തിന് കത്തി കൊണ്ട് വെട്ടി വന്‍ ഭീതി പരത്തിയിരിക്കുന്നത്.’ ഇത് സിറിയയ്ക്ക് വേണ്ടിയാണ്’ എന്ന് ഉറക്കെ ആക്രോശിച്ച് കൊണ്ടായിരുന്നു ഇയാള്‍ കൃത്യം നിര്‍വഹിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇത് ഐസിസ് ഭീകരതയുമായി ബന്ധപ്പെട്ട സംഭവം തന്നെയാണെന്നാണ് സ്‌കോട്ട്‌ലാന്‍ഡ് ഉറപ്പിച്ച് പറയുന്നത്. ഭീകരന്റെ കത്തിപ്രയോഗത്തിനിരയായ ആള്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും സമീപത്ത് രക്തപ്രളയമുണ്ടാവുകയും ചെയ്തിരുന്നു.യാത്രക്കാരന്റെ കഴുത്തിന് വെട്ടിയ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവി അതിന് ശേഷം മറ്റ് നിരവധി യാത്രക്കാരെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്തിരുന്നു. ഞൊടിയിടെ പോലീസ് സംഭവസ്ഥലത്തെത്തി ഇടപെട്ടതിനാലാണ് കൂട്ടക്കൊല ഒഴിവായത്. പോലീസുകാരെ കണ്ടിട്ടും ഭീകരന്‍ കത്തി പ്രയോഗം അവസാനിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഇലക്ട്രോണിക് ബുള്ളറ്റ് പ്രയോഗത്തിലൂടെ പോലീസ് ഇയാളെ വീഴ്ത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇന്നലെ നടന്ന ഈ ഭീകരസംഭവത്തെക്കുറിച്ചുള്ള അന്വേഷണം മെട്രോപൊളിറ്റന്‍ പോലീസിന്റെ കൗണ്ടര്‍ ടെററിസം കമാന്‍ഡ് ഏറ്റെടുത്തിട്ടുണ്ട്.ആക്രമണത്തില്‍ യാത്രക്കാരന് ഗുരുതരമായ പരുക്കുകളുണ്ടെങ്കിലും ജീവന് ഭീഷണിയില്ലെന്നാണ് സൂചന.ഈ കത്തി പ്രയോഗത്തില്‍ ഇയാള്‍ക്ക് പുറമെ മറ്റ് രണ്ട് പേര്‍ക്കും കൂടി പരുക്ക് പറ്റിയിട്ടുണ്ട്.
ഇന്നലെ ഈ ആക്രമണം നടക്കുന്ന സമയത്ത് ലേട്ടന്‍സ്റ്റോണ്‍ അണ്ടര്‍ ഗ്രൗണ്ട് സ്‌റ്റേഷനില്‍ ഉണ്ടായിരുന്നവര്‍ക്ക് ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അത്തരക്കാര്‍ ആന്റി ടെറര്‍ ഹോട്ട്‌ലൈനായ 0800 789 321ല്‍ അറിയിക്കണമെന്നാണ് പോലീസ് നിര്‍ദേശിച്ചിരിക്കുന്നത്. കത്തിക്കുത്തുമായി ബന്ധപ്പെട്ട് ഫോട്ടോകളോ വീഡിയോകളോ ഷൂട്ട് ചെയ്തവര്‍ അവ കേസന്വേഷണത്തിന്റെ ഭാഗമായി പോലീസിന് കൈമാറണമെന്നും ഉത്തരവുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ത്വരിതഗതിയില്‍ നടക്കുകയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നത് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് അധികൃതര്‍ ഇപ്പോള്‍ ചെയ്യുന്നത്.
