ഷൈജു ആച്ചാണ്ടി
എറണാകുളം പി വി എസ് ആശുപത്രിയില്‍ കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായ ഒരു രോഗി കഴിഞ്ഞ ആഴ്ച മരണപ്പെട്ടു. 26 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ കഴിഞ്ഞ് നാലു മണിക്കൂര്‍ ആയപ്പോഴായിരുന്നു മരണം. ഏറ്റവും നീണ്ട അവയവമാറ്റ ശസ്ത്രക്രിയ എന്ന വിശേഷണവുമായി ആശുപത്രി പി ആര്‍ ഓ ഇതേ കുറിച്ചു വാര്‍ത്തയെഴുതിക്കൊണ്ടിരിക്കെ മരണം സംഭവിച്ചതിനാല്‍, ശസ്ത്രക്രിയ വാര്‍ത്തയായില്ല. മരണവും വാര്‍ത്തയായില്ല.
പുനെയില്‍ സ്ഥിരവാസമാക്കിയ, ഇടത്തരം സാമ്പത്തികസ്ഥിതിയുള്ള ഒരു മലയാളി കുടുംബനാഥനാണ് മരണപ്പെട്ടത്. അദ്ദേഹത്തിന്റെ 23 വയസ്സുള്ള മകളാണ് കരള്‍ നല്‍കിയത്. സര്‍ജറിക്കു ശേഷം സുഖം പ്രാപിച്ചു വരുന്ന അവളെ അച്ഛന്റെ മരണവാര്‍ത്ത ഇതുവരെ അറിയിച്ചില്ല.
നാല്‍പതു ലക്ഷത്തോളം രൂപ കുടുംബത്തിന് ഇക്കാര്യത്തിനായി ആകെ ചെലവായിട്ടുണ്ട്. ആശുപത്രി ബില്‍ മാത്രം 25 ലക്ഷത്തിലേറെയായി. 15 ലക്ഷത്തിന്റെയും 8 ലക്ഷത്തിന്റെയും രണ്ടു വായ്പകള്‍ മകന്‍ എടുത്തിട്ടുണ്ട്. ബന്ധുമിത്രങ്ങള്‍ സഹായിക്കുകയും ചെയ്തു.
പണച്ചിലവേറിയതായാലും, അവയവമാറ്റശസ്ത്രക്രിയകളോടു ആശയപരമായി യോജിപ്പാണെനിക്ക്. പണമുണ്ടാക്കാനാകും, ജീവനുണ്ടാക്കാനാകില്ല. അതുകൊണ്ട് ജീവനുവേണ്ടി ഏതറ്റം വരെയും പോകാം എന്നാണ് ഞാന്‍ കരുതുന്നത്.
പക്ഷേ അതിനായി ഒരു കുടുംബത്തിന്റെ നട്ടെല്ലൊടിക്കുന്നതിനോടു യോജിപ്പില്ല. ഒരു കുഞ്ഞു കുഴല്‍ കിണറില്‍ വീണാല്‍ നാം എന്തു വില കൊടുത്തും അതിനെ രക്ഷിക്കും, അതിനായി ഒരു ഭരണകൂടമൊന്നാകെ രംഗത്തിറങ്ങും.
കുരുക്കില്‍ പെട്ടുപോകുന്ന ഒരു കൊടുംകുറ്റവാളിയുടെ ജീവനോടും നമ്മുടെ സമീപനമിതായിരിക്കും. അങ്ങിനെയിരിക്കെ, ചികിത്സാരംഗത്തും സ്റ്റേറ്റ് ഈ സമീപനമെടുക്കണം. മനുഷ്യജീവന്‍ സംരക്ഷിക്കാന്‍ ഒത്തുതീര്‍പ്പില്ലാതെ പോരാടണം. അത്തരം ചികിത്സാനടപടികളും അതില്‍ നിന്നാര്‍ജിക്കുന്ന അറിവുകളും അനുഭവങ്ങളുമെല്ലാം ഈ രംഗത്തു കൂടുതല്‍ മുന്നേറാന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചികിത്സാരംഗത്തെ സഹായിക്കുമെന്നും തോന്നുന്നു.
പക്ഷേ, ചികിത്സയുടെ ജയസാദ്ധ്യതകളും പരാജയവാര്‍ത്തകളും ജനങ്ങളറിയുക തന്നെ വേണം.
ഈ ശസ്ത്രക്രിയയുടെ പരാജയം ആശുപത്രിയുടെയോ ഡോക്ടര്‍മാരുടെയോ വീഴ്ചയായിരിക്കാനിടയില്ല. അമ്പതു ശതമാനം ജയസാദ്ധ്യത ഒരു ഡോക്ടര്‍ പറയുന്നുണ്ടെങ്കില്‍ അമ്പതു ശതമാനം പരാജയസാദ്ധ്യത അതിലുള്ളതു നാം കേള്‍ക്കില്ല. ഇത്തരം വാര്‍ത്തകള്‍ പുറത്തു വരുന്നത് യാഥാര്‍ത്ഥ്യബോധം ഉള്ളവരാകാന്‍ ജനങ്ങളെ സഹായിച്ചേക്കും.
വിരാമതിലകം:
പണ്ട്, അവയവമാറ്റ ശസ്ത്രക്രിയാവിദഗ്ദ്ധരുടെ ഒരു യോഗം റോമില്‍ നടക്കുകയായിരുന്നു. യോഗത്തെ അഭിസംബോധന ചെയ്ത പോപ് ജോണ്‍ പോള്‍ രണ്ടാമന്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചുകൊണ്ട് ഇങ്ങിനെ ആശംസിച്ചു –
‘ദൈവം നിങ്ങളെ രക്ഷിക്കട്ടെ, നിങ്ങളെ പോലുള്ളവരുടെ കൈകളില്‍ നിന്ന് എന്നെയും!’
(ഷൈജു ആച്ചാണ്ടി ഫേസ്ബുക്കില്‍ നല്‍കിയ കുറിപ്പ്)