ന്യൂഡല്‍ഹി: ഇന്ത്യയുടെ ഏറ്റവും വലിയ ടെലികോം കമ്പനിയും കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനവുമായ ബിഎസ്എന്‍എല്‍ 54,000 ജീവനക്കാരെ പിരിച്ചുവിടുന്നു. പിരിച്ചുവിടാനുള്ള തീരുമാനത്തിന് കേന്ദ്രം അംഗീകാരം നല്‍കിയെന്നും റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം പിരിച്ചുവിടാനാണ് തീരുമാനം.
കേന്ദ്രസര്‍ക്കാരുമായി കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ യോഗത്തില്‍ സുപ്രധാനമായ 10 തീരുമാനങ്ങളാണ് അംഗീകരിച്ചത്. ഇതില്‍ ഏറ്റവും സുപ്രധാനമായതാണ് ജീവനക്കാരെ ഒഴിവാക്കാനുള്ളതെന്നും റിപ്പോര്‍ട്ടുണ്ട്. വന്‍ പ്രത്യഘാതങ്ങള്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഈ തീരുമാനം രഹസ്യമാക്കി വയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ബി.എസ്.എന്‍.എല്ലിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ഇതിന് പുറമെ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60ല്‍ നിന്ന് 58ലേക്ക് മാറ്റാനും ബി.എസ്.എന്‍.എല്‍ തീരുമാനിച്ചു. 50 വയസിന് മുകളിലുള്ള എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധിത വിരമിക്കല്‍ നല്‍കാനും 4ജി സ്പെക്ട്രം ഏറ്റെടുക്കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഇതോടെ 1,74,312 ജീവനക്കാരുള്ള ബി.എസ്.എന്‍.എല്ലില്‍ നിന്നും ഏതാണ്ട് 31 ശതമാനം ജീവനക്കാര്‍ക്കും പുറത്ത് പോകേണ്ടി വരും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ബി.എസ്.എന്‍.എല്ലിന് ജീവനക്കാരെ കുറയ്ക്കുന്നതിലൂടെ ആറ് വര്‍ഷത്തെ കാലയളവില്‍ ശമ്പള ഇനത്തില്‍ മാത്രം 13,895 കോടി ലാഭിക്കാനാകുമെന്നാണ് കണക്ക്.
ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന ബി.എസ്.എന്‍.എല്ലും എം.ടി.എന്‍.എല്ലും കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനികള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അതിനിടെ ബി.എസ്.എന്‍.എല്ലിന് നല്‍കിയിരുന്ന പല കരാറുകളും കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ കമ്പനിയായ റിലയന്‍സ് ജിയോയ്ക്ക് നല്‍കുന്നുവെന്നും ആരോപണമുണ്ട്.