
കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ സിപിഎം നേതാവും മുൻ എംഎൽഎയുമായ കെവി കുഞ്ഞിരാമൻ ഉൾപ്പെടെ 4 പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍, സിപിഐഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തേരി, എംകെ ഭാസ്‌കരന്‍ എന്നിവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ശിക്ഷ സ്റ്റേ ചെയ്തത്. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിച്ചത്.അഞ്ച് വർഷം തടവിനാണ് കഴിഞ്ഞ ദിവസം സിബിഐ കോടതി ഇവരെ ശിക്ഷിച്ചത്. ശിക്ഷ നടപ്പാക്കുന്നത് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ ഉദുമ എംഎൽഎയുമായ കെവി കുഞ്ഞിരാമൻ, പ്രാദേശിക സിപിഎം നേതാക്കളായ കെ മണികണ്ഠൻ, വെലുത്തോളി രാഘവൻ, കെവി ഭാസ്കരൻ എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഇവരുടെ അപ്പീൽ ഫയലിൽ സ്വീകരിച്ച് സിബിഐക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. അപ്പീലിൽ വിശദമായ വാദം പിന്നീട് നടക്കും. അപ്പീലിൽ അന്തിമ ഉത്തരവ് വരും വരെയാണ് സ്റ്റേ. 5 വർഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു കഴിഞ്ഞ ദിവസം സിബിഐ കോടതി ഇവർക്ക് ശിക്ഷ വിധിച്ചത്.
കുറ്റകൃത്യം നടത്തിയ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ചതായിരുന്നു ഇവർക്കെതിരെയുള്ള കുറ്റം. സ്റ്റേ ഉത്തരവിൻറെ അടിസ്ഥാനത്തിൽ ഇവർക്ക് ഇന്ന് തന്നെ ജയിൽമോചിതരാകാൻ കഴിയും. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തമായിരുന്നു ശിക്ഷ. ഇവരും വൈകാതെ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചേക്കും.
കേസിലെ 1 മുതൽ 8 വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെഎം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്ക് ഇരട്ട ജീവപര്യന്തവും മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി എ പീതാംബരൻ ഉൾപ്പടെ 10 പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.