സമകാലിക ചൈനീസ് ജീവിതത്തിന്റെ അഭ്രക്കാഴ്ചയുമായി രാജ്യാന്തര ചലച്ചിത്ര മേളയിൽ നാല് ചൈനീസ് ചിത്രങ്ങൾ.ഷി-ഫൈ യുടെ എ മംഗോളിയൻ ടെയ്ൽ,ഗേൾ ഫ്രം ഹുനാൻ,വാങ് ക്യുന്റെ എപ്പാർട്ട് ടുഗെതർ, ട്യുയാസ് മാര്യേജ് എന്നീ ചിത്രങ്ങളാണ് കൺട്രി ഫോക്കസ് എന്ന ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
വീട്ടിലെ ദത്തു പുത്രനെ വിവാഹം ചെയ്യേണ്ടി വരുന്ന കൗമാരക്കാരിയുടെ ജീവിത കഥപറയുന്ന ചിത്രമാണ് എ മംഗോളിയൻ ടെയ്ൽ.1995 ൽ മോൺട്രിയൽ ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷക പ്രീതി നേടിയ ഈ ചിത്രം ബോക്സ് ഓഫീസിലും മികച്ച വിജയം നേടിയിരുന്നു.
ഗർഭിണിയായിരിക്കെ ഉപേക്ഷിച്ചു പോയ കാമുകിയെ തേടി അര നൂറ്റാണ്ടിനു ശേഷം ഗ്രാമത്തിൽ തിരിച്ചെത്തുന്ന ചൈനീസ് പട്ടാളക്കാരന്റെ അനുഭവമാണ് എപ്പാർട്ട് ടുഗെതറിന്റെ പ്രമേയം.
പന്ത്രണ്ടു വയസുള്ള പെൺകുട്ടിയും രണ്ടു വയസുള്ള ആൺകുട്ടിയും തമ്മിലുള്ള വിവാഹവും തുടർന്നുള്ള ജീവിതവും പ്രമേയമാക്കിയ ചിത്രമായ ഗേൾ ഫ്രം ഹുനാൻ റൂസ്റ്റർ ചലച്ചിത്രമേളയിൽ മികച്ച ഛായാഗ്രഹണം ഉൾപ്പടെ വിവിധ പുരസ്‌ക്കാരങ്ങൾ നേടിയിട്ടുണ്ട് .പ്രൊജക്ടർ സിനിമകളെ ഡിജിറ്റൽ യുഗത്തിലേക്ക് പുനഃസ്ഥാപിക്കാനുള്ള ചൈനീസ് സാങ്കേതിക വിദ്യയെക്കുച്ചുള്ള ചർച്ചയും ഈ വിഭാഗത്തിന് അനുബന്ധമായുണ്ട്.