കൊല്ലം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി ഇന്ന് കേരളത്തിലെത്തിയേക്കും. ഇന്നലെ മുതല്‍ 11 വരെ കേരളത്തില്‍ തങ്ങാനാണ് എന്‍ഐഎ കോടതി അനുമതി നല്‍കിയതെങ്കിലും ഇന്നലെ ബംഗളുരുവില്‍ നിന്ന് യാത്ര തിരിക്കാനായില്ല. ബംഗലൂരു പൊലീസ് സുരക്ഷാ അനുമതി വൈകിച്ചതോടെയാണ് ഇന്നലത്തെ യാത്ര മുടങ്ങിയത്. രോഗബാധിതയായി ചികിത്സയില്‍ കഴിയുന്ന മാതാവ് അസുമാബീവിയെ കാണാനാണ് മഅ്ദനി എത്തുന്നത്.
നെടുമ്പാശേരിയില്‍ വിമാനമിറങ്ങുന്ന മഅ്ദനി റോഡ് മാര്‍ഗമാണ് അന്‍വാര്‍ശേരിയിലെത്തുക. അന്‍വാര്‍ശേരിയിലും പരിസരത്തും ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് കേരള പൊലീസ് ഒരുക്കിയിരിക്കുന്നത്. മഅ്ദനി സഞ്ചരിക്കുന്ന വാഹനത്തിനൊപ്പം പൊലീസിന്റെ എസ്‌കോര്‍ട്ട് പൈലറ്റ് വാഹനങ്ങള്‍ സഞ്ചരിക്കും. കൊട്ടാരക്കര ഡിവൈ.എസ്.പിക്കാണ് അന്‍വാര്‍ശേരിയിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല. എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ 15 പൊലീസ് ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയത്തും അന്‍വാര്‍ശേരിയിലുണ്ടാകും.
കര്‍ണാടക തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മഅ്ദനിക്ക് അകമ്പടി പോകാന്‍ പൊലീസുകാര്‍ ഇല്ലെന്നാണ് ബംഗലൂരു സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചിരുന്നത്. പിന്നീട് സിറ്റിം ആംഡ് റിസര്‍വ് (സിഎആര്‍) പൊലീസിന്റെ സഹായത്തോടെ സുരക്ഷ ഏര്‍പ്പാടാക്കിയതിനെ തുടര്‍ന്നാണ് ഇന്ന് കേരളത്തിലേക്ക് മടങ്ങാന്‍ അസരമൊരുങ്ങിയത്.