ഇന്ത്യയിൽ ഈ വർഷം തന്നെ 5ജി ലഭ്യമാകുമെന്ന് സർക്കാർ. ഇന്ത്യയുടെ 5ജി നെറ്റ്വര്‍ക്ക് അവസാന ഘട്ടത്തിലാണെന്ന് സര്‍ക്കാര്‍ പറയുന്നു. ‘ഇന്ത്യ ടെലികോം 2022’ ബിസിനസ് എക്സ്പോയെ അഭിസംബോധന ചെയ്യവെ കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.
6ജി നിലവാരം വികസിപ്പിക്കുന്നതില്‍ രാജ്യത്തിന്റെ പങ്കാളിത്തത്തിനും മന്ത്രി ഊന്നല്‍ നല്‍കി. രാജ്യം സ്വന്തമായ 4ജി കോര്‍ & റേഡിയോ ശൃംഖലയും വികസിപ്പിച്ചെടുത്തിട്ടുണ്ട്. 5ജി നെറ്റ്വര്‍ക്കും അതിന്റെ വികസനത്തിന്റെ അവസാന ഘട്ടത്തിലാണ്. രാജ്യം ഇന്ന് 6ജി നിലവാരത്തിന്റെ വികസനത്തില്‍, 6ജിയെക്കുറിച്ചുള്ള ചിന്താ പ്രക്രിയയില്‍ പങ്കാളികളാണ് എന്ന് വൈഷ്ണവ് പറഞ്ഞു.
ടെലികോം ഓപ്പറേറ്റര്‍മാര്‍ 2022-ല്‍ 5ജി സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ സ്‌പെക്ട്രം ലേലം വരും മാസങ്ങളില്‍ നടത്തുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് സെഷനില്‍ പ്രഖ്യാപിച്ചിരുന്നു. പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിയുടെ ഭാഗമായി 5 ജിക്ക് ശക്തമായ ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാന്‍ സഹായിക്കുന്ന ഡിസൈന്‍ നേതൃത്വത്തിലുള്ള നിര്‍മ്മാണത്തിനായി ഒരു പദ്ധതി ആരംഭിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുകയാണെന്നും അവര്‍ പ്രഖ്യാപിച്ചു.
ചില പ്രധാന ഇന്ത്യന്‍ നഗരങ്ങളിൽ 2022 അവസാനത്തോടെ 5ജി നെറ്റ്വര്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍ 13 മെട്രോ നഗരങ്ങളില്‍ മാത്രമേ ഈ വര്‍ഷം ആദ്യം 5ജി സേവനം ലഭിക്കൂ. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഗുരുഗ്രാം, ചണ്ഡീഗഡ്, ബാംഗ്ലൂര്‍, അഹമ്മദാബാദ്, ജാംനഗര്‍, ഹൈദരാബാദ്, പൂനെ, ലഖ്നൗ, ഗാന്ധിനഗര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.