ആക്രമണത്തിന് ശേഷവും അടങ്ങാതിരുന്ന ഭീകരനെ ഇലക്ട്രോണിക് ബുള്ളറ്റ് പ്രയോഗിച്ച് വീഴ്ത്തിയതിന് ശേഷം കൈയാമം വയ്ക്കുകയായിരുന്നു. കത്തിക്കുത്ത് നടന്ന് നിമിഷങ്ങള്‍ക്കകം സംഭവസ്ഥലത്തേക്ക് അനവധി പോലീസുകാര്‍ എത്തിച്ചേര്‍ന്നിരുന്നു. അനിഷ്ടസംഭവത്തിന്റെ ഫലമായി ലിവര്‍പൂള്‍സ്ട്രീറ്റിനും വുഡ്‌ഫോര്‍ഡിനും ന്യൂസ്‌ബെറി പാര്‍ക്കിനും ഇടയില്‍ അല്‍പസമയം ഗതാഗതം ട്രാന്‍സ്‌പോര്‍ട്ട്‌ലണ്ടന്‍ റദ്ദാക്കിയിരുന്നു. ഈ ഭാഗം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. യാത്രക്കാരന് തൊണ്ടയ്ക്കാണ് കുത്തേറ്റതെന്ന് ചിലര്‍ പറയുമ്പോള്‍ കൈയ്ക്കാണ് പരുക്കേറ്റതെന്നാണ് ചില വീഡിയോകള്‍ വെളിപ്പെടുത്തുന്നത്. ആക്രമണത്തെ തുടര്‍ന്ന് രാത്രി 7.09ഓടെ ആംബുലന്‍സ് സര്‍വീസും ലേട്ടന്‍സ്‌റ്റോണിലേക്ക് കുതിച്ചെത്തിയിരുന്നു. തുടര്‍ന്ന് അവര്‍ പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ലണ്ടനിലെ എയര്‍ ആംബുലന്‍സ് സര്‍വീസിലെ ഡോക്ടറും കൂടെത്തന്നെയുണ്ടായിരുന്നു.
മൂന്നിഞ്ച് നീളമുള്ള ഒരു ബ്ലേഡ് പോലുള്ള ആയുധം കൊണ്ടാണ് ഭീകരന്‍ ആക്രമം നടത്തിയതെന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. പാരീസ്‌ക്രമണത്തെ തുടര്‍ന്ന് യൂറോപ്പിലെങ്ങും ഭീകരാക്രമണ ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണീ ആക്രമമുണ്ടായതെന്നത് പരിഭ്രാന്തി വര്‍ധിപ്പിക്കുന്നുണ്ട്. ബ്രിട്ടന്‍ ഇസ്ലാമിക് സ്റ്റേററിന്റെ സിറിയയിലെ കേന്ദ്രങ്ങള്‍ക്ക് നേരെ കനത്ത ബോംബിംഗ് നടത്താനാരംഭിച്ചതിനെ തുടര്‍ന്ന് തങ്ങള്‍ ഇംഗ്ലണ്ടില്‍ കനത്ത ആക്രമണം നടത്തി തിരിച്ചടിക്കുമെന്ന് ഐസിസ് ഭീഷണി മുഴക്കി അധികം കഴിയുന്നതിന് മുമ്പാണ് ഈ കത്തിക്കുത്തുണ്ടായിരിക്കുന്നതെന്നതും ഇതിന്റ ഗൗരവം വര്‍ധിപ്പിക്കുന്നു.ക്രിസ്മസ് ഷോപ്പിംഗിനിടെ യുകെയിലെ പട്ടണങ്ങളിലും ഷോപ്പിംഗ് സെന്ററുകളിലും കടുത്ത ആക്രമണം നടത്തുമെന്ന് ഐസിസ് അടുത്തിടെ ഭീഷണിപ്പെടുത്തിയിരുന്നു. ഇന്നലെ നടന്ന ആക്രമണം പാരീസിലെ ബാറ്റ്ക്ലാന്‍ തിയേറ്ററില്‍ കഴിഞ്ഞ മാസം ഉണ്ടായ ആക്രമണത്തോട് സാമ്യമുള്ളതായിരുന്നു. അവിടുത്തെ ആക്രമണകാരിയും അല്ലാഹു അക്ബര്‍ എന്നും വിളിച്ച് പറഞ്ഞാണ് വെടിവയ്പ്പ് നടത്തിയിരുന്നത്.