അഭയ കേസ്:കൃത്രിമമായി കന്യാചർമ്മം തുന്നിചേർത്തു എന്ന റിപ്പോർട്ട് നൽകിയ ഡോ.രമയുടെ ആരോഗ്യസ്ഥിതി മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കണമെന്ന പ്രതിയായ സിസ്റ്റര്‍ സ്‌റ്റെഫിയുടെ ഹര്‍ജി സി ബി ഐ കോടതി തള്ളി.

കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ഡോ. രമയെ മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച് ആരോഗ്യസ്ഥിതി റിപ്പോര്‍ട്ട് വിളിച്ചു വരുത്തണമെന്ന പ്രതിഭാഗം ഹര്‍ജി തിരുവനന്തപുരം സിബിഐ ജഡ്ജി സനില്‍കുമാര്‍ തള്ളി. ക്രിമിനൽ കോടതിക്ക് ഒരിക്കൽ പുറപ്പെടുവിച്ച ഉത്തരവ് പുനഃപരിശോധന നടത്താനോ ഭേദഗതി വരുത്താനോ റദ്ദാക്കാനോ അധികാരമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടു കൂടിയാണ് ഹർജി തള്ളിയത്. ശയ്യാവലംബിയായി കിടക്കയിൽ കഴിയുന്ന ഡോ. രമയെ മജിസ്‌ട്രേട്ട് ദീപാ മോഹൻ കമ്മിഷൻ വിസ്തരിക്കും മുമ്പ് അവർ മൊഴി നൽകാൻ പ്രാപ്തയാണോയെന്നറിയാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി സ്റ്റെഫി സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.

സ്റ്റെഫി കൃത്രിമമായി കന്യാചർമ്മം ഓപ്പറേഷൻ നടത്തി തുന്നിചേർത്തത് തന്റെ പരിശോധനയിൽ തെളിത്തതായി ഡോ.രമ നേരത്തേ സി ബി ഐ ക്ക് മൊഴി നൽകിയിരുന്നു. രാജ്യത്ത് അപൂർവ്വമായി നടത്താറുള്ള ഹൈമനോപ്ലാസ്റ്റി എന്ന ഓപ്പറേഷൻ സ്റ്റെഫി നടത്തിയെന്നും ആലപ്പുഴ മെഡിക്കൽ കോളേജിൽ സേവനമനുഷ്ഠിച്ച ഡോ. രമയും ഡോ. ശ്രീകുമാരിയും കണ്ടെത്തിയിരുന്നു.സാക്ഷി മൊഴി നല്‍കാന്‍ പ്രാപ്തയല്ലെങ്കില്‍ സാക്ഷിയുടെ വാസസ്ഥലത്ത് മൊഴിയെടുക്കാന്‍ ചെല്ലുന്ന മജിസ്‌ട്രേട്ട് കമ്മീഷന്‍ വിവരംകോടതിക്ക് റിപ്പോര്‍ട്ടായി സമര്‍പ്പിച്ചോളുമെന്നും അക്കാര്യത്തില്‍ പ്രതിക്ക് ആശങ്കയോ വേവലാതിയോ വേണ്ടെന്നും ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കി.

Top