രഹസ്യധാരണ മറനീക്കി പുറത്തുവന്നു മദനിയുടെ പിന്തുണ സിപിഎമ്മിന്

ആലപ്പുഴ: മദനിയുടെ പിന്തുണ സി.പി.എമ്മിന് .നഗരസഭാ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ പിഡിപി പിന്തുണച്ചു. ഇന്നത്തെ ത്രിതല പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിലും പിഡിപി, എസ്ഡിപിഐ തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണ സിപിഎം ഉറപ്പിക്കുകയും ചെയ്തതായി ന്റിപ്പോര്‍ട്ട്.തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണ കാലയളവില്‍ പിഡിപി നേതാവും ബംഗളൂരു ബോബുസ്‌ഫോടനക്കേസിലെ പ്രധാന പ്രതിയുമായ മദനിക്ക് സിപിഎം മതേതരസര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. കൂടാതെ എസ്ഡിപിഐ, പിഡിപി, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവയുമായി അവിശുദ്ധ സഖ്യമുണ്ടാക്കിയാണ് സിപിഎം തെരഞ്ഞെടുപ്പിനെ നേരിട്ടത്.തെരഞ്ഞെടുപ്പില്‍ സിപിഎം, സംഘടിത മതന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ ഉറപ്പിച്ചത് മതതീവ്രവാദസംഘടനകള്‍ മുഖേനയായിരുന്നു. കാലങ്ങളായി കുത്തകയാക്കിയിരുന്ന ഈഴവവോട്ടുകളില്‍ ഇത്തവണ ഇടിവുണ്ടാകുമെന്ന് ബോദ്ധ്യപ്പെട്ട സിപിഎം ആകുറവ് ഒരുപരിധിവരെ പരിഹരിച്ചത് മതതീവ്രവാദികളുമായി കൂട്ടുചേര്‍ന്നാണ്.

പിഡിപി, എസ്ഡിപിഐ എന്നീ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ ഏതാനും സീറ്റുകള്‍ ലഭിച്ചതും സിപിഎം വോട്ടുകള്‍ മറിച്ചതിനാലാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനു പ്രത്യുപകാരമായി നഗരസഭാ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിനെ പിഡിപി പരസ്യമായി പിന്തുണച്ചു. ജില്ലയില്‍ ആകെയുള്ള ആറു നഗരസഭകളില്‍ നാലിടത്ത് യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫും ഭരണം നേടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആലപ്പുഴ നഗരസഭയില്‍ കോണ്‍ഗ്രസിലെ തോമസ് ജോസഫ് ചെയര്‍മാനായും മുസ്ലീംലീഗിലെ ബീന കൊച്ചുബാവ വൈസ് ചെയര്‍പേഴ്‌സണായും തെരഞ്ഞെടുക്കപ്പെട്ടു. 52 കൗണ്‍സിലില്‍ ഇരുവര്‍ക്കും ഒരു സ്വതന്ത്രന്റെ ഉള്‍പ്പെടെ 27 അംഗങ്ങളുടെ പിന്തുണ ലഭിച്ചു. എല്‍ഡിഎഫിന് രണ്ടു പിഡിപി അംഗങ്ങളുടെ ഉള്‍പ്പെടെ 21 വോട്ടുകളാണ് ലഭിച്ചത്. ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളിലേക്ക് മത്സരിച്ച ബിജെപിയുടെ ആര്‍. ഹരി, സലിലകുമാരി എന്നിവര്‍ക്ക് നാലു വോട്ടുകള്‍ വീതം ലഭിച്ചു. ഹരിപ്പാട്ടും ചേര്‍ത്തലയിലും കെപിസിസിയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ച് ചെയര്‍മാന്‍ സ്ഥാനത്തേക്ക് യുഡിഎഫില്‍ വീതംവയ്പാണ് നടക്കുന്നത്. ചേര്‍ത്തല നഗരസഭയില്‍ കോണ്‍ഗ്രസിന്റെ ഐസക് മാടവന ചെയര്‍മാനായും ശ്രീലേഖ നായര്‍ വൈസ് ചെയര്‍പേഴ്‌സണായും തെരഞ്ഞെടുക്കപ്പെട്ടു.

മാവേലിക്കര നഗരസഭാ ചെയര്‍പേഴ്‌സണായി സിപിഎമ്മിലെ ലീലാ അഭിലാഷിനെയും വൈസ് ചെയര്‍മാനായി സിപിഎം സ്വതന്ത്രന്‍ പി.കെ. മഹേന്ദ്രനെയും തെരഞ്ഞെടുത്തു. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത നഗരസഭയില്‍ 13 വോട്ടുകളാണ് ലീലയ്ക്ക് ലഭിച്ചത്. 12 അംഗങ്ങളുള്ള എല്‍ഡിഎഫിന് കോണ്‍ഗ്രസ് വിമതര്‍ പിന്തുണ നല്‍കുകയായിരുന്നു. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് മത്സരിച്ച ബിജെപിയുടെ വിജയമ്മ ഉണ്ണികൃഷ്ണന് ഒന്‍പത് വോട്ടുകള്‍ ലഭിച്ചു.

പുതുതായി രൂപീകരിക്കപ്പെട്ട ഹരിപ്പാട് നഗരസഭയുടെ പ്രഥമ ചെയര്‍പേഴ്‌സണായി യുഡിഎഫിലെ പ്രൊഫ. സുധാ സുശീലനെയും വൈസ് ചെയര്‍മാനായി എം.കെ. വിജയനെയുമാണ് തെരഞ്ഞെടുത്തത്.ചെങ്ങന്നൂരില്‍ ചെയര്‍മാനായി യുഡിഎഫിലെ ജോണ്‍ മുളങ്കാട്ടിലും വൈസ് ചെയര്‍പേഴ്‌സണായി കേരളാ കോണ്‍ഗ്രസ് എമ്മിലെ കുഞ്ഞൂഞ്ഞമ്മ പറമ്പത്തൂരും തെരഞ്ഞെടുക്കപ്പെട്ടു.കായംകുളത്ത് സിപിഎമ്മിലെ എന്‍. ശിവദാസനെ ചെയര്‍മാനായും സിപിഐയിലെ ആര്‍. ഗിരിജയെ വൈസ് ചെയര്‍പേഴ്‌സണായും തെരഞ്ഞെടുക്കപ്പെട്ടു. ഇവിടെയും ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല.

Top