ഇന്ത്യയെ രക്ഷിക്കാന്‍ വലിയ സാമ്പത്തിക പാക്കേജുകള്‍ തന്നെ വേണ്ടിവരും; താത്കാലിക റേഷൻ കാർഡ്, അമേരിക്കൻ മോഡൽ സാമ്പത്തിക പാക്കേജ്.രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ അഭിജിത്ത് ബാനര്‍ജി

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ബാധിച്ച ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ഒരു വലിയ ഉത്തേജന സാമ്പത്തിക പാക്കേജുകള്‍ തന്നെ ആവശ്യമായി വരുമെന്ന് നോബല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി നടത്തിയ ഓണ്‍ലൈന്‍ സംവാദത്തിലാണ് നോബല്‍ പുരസ്‌കാര ജേതാവ് അഭിജിത്ത് ബാനര്‍ജി ഇക്കാര്യം വ്യക്തമാക്കിയത്. വേണ്ടത്ര സാമ്പത്തിക പാക്കേജ് കേന്ദ്രം ഇതുവരെ നീക്കിവച്ചിട്ടില്ലെന്നും ലോക് ഡൗണിലൂടെ തകര്‍ച്ചയിലായ ചെറുകിട വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സര്‍ക്കാരില്‍ നിന്നും സഹായം ആവശ്യമാണെന്നും അഭിജിത്ത് ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് കാലത്ത് വിദഗ്ദരുമായുള്ള ചർച്ച തുടരുകയാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ആർബിഐ മുൻ ഗവർണർ രഘുറാം രാജനുമായുള്ള രാഹുലിന്റെ ചർച്ച വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ നോബല്‍ സമ്മാന ജേതാവ് പ്രൊഫ. അഭിജിത് ബാനര്‍ജിയുമായി ചർച്ച നടത്തിയിരിക്കുകയാണ് രാഹുൽ.കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ടുള്ള പ്രധാനപ്പെട്ട വിഷയങ്ങളും ഇതിനെ തുടര്‍ന്ന് സമ്പദ്‌മേഖല നേരിട്ട ആഘാതവും ഇത് മറികടക്കാനുള്ള നിർദ്ദേശങ്ങളുമാണ് ഇരുവരും ചർച്ച ചെയ്യത്.

വീഡിയോ കോൺഫറൻസ് ചാറ്റ് വഴിയാണ് ഇരുവരും ചർച്ച നടത്തിയത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ ദുരിതം അനുഭവിക്കുന്ന എല്ലാ ജനങ്ങളിലേക്കും നേരിട്ട് പണം എത്തിക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടതെന്ന് അഭിജിത്ത് ബാനർജി പറഞ്ഞു. ദരിദ്രരിലേക്ക് എത്താൻ കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് പണം കൈമാറുന്ന ഒരു സംവിധാനം സർക്കാരിന് ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ പരിധിയിൽ വരാത്ത ആളുകളാണ് വലിയ വെല്ലുവിളി നേരിടുന്നത്. കുടിയേറ്റ തൊഴിലാളികളെപ്പോലെ ഒരു വലിയ ജനസംഖ്യയ്ക്ക് അത്തരം സുരക്ഷാ പരിരക്ഷകളൊന്നുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആവശ്യമുള്ളവർക്ക് താൽക്കാലിക റേഷൻ സംവിധാനം കൊണ്ടുവരണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു.

ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങള്‍ക്കിടയിലാണ് സര്‍ക്കാര്‍ ആദ്യം പണം എത്തിക്കേണ്ടത് എന്ന് പറഞ്ഞ ബാനര്‍ജി ഇതിന് പ്രത്യേക മെഷിനറി സംവിധാനം തന്നെ രൂപപ്പെടുത്തേണ്ടിവരുമെന്നും ബാനര്‍ജി വ്യക്തമാക്കി.കോവിഡ് -19 പ്രതിസന്ധിയെയും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന പ്രത്യാഘാതങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രാഹുല്‍ ഗാന്ധി നേരത്തെ മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനുമായും ചര്‍ച്ച നടത്തിയിരുന്നു.

Top