ബ്രിട്ടന്‍: പുതിയ അഞ്ച് പൗണ്ട് നോട്ടില്‍ മൃഗക്കൊഴുപ്പ് അടങ്ങിയിരിക്കുന്നുവെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ബ്രിട്ടനിലെ ഹിന്ദുക്ഷേത്രങ്ങളില്‍ ഈ നോട്ട് നിരോധിച്ചു. ഇതിന് പുറമ വെജിറ്റേറിയന്‍ ഹോട്ടലുകളിലും ഇവ എടുക്കാന്‍ ഉടമകള്‍ വിസമ്മതം പ്രകടിപ്പിക്കുന്നുണ്ട്. ഇതില്‍ മൃഗക്കൊഴുപ്പുണ്ടെന്ന് അറിയാതെയാണ് സെപ്റ്റംബര്‍ മുതല്‍ മിക്കവരും ഈ നോട്ട് കൈകാര്യം ചെയ്യുന്നത്.
ഇവിടുത്തെ നാല് ക്ഷേത്രങ്ങളില്‍ പുതിയ അഞ്ച് പൗണ്ട് നോട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടന്നൊണ് നാഷണല്‍ കൗണ്‍സില്‍ ഓഫ് ഹിന്ദു ടെമ്പിള്‍സ് യുകെയിലെ സതീഷ് ശര്‍മ ബിബിസി ഏഷ്യന്‍ നെറ്റ് വര്‍ക്കിനോട് പ്രതികരിച്ചിരിക്കുന്നത്. ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയറിലെ അല്‍ഡെന്‍ഹാമിലുള്ള ഭക്തിവേദാന്ത മാനര്‍ അടക്കമുള്ള ക്ഷേത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമെ നിരവധി വെജിറ്റേറിയന്‍ കഫേകളിലും ഈ നോട്ടിന് വിലക്കുണ്ട്.കേംബ്രിഡ്ജിലെ റെയിന്‍ബോ കഫേ ഇതില്‍ പെടുന്ന ഒന്നാണ്.
ഈ നോട്ടിനെക്കുറിച്ച് നിരവധി പ്രമുഖര്‍ പ്രതികരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഈ നോട്ടില്‍ പൂച്ചയുടെയോ നായയുടെയോ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വെളിപ്പെടുത്തിയിരുന്നുവെങ്കില്‍ രാജ്യത്ത് കലഹം ഉണ്ടാവുമെന്നാണ് പ്രശസ്ത ഗായകന്‍ മോറിസേ അഭിപ്രായപ്പെടുന്നത്. പുതിയ നോട്ടിലെ ടാലോയില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചതിനെക്കുറിച്ച് ജനങ്ങളെ നല്ല രീതിയില്‍ ബോധവല്‍ക്കരിക്കേണ്ട ചുമതല ഇവിടുത്തെ മാധ്യമങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. നോട്ടില്‍ മൃഗക്കൊഴുപ്പുപയോഗിക്കുന്നത് ഒരു ധാര്‍മിക പ്രശ്‌നമായി കരുതുന്നുവെങ്കില്‍ അത്തരക്കാര്‍ തങ്ങളുടെ ശരീരം ഭാവിയിലെ അഞ്ച് പൗണ്ട് നോട്ടുകളില്‍ ഉപയോഗിക്കുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.താന്‍ പെര്‍ഫോം ചെയ്യുന്ന ഫെസ്റ്റിവെലുകള്‍ക്കിടെ ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റുകളില്‍ മാംസം പാചകം ചെയ്യുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് 2009ല്‍ വിവാദം സൃഷ്ടിച്ച ഗായകനാണ് മോറിസേ
നോട്ടില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചത് അസഹ്യമായ നടപടിയാണെന്നാണ് റെയിന്‍ബോ കഫെ നടത്തുന്ന ഷാരോണ്‍ മെയ്ജ്‌ലാന്‍ഡ് പ്രതികരിച്ചിരിക്കുന്നത്. ഈ പോളിമര്‍ നോട്ടില്‍ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് കഴിഞ്ഞ ആഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാജ്യമാകമാനമുള്ള ആയിരക്കണക്കിന് വെജിറ്റേറിയന്‍കാരും വേഗന്‍സും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.നോണ്‍ വെജിറ്റേറിയന്‍ ആയ യാതൊന്നും ഉപയോഗിക്കുന്നില്ലെന്നതാണ് തങ്ങളുടെ ബിസിനസിന്റെ അടിസ്ഥാനമെന്നും അത്തരമൊരു സാഹചര്യത്തില്‍ തങ്ങളുടെ കഫേയില്‍ ഇത്തരം നോട്ടുകള്‍ ഉപയോഗിക്കാനാവില്ലെന്നും മെയ്ജ്‌ലാന്‍ഡ് ബിബിസിയോട് പറഞ്ഞത്. ഇതിന്റെ പേരില്‍ കസ്റ്റമര്‍മാര്‍ക്കുണ്ടായ അസൗകര്യത്തിന് അദ്ദേഹം മാപ്പ് പറയുകയും ചെയ്യുന്നുണ്ട്. പുതിയ നയം സ്വീകരിച്ച ശേഷം ഒരൊറ്റ ഉപഭോക്താവ് പോലും ഇതിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
അഞ്ച് പൗണ്ട് നോട്ടില്‍ നിന്നും മൃഗക്കൊഴുപ്പടങ്ങിയ ടാലോ നീക്കം ചെയ്യണമെന്ന് ബാങ്കിനോട് ആവശ്യപ്പെട്ട് ഒരു പെറ്റീഷന്‍ ലോഞ്ച് ചെയ്തിട്ടുണ്ട്. കുംബ്രിയയിലെ കെസ്വിക്കിലുള്ള ഡൗഗ് മോയാണീ പെറ്റീഷന്‍ ആരംഭിച്ചിരിക്കുന്നത്. ഇതില്‍ ആയിരക്കണക്കിന് പേര്‍ ഒപ്പ് വച്ചിട്ടുണ്ട്.ടാലോയുടെ രൂപത്തില്‍ നോട്ടില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടുണ്ടെന്നും ഇത് രാജ്യത്തെ മില്യണ്‍ കണക്കിന് വെജിറ്റേറിയന്മാര്‍ക്കും വേഗന്മാര്‍ക്കും അസ്വീകാര്യമാണെന്നാണീ പെറ്റീഷന്‍ പറയുന്നത്. കൂടാതെ യുകെയിലെ ഹിന്ദുക്കള്‍ , സിഖുകാര്‍, ജൈനന്മാര്‍, തുടങ്ങിയവര്‍ക്കും ഇത് ഉള്‍ക്കൊള്ളാനാവില്ലെന്നും പെറ്റീഷന്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ ഉപയോഗിക്കുന്ന നോട്ടുകളില്‍ മൃഗക്കൊഴുപ്പ് ഉപയോഗിക്കരുതെന്നും പെറ്റീഷനില്‍ ഒപ്പ് വച്ചവര്‍ ആവശ്യപ്പെടുന്നു. അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന പുതിയ 10 പൗണ്ട് നോട്ട്, 2020ല്‍ ഇറങ്ങുന്ന 20 പൗണ്ട് പോളിമര്‍ നോട്ട് എന്നിവയും ഇതേ രീതിയിലാണ് നിര്‍മ്മിക്കുന്നതെന്ന് വെളിപ്പെട്ടിട്ടുണ്ട്. ടാലോ എന്നത് മെഴുകുതിരിയലും സോപ്പിലും വ്യാപകമായി ഉപയോഗിക്കുന്ന പദാര്‍ത്ഥമാണെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വക്താവ് പ്രതികരിച്ചിരിക്കുന്നത്.