ഗുജറാത്തില്‍ കോണ്‍ഗ്രസിന് വിജയം സുനിശ്ചിതം-രാഹുല്‍ ഗാന്ധി

അഹമ്മദാബാദ്:   ഗുജറാത്തിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് നിയുക്ത കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ ഗാന്ധി. യഥാർഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള രാഷ്ട്രീയ നാടകമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജലവിമാന യാത്രയെന്ന്   രാഹുൽ ഗാന്ധി ആരോപിച്ചു.കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിക്കപ്പെട്ടശേഷം നടത്തിയ ആദ്യ വാർത്താ സമ്മേളനത്തിലാണ് യഥാർഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാൻ മോദി ശ്രമിക്കുന്നതായി രാഹുൽ ആരോപിച്ചത്.രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കാനിരിക്കെയാണ് മോദിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുലിന്റെ രംഗപ്രവേശം.

‘മോദി ജലവിമാനത