കശ്മീര്‍ മാധ്യമസ്വാതന്ത്ര്യത്തിനായി തൃശൂരില്‍ സംഗമം..

കശ്മീരിലെ മാധ്യമസ്വാതന്ത്ര്യത്തിനായി തൃശൂരില്‍ സംഘടിപ്പിക്കുന്ന മാധ്യമസംഗമത്തില്‍ അന്തര്‍ദേശീയ പ്രശസ്തരായ രണ്ട് പ്രമുഖ കശ്മീരി ജേര്‍ണലിസ്റ്റുകള്‍ പങ്കെടുക്കുന്നു. കശ്മീര്‍ ടൈംസ് എക്‌സിക്യുട്ടീവ് എഡിറ്റര്‍ അനുരാധ ഭാസിനും ബി.ബി.സി മുന്‍ ലേഖകനും ഏഷ്യന്‍ ഏജ് പ്രതിനിധിയുമായ യൂസഫ് ജമീലുമാണ് കശ്മീരിന്റെ നേര്‍ക്കാഴ്ചകള്‍ വിവരിക്കുക.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി യൂണിയനുമായി ചേര്‍ന്ന് കേരള മീഡിയ അക്കാദമിയാണ് മാധ്യമസംഗമം സംഘടിപ്പിക്കുന്നത്. തൃശൂര്‍ ജവഹര്‍ ബാലഭവന്‍ ഓഡിറ്റോറിയത്തില്‍ ചൊവ്വാഴ്ച (ഡിസംബര്‍ 10) രാവിലെ 11 ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി. രാജീവ്, ഫ്രണ്ട്‌ലൈന്‍ ദല്‍ഹി ബ്യൂറോ ചീഫ് വെങ്കിടേശ് രാമകൃഷ്ണന്‍, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി സി. നാരായണന്‍ എന്നിവര്‍ സംസാരിക്കും. അക്കാദമി സെക്രട്ടറി ടി.സി. ചന്ദ്രഹാസന്‍ സ്വാഗതവും പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ സെക്രട്ടറി പ്രഭാസ് നന്ദിയും പറയും.

സമ്മേളനത്തോടനുബന്ധിച്ച് മീഡിയ അക്കാദമി ഒരുക്കിയിട്ടുള്ള അന്തര്‍ദേശീയ ഫോട്ടോഗ്രഫി പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം പി. രാജീവ് നിര്‍വഹിക്കും. ഡിസംബര്‍ 10 മുതല്‍ 15 വരെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലാണ് ഫോട്ടോ പ്രദര്‍ശനം. അന്തര്‍ദേശീയ ഫോട്ടോഗ്രാഫര്‍മാരുടെ ലോകത്തെ പിടിച്ചുലച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.

കശ്മീരില്‍ തുടരുന്ന മാധ്യമനിയന്ത്രണത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച അനുരാധ ഭാസിന്റെ ഹര്‍ജി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്. ജമ്മുകശ്മീരിലെ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് ദിനപത്രമാണ് കശ്മീര്‍ ടൈംസിന്റെ സ്ഥാപകന്‍ അനുരാധയുടെ പിതാവ് വേദ് ഭാസിനാണ്. കശ്മീരികളുടെ അഭിപ്രായം തേടാതെ കശ്മീര്‍ പ്രശ്‌നം പരിഹരിക്കാനാകില്ലെന്ന് വാദിച്ച അച്ഛന്റെ ധീരമായ പാത പിന്തുടരുന്ന പത്രാധിപയാണ് അനുരാധ.കശ്മീര്‍ സംഘര്‍ഷങ്ങളുടെ ധീരമായ റിപ്പോര്‍ട്ടിംഗിലൂടെ ആഗോളശ്രദ്ധ നേടിയ മാധ്യമപ്രവര്‍ത്തകനാണ് യൂസഫ് ജമീല്‍. 11 വര്‍ഷത്തോളം ബി.ബി.സി ന്യൂസിന്റെയും പിന്നീട് റോയിട്ടേഴ്‌സ് ടൈംസ്, ന്യൂയോര്‍ക്ക് ടൈംസ് എന്നിവയുടേയും റിപ്പോര്‍ട്ടറായിരുന്നു. ഇന്ത്യയും പാക്കിസ്ഥാനുമായി നടന്ന എല്ലാ യുദ്ധങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള യൂസഫിന്റെ വാര്‍ത്തകളാണ് സമീപസമയത്ത് അല്‍ജസീറ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ആശ്രയിച്ചത്.

Top