ജകാര്‍ത്ത: 54 പേരുമായി പറന്ന് തകര്‍ന്ന് വീണ ഇന്തോന്യേഷന്‍ വിമാനം കുപ്രസിദ്ധ കമ്പനിയുടേത്. ഈ കമ്പനിയുടെ വിമാനങ്ങള്‍ സര്‍വീസ് ആരംഭിച്ചത് 1991ല്‍ ആണ്. ഇതിനുശേഷം, 14 തവണ ഇവ അപകടത്തില്‍ പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതില്‍ 10 വിമാനങ്ങളും പൂര്‍ണമായും തകര്‍ന്നിരുന്നു. ഇതിന്റെ പേരില്‍ യൂറോപ്യന്‍ യൂണിയന്‍ കരിമ്പട്ടികയില്‍പ്പെടുത്തി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന വിമാന കമ്പനിയാണിത്.
കിഴക്കന്‍ പ്രവിശ്യ പാപ്വയില്‍ വെച്ചാണ് പ്രാദേശിക സമയം പകല്‍ 2.55ന് വിമാനവുമായുള്ള ബന്ധം നഷ്ടമായതെന്ന് ദേശീയ തിരച്ചില്‍ രക്ഷാപ്രവര്‍ത്തന ഏജന്‍സി (ബസര്‍നാസ്) അറിയിച്ചത്. . പാപ്വയുടെ തലസ്ഥാനമായ ജയപുരയില്‍നിന്ന് ഒക്‌സിബിലിലേക്ക് പോവുകയായിരുന്ന ട്രിഗാന എയറിന്റെ എ.ടി.ആര്‍ 42300 എന്ന വിമാനമാണ് തകര്‍ന്നതെന്ന് ഇന്തോനേഷ്യന്‍ ഗതാഗത മന്ത്രാലയം വക്താവ് ജൂലിയസ് ബരത പറഞ്ഞു.
49 യാത്രക്കാരും അഞ്ച് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. മൂന്ന് കൈകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ അഞ്ച് കുട്ടികള്‍ ഉണ്ടായിരുന്നതായാണ് വിവരം. പാപ്വന്യൂഗിനിയയുമായി അതിര്‍ത്തി പങ്കിടുന്ന പട്ടണമാണ് ഒക്‌സിബില്‍. മലകളും കുന്നുകളും നിറഞ്ഞ പാപ്വയില്‍ വിമാന ഗതാഗതമാണ് പ്രധാന ആശ്രയം. വിമാനം കാണാതായിരിക്കുന്നത് മലമ്പ്രദേശത്തുവെച്ചാണ്. അനുകൂലമല്ലാത്ത കാലാവസ്ഥയിലാണ് വിമാനം പറന്നിരുന്നതെന്നാണറിയുന്നത്.
അതേസമയം, മലമുകളില്‍ വിമാനം തകര്‍ന്നു വീഴുന്നത് കണ്ടെതായി പ്രദേശവാസികള്‍ അധികൃതരെ അറിയിച്ചു. ഒക്‌സിബിലില്‍ നിന്നും 24 കിലോമീറ്റര്‍ പടിഞ്ഞാറുള്ള ഒക്ബാപ ഗ്രാമ വാസികളാണ് താഴ്ന്ന് പറക്കുന്ന വിമാനം മലമുകളില്‍ തകര്‍ന്നു വീഴുന്നത് കണ്ടെന്ന് അധികൃതരെ അറിയിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ പ്രയാസകരമായ മലകളും ഇടതൂര്‍ന്ന വനങ്ങളുമുള്ള പ്രദേശമാണിത്. രാത്രി ആരംഭിച്ചതിനാല്‍ മേഖലയില്‍ തിരച്ചില്‍ നിര്‍ത്തിവെച്ചിരിക്കയാണെന്ന് ജയപുരയിലെ ബസര്‍നാസ് ഓഫിസ് അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ തിരച്ചില്‍ പുനരാരംഭിക്കും. ഒക്ബാപയില്‍ നിന്നും വിമാനവശിഷ്ടങ്ങള്‍ കണ്ടത്തെിയതായി റിപ്പോര്‍ട്ടുണ്ട്.