പെരിയ കേസ് ഡയറി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കും .ഏഴുതവണ ആവശ്യപ്പെട്ടിട്ടും പൊലീസ് കേസ് ഡയറി കൈമാറിയില്ല; സെക്ഷൻ 91 പ്രകാരം പിടിച്ചെടുക്കാൻ CBI

തിരുവനന്തപുരം: പെരിയ കേസിൽ കേസ് ഡയറി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് സിബിഐ. ഇത് സംബന്ധിച്ച് സിബിഐ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടിസ് നൽകി. സി.ആർ.പി.സി 91 പ്രകാരമാണ് നോട്ടിസ് നൽകിയത്. പെരിയ ഇരട്ടക്കൊലപാതവുമായി ബന്ധപ്പെട്ട കേസ് ഡയറികളും രേഖകളും പലതവണ ആവശ്യപ്പെട്ടിട്ടും ഹാജരാക്കാൻ കേരള പൊലീസ് തയാറാകാതെ വന്നതോടെയാണ് നിലപാട് കടുപ്പിപ്പിച്ചത് . രേഖകൾ കൈമാറാൻ സിആർപിസി സെക്ഷൻ 91 പ്രകാരം ആവശ്യപ്പെട്ടിരിക്കുകയാണ് സിബിഐ. അപൂർവമായി മാത്രമാണ് സെക്ഷൻ 91 ഉപയോഗിക്കുന്നത്. കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും സിബിഐക്ക് കൈമാറാൻ കേരള ഹൈക്കോടതി നിർദേശിച്ചിരുന്നു. ഏഴുതവണ ആവശ്യപ്പെട്ടിട്ടും ഫയലുകൾ കൈമാറിയില്ലെന്നാണ് സിബിഐ പറയുന്നത്.

സി‌ആർ‌പി‌സി സെക്ഷൻ 91 പ്രകാരമുള്ള ഫയലുകൾ‌ ആവശ്യപ്പെടുന്ന സി‌ബി‌ഐ ഉത്തരവ്, സി‌ആർ‌പി‌സിയുടെ സെക്ഷൻ 93 പ്രയോഗിക്കുന്നതിന് മുന്നോടിയായിട്ടാണ് ഉപയോഗിക്കുന്നത്. കോടതിയിൽ നിന്ന് വാറണ്ട് നേടിയ ശേഷം തിരച്ചിൽ നടത്താനും രേഖകൾ പിടിച്ചെടുക്കാനും ഇത് കേന്ദ്ര അന്വേഷണ ഏജൻസിയെ അധികാരപ്പെടുത്തുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

”കേരളത്തിൽ ഇതാദ്യമായാണ് ഈ സെക്ഷൻ ഉപയോഗിക്കുന്നത്. പലതവണ ഫയലുകൾ ആവശ്യപ്പെട്ടിട്ടും സഹകരിക്കാൻ സംസ്ഥാനം തയാറാകാത്ത സാഹചര്യത്തിലാണിത്. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തെ ഈ നിസ്സഹകരണം തടസപ്പെടുത്തിയിരിക്കുകയാണ്” ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

സിബിഐ അന്വേഷണം തടയാൻ മുൻപ് രാജസ്ഥാൻ സർക്കാർ ചെയ്തതുപോലെ ഓർഡിനൻസ് കൊണ്ടുവരാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. എന്നാൽ ഇത്തരമൊരു കാര്യം ആലോചിച്ചിട്ടുപോലുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

2019 ഫെബ്രുവരി 17ന് പെരിയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെടുന്നത്. സിപിഎം പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പരാതി. 2019 സെപ്റ്റംബർ ഹൈക്കോടതി സിംഗിൾ ബെഞ്ച് അന്വേഷണം സിബിഐക്ക് വിടാൻ ഉത്തരവിട്ടു. ഇതിനെതിരെ സർക്കാർ അപ്പീൽ നൽകിയെങ്കിലും ഡിവിഷൻ ബെഞ്ചും സുപ്രീംകോടതിയും സിംഗിൾ ബെഞ്ച് വിധി ശരിവെക്കുകയായിരുന്നു.

കാസർകോട് പ്രിൻസിപ്പൽ കോടതിയിൽ നിന്ന് കേസ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റിയിരുന്നു. അന്വേഷണം മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ യഥാർത്ഥ കേസ് ഡയറിയും മറ്റ് ഫയലുകളും സിബിഐക്ക് ആവശ്യമാണ്. എന്നാൽ ഫയലുകൾ കൈമാറുന്നത് സംബന്ധിച്ച് പൊലീസിന് നിയപരമായ ചില സംശയങ്ങളുണ്ടെന്നും നിയമോപദേശത്തിനായി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ സമീപിച്ചിരിക്കുയാണെന്നും കഴിഞ്ഞ ആഴ്ച ഡിജിപി ലോക്നാഥ് ബെഹ്റ സിബിഐയെ അറിയിച്ചിരുന്നു. ഇത് അന്വേഷണം വൈകിപ്പിക്കാനുള്ള നീക്കമാണെന്നാണ് സിബിഐ പറയുന്നത്.

Top