ന്യൂഡല്‍ഹി: ബി.ജെ.പി നേതാക്കളുടെ വ്യക്തിപരമായ അധിക്ഷേപം അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് നൊബേല്‍ പുരസ്‌ക്കാര ജേതാവ് അഭിജിത് ബാനര്‍ജി. ദ വയറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അഭിജിത് ബാനര്‍ജിയുടെ പ്രതികരണം. വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെയും ബി.ജെ.പി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹയുടെയും പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ എന്റെ പ്രൊഫഷണലിസത്തെയാണ് ചോദ്യം ചെയ്തതെന്ന് അഭിജിത് ബാനര്‍ജി പറഞ്ഞു. രണ്ടാം ഭാര്യ വിദേശിയായവര്‍ക്കാണ് ഏറെയും നൊബേല്‍ ലഭിക്കുന്നതെന്നാണ് അഭിജിത് ബാനര്‍ജിയുടെ നേട്ടത്തെക്കുറിച്ചുള്ള രാഹുല്‍ സിന്‍ഹയുടെ പരിഹാസം.
ഇടതുപക്ഷ ചിന്താഗതിക്കാരനായ അഭിജിത് ബാനര്‍ജിയുടെ ന്യായ് പദ്ധതി ഇന്ത്യക്കാര്‍ തള്ളിയതാണെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോണ്‍ഗ്രസിന് പകരം ബിജെപി എന്നോട് ഉപദേശം തേടിയിരുന്നെങ്കില്‍ അവരോടും ഞാന്‍ സത്യസന്ധമായി കാര്യങ്ങള്‍ പറയുമായിരുന്നു. അതെന്റെ പ്രൊഫഷനാണ്. ഒരു പ്രൊഫഷണലായി അറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മറ്റു കാര്യങ്ങളില്‍ മുദ്രകുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക ചിന്തയില്‍ പക്ഷപാതം കാണിക്കാറില്ല. പല സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്കും ഇത്തരത്തില്‍ പദ്ധതികളും ഉപദേശങ്ങളും ഞങ്ങള്‍ നല്‍കാറുണ്ട്. പലയിടത്തും ബിജെപി സര്‍ക്കാരാണ്. നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഗുജറാത്തിലെ മലനീകരണ ബോര്‍ഡുമായി ഞങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച അനുഭവമായിരുന്നു അത്. ഞങ്ങളുടെ നിര്‍ദേശങ്ങളില്‍ പലതും അവര്‍ നടപ്പാക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലാണെന്നത് ഗൗരവമായി തന്നെ കാണേണ്ടതാണ്. ഉപഭോഗം കുറയകയാണെന്ന് ദേശീയ സാമ്പള്‍ സര്‍വേയുടെ കണക്കുകള്‍ നോക്കിയാല്‍ മനസ്സിലാകുമെന്നും അഭിജിത് ബാനര്‍ജി പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടന പത്രികയിലെ മുഖ്യ ആകര്‍ഷണമായിരുന്ന ന്യായ് പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവായിരുന്നു അഭിജിത് ബാനര്‍ജി. ഭാര്യ എസ്താര്‍ ഡഫ്‌ലോക്കും ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രഫസര്‍ മിഷേല്‍ ക്രെമര്‍ക്കും ഒപ്പമാണ് അഭിജിത് ബാനര്‍ജി സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം പങ്കിട്ടത്.