തിരുവനന്തപുരം: വെള്ളറടയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കിളിയൂർ വാഴപ്പറമ്പ് വീട്ടിൽ തോമസുകുട്ടി (28) ആണ് പൊലീസ് പിടിയിലായത്. തൊഴിലുറപ്പ് തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, സ്‌കൂൾ പ്രദേശങ്ങളിൽ അടക്കം സ്ഥിരമായി കഞ്ചാവ് വിൽപന നടത്തുന്ന തോമസ് കുട്ടിയാണ് പൊലീസിന്റെ വലയിലായത്. കഞ്ചാവ് വില്പന നടത്തുന്നതിനിടെയാണ് സർക്കിൾ ഇൻസ്‌പെക്ടർ പ്രസാദ് സബ് ഇൻസ്‌പെക്ടർ റസൽ രാജ്, സിവിൽ പൊലീസുകാരായ പ്രദീപ്, ദീപു, സനൽ, ജയദാസ് അടങ്ങുന്ന സംഘം പ്രതിയെ പിടികൂടിയത്.
പ്രദേശത്ത് മുമ്പും കഞ്ചാവ് കച്ചവടം നടത്തിയതിന് തോമസുകുട്ടി പൊലീസ് വലയിലായിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇയാള്‍ക്ക് കഞ്ചാവ് ലഭിച്ചത് എവിടെ നിന്നാണെന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. കോട്ടയം ചങ്ങനാശ്ശേരിയിൽ എക്സൈസ് സംഘവും വൻ കഞ്ചാവ് ശേഖരം പിടികൂടി. ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷന്റെ പുതിയ പ്രവേശന കവാടത്തിന് മുൻവശം വച്ചാണ് 12.5 കിലോ കഞ്ചാവ് പിടികൂടിയത്. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി ഷെറോൺ നജീബിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി.എസ് പ്രമോദും പാർട്ടിയും ചേർന്നാണ് കേസെടുത്തത്.