കൊറോണ: നടപടികള്‍ കടുപ്പിച്ച് കുവൈത്ത്, എല്ലാവരോടും വീടുകളില്‍ കഴിയാന്‍ ഉത്തരവ്, ഇന്നും നാളെയുമായി വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കും

കൊറോണ ഭീതിയില്‍ ഗള്‍ഫ് നാടുകള്‍ കടുത്ത നടപടിയിലേക്ക് നീങ്ങുകയാണ്. എല്ലാവരോടും വീടുകളില്‍ കഴിയാന്‍ ഉത്തരവിട്ടു. വിമാന സര്‍വീസുകള്‍ ഇന്നും നാളെയുമായി പൂര്‍ണ്ണമായും നിര്‍ത്തലാക്കും. ആഭ്യന്തര പൊതുഗതാഗത സര്‍വീസുകളും നിര്‍ത്തലാക്കി. ഹോട്ടലുകളിലും മാളുകളിലും ഒത്തുചേര്‍ന്ന് ഭക്ഷണം കഴിക്കുന്നതിനും വിലക്ക്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതു അവധി. പൊതുഅവധി ദിനത്തില്‍ തുറന്നു പ്രവര്‍ത്തിച്ച സ്വകാര്യ സ്‌കൂള്‍ അടച്ചു പൂട്ടിയിട്ടുണ്ട്.

ഖൈത്താനില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളാണ് അധികൃതര്‍ പൂട്ടിയത്. ആഭ്യന്തര മന്ത്രാലയത്തിലെയും വിദ്യാഭ്യാസ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ എത്തിയാണ് സ്‌കൂള്‍ അടച്ചു പൂട്ടിയത്. നിയമം മറി കടക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കി. പ്രതിരോധ നടപടികളുടെ ഭാഗമായി എല്ലാ സ്വദേശികളും വിദേശികളും വീടുകളില്‍ കഴിയാന്‍ കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് മാസമായി ലോകത്തെയാകെ പിടിച്ചു കുലുക്കിയ കൊറോണ ഭീതിയില്‍ നിന്നും മുക്തി നേടുന്നതിനും ജീവന്‍ സംരക്ഷിക്കുന്നതിനും വിദേശികളും സ്വദേശികളും പരമാവധി വീടുകളില്‍ തന്നെ കഴിയണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫെബ്രുവരി 27 ന് ശേക്ഷം കുവൈത്തിലെത്തിയ വിദേശികള്‍ കൊറോണ മെഡിക്കല്‍ പരിശോധനക്ക് റിപ്പോര്‍ട്ട് ചെയ്യുകയും രണ്ടാഴ്ചത്തെ നിര്‍ബന്ധിത ക്വാറന്റൈന് വിധേയമാവുകയും വേണം. സര്‍ക്കാര്‍ ഉത്തരവ് മറികടന്നു പുറത്തു പോകുന്നത് കണ്ടെത്തിയാല്‍ നാട് കടത്തുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. രാജ്യവ്യാപകമായി കര്‍ശന പരിശോധനക്കും നിരീക്ഷണത്തിനും കാമ്ബയിനുകള്‍ ആരംഭിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ പൊതുഗതാഗത സര്‍വീസുകളും വ്യാഴാഴ്ച രാത്രി മുതല്‍ നിര്‍ത്തലാക്കി. ഇനിയൊരറിയിപ്പ് വരെ എല്ലാ ബസ് സര്‍വീസുകളും പൊതുഗതാഗത സര്‍വീസുകളും നിര്‍ത്തുന്നതിന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. കൂട്ടമായി ജനങ്ങള്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കുന്നതിന്റ ഭാഗമായിട്ടാണ് നടപടി.

കുവൈത്തിലെ പ്രസിദ്ധമായ ഫ്രൈഡേ മാര്‍ക്കെറ്റ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചതായി മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. വ്യാഴം, വെള്ളി, ശനി അവധി ദിനങ്ങളില്‍ നൂറു കണക്കിന് സ്വദേശികളും വിദേശികളുമാണ് ഇവിടെ എത്താറുള്ളത്. തുച്ഛമായ വിലക്ക് കിട്ടുമെന്നതാണ് ഫ്രൈഡേ മാര്‍ക്കറ്റിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ സ്ത്രീകളും കുട്ടികളുമടക്കം വലിയൊരു ജനക്കൂട്ടം അവിടെ എത്താറുണ്ട്. പൊതു ജനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവിനോട് സഹകരിക്കണമെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.

Top