ന്യൂഡൽഹി: സാമൂഹിക ക്ഷേമപദ്ധതികൾക്കായി ആധാർ നിർബന്ധമാക്കരുതെന്ന് സുപ്രീംകോടതി. എന്നാൽ ആധാർ നിർത്തലാക്കാനില്ല. ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് ആധാർ വേണമെന്നതിൽ മാറ്റമില്ല. ആധാർ സംബന്ധിച്ച കേസ് ഉടൻ തീർപ്പാക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
ആധാർ സംബന്ധിച്ച് കോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവിൽ അവ്യക്തതയില്ല. ആദായനികുതി പോലുള്ളവയ്ക്ക് ആധാർ നിർബന്ധമാക്കുന്നതിൽനിന്ന് സർക്കാരിനെ വിലക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
മൊബൈൽ ഫോൺ സിം കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ് എന്നിവ ലഭിക്കാൻ കേന്ദ്രസർക്കാർ ആധാർ നിർബന്ധമാക്കാൻ ഒരുങ്ങുകയാണ്. വ്യാജ വിലാസത്തിലുള്ള സിം കാർഡുകൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് സിം കാർഡിന് ആധാർ നിർബന്ധമാക്കുന്നത്. ഇതിനിടെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
സാമൂഹികക്ഷേമ പദ്ധതികൾക്ക് ആധാർ നിർബന്ധമാക്കരുത്; സുപ്രീം കോടതി
Tags: aadhaar