ആമസോണ്‍ ജീവനക്കാര്‍ക്കായി മഴക്കാടുകള്‍ തന്നെയാണ് പുനഃസൃഷ്ടിച്ചിരിക്കുന്നത്. ഗ്ലാസുകൊണ്ട് നിര്‍മിച്ച പടുകൂറ്റന്‍ ബൗളിനുള്ളിലാണ് ആമസോണ്‍ മഴക്കാടുകള്‍ വച്ച് പിടിപ്പിച്ചത്. സിയാറ്റിലില്‍ നിര്‍മിച്ച ആമസോണിന്റെ പുതിയ ഓഫീസ് സമുച്ചയം കഴിഞ്ഞ ദിവസം ജീവനക്കാര്‍ക്കായി തുറന്നുകൊടുത്തു. വിവിധ ഇനത്തില്‍ പെട്ട 40,000 ചെടികളാണ് കമ്പനിയുടെ പുതിയ ഹെഡ്ക്വാട്ടേഴ്സ് കെട്ടിടത്തിലെ ഈ ബില്‍ഡിങ്ങിലുള്ളത്. 30 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നും ശേഖരിച്ചതാണ് ഈ ചെടികള്‍. കാലിഫോര്‍ണിയന്‍ കാട്ടിലെ ഒരു മരം ചുവടോടെ പിഴുതെടുത്ത് ഇവിടെ എത്തിച്ചിട്ടുമുണ്ട്. താപനില ക്രമീകരിക്കാനുളള പ്രത്യേക സംവിധാനം കെട്ടിടത്തിനുള്ളിലുണ്ട്. വൈഫൈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്ന കെട്ടിടത്തില്‍ ജീവനക്കാര്‍ക്ക് മീറ്റിങ്ങ് നടത്താം, ഒഴിവുസമയം ചിലവഴിക്കുകയും ചെയ്യാം.
ആറ് വര്‍ഷത്തോളം സമയമെടുത്താണ് കെട്ടിടം നിര്‍മിച്ച് അതിനെ മഴക്കാടാക്കി മാറ്റിയത്. വലിയൊരു പൂന്തോട്ടവും പുതിയ കെട്ടിടത്തില്‍ നിര്‍മിച്ചിട്ടുണ്ട്. നിലവില്‍ ജീവനക്കാര്‍ ഇവിടേക്ക് പ്രവേശിക്കണമെങ്കില്‍ സമയവും പ്രത്യേക സ്ഥലവും റിസര്‍വ്വ് ചെയ്യണം. ഈ കെട്ടിടത്തില്‍ ഒരെസമയം 800 പേര്‍ക്ക് ഒരുമിച്ച് കൂടാം. പക്ഷിക്കൂടെന്നാണ് (birds nest) ആമസോണ്‍ തങ്ങളുടെ പുതിയ ഓഫീസിന് നല്‍കിയിരിക്കുന്ന പേര്. 620 ടണ്‍ സ്റ്റീലും, 2643 ഗ്ലാസ് പാളികളുമാണ് കെട്ടിടത്തിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് സമ്മര്‍ദ്ദമില്ലാതെ ജോലിചെയ്യാന്‍ പ്രത്യേക സാഹചര്യം ഒരുക്കി കൊടുക്കുകയാണ് കമ്പനി. എന്‍ബിബിജെ എന്ന ആര്‍ക്കിടെക്ചര്‍ കമ്പനിയാണ് ആമസോണിന്റെ പരിസ്ഥിതി സൗഹൃദ ഓഫീസിന്റെ രൂപകല്‍പ്പന നിര്‍വ്വഹിച്ചിരിക്കുന്നത് .