ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഏഴ് വയസ്സുകാരി ജോലി അന്വേഷിച്ച് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈയ്ക്ക് കത്ത് എഴുതിയത്. ആ പെണ്‍കുട്ടിക്ക് ഇപ്പോള്‍ ജോലി ലഭിച്ചിരിക്കുന്നു, അതും പേരുകേട്ട ടെക് കമ്പനിയില്‍ തന്നെ. കുട്ടികള്‍ക്ക് വേണ്ടിയുള്ള ഡിവൈസുകളും ടെക് പഠന സഹായികളും നിര്‍മിക്കുന്ന കാനോ എന്ന കമ്പനിയിലാണ് ബ്രിട്ടീഷ് സ്വദേശിയായ ക്ലോ ബ്രിഡ്ജ്‌വേയ്ക്കും സഹോദരി ഹോലിയ്ക്കും (അഞ്ചു വയസ്സ്) ജോലി ലഭിച്ചിരിക്കുന്നത്.
കാനോ പുറത്തിറക്കുന്ന ഓരോ ഉല്‍പന്നവും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുകയാണ് കുഞ്ഞു സഹോദരിമാര്‍ക്കുള്ള ജോലി. വിപണിയില്‍ ഇറക്കുന്നതിനു മുന്‍പ് എല്ലാ പ്രോഡക്ടുകളും ക്ലോ ബ്രിഡ്ജ്‌വേയും സഹോദരിയും പരിശോധിച്ച് വിലയിരുത്തുമെന്ന് കാനോ വക്താവ് അറിയിച്ചു. എന്തായാലും കുഞ്ഞിലെ രസകരമായ ഒരു ജോലി കിട്ടിയ സന്തോഷത്തിലാണ് ക്ലോ ബ്രിഡ്ജ്‌വേയും സഹോദരിയും.ചോക്ലേറ്റ് ഫാക്ടറിയില്‍ ജോലി ചെയ്യണമെന്നും ഒളിംപിക്‌സിന്റെ നീന്തല്‍ മത്സരത്തില്‍ പങ്കെടുക്കണമെന്നുമുള്ള ആഗ്രഹങ്ങളും ക്ലോ കത്തില്‍ പങ്കുവച്ചിരുന്നു. കത്തിന് നന്ദി പറഞ്ഞു കൊണ്ടും ക്ലോയെ പ്രോത്സാഹിപ്പിച്ചു കൊണ്ടുമാണ് സുന്ദര്‍ പിച്ചൈ മറുപടി കത്തയച്ചത്. കഠിനമായി പ്രയത്‌നിക്കുകയും സ്വപ്നങ്ങളെ പിന്തുടരുകയും ചെയ്താല്‍ ഗൂഗിളില്‍ ജോലി ചെയ്യുന്നതും, ഒളിംപിക്‌സിന് നീന്തുന്നതും അടക്കമുള്ള ക്ലോയുടെ ആഗ്രഹങ്ങള്‍ എല്ലാം സാധിക്കുമെന്നും പിച്ചൈ മറുപടി കത്തില്‍ പറഞ്ഞു.