കോഴിക്കോട്: സീബ്രാലൈനില്‍ നിരന്തരമായി ട്രാഫിക് നിയമലംഘനം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് തുടര്‍ന്ന് നടത്തിയ ‘ഓപ്പറേഷന്‍ സീബ്ര’ യില്‍ വലയിലായത് 43 പേര്‍. കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ ബി ഷെഫീഖിന്റെ നേതൃത്വത്തില്‍ മഫ്തിയില്‍ നടത്തിയ പരിശോധനയിലാണ് വാഹന ഉടമകള്‍ക്കെതിരേ കേസെടുത്തത്. സീബ്രാ ലൈനില്‍ വാഹനം നിര്‍ത്താതിരിക്കല്‍, കാല്‍നട യാത്രക്കാരെ കടത്തിവിടാതെയുള്ള ഡ്രൈവിംഗ്, സിഗ്നലില്‍ സീബ്രാലൈനിന് മുകളില്‍ വാഹനം നിര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ ഭാഗത്തുനിന്നുണ്ടായത്. നിയമലംഘനത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഫോട്ടോയും അധികൃതര്‍ പുറത്തുവിട്ടു. കേസെടുത്ത 43 പേരും എടപ്പാളിലെ ഐ ഡി ടി ആറിലെ ഒരു ദിവസത്തെ റിഫ്രഷര്‍ കോഴ്‌സില്‍ പങ്കെടുക്കണം. ജില്ലയിലെ വിവിധ ഭാഗങ്ങളിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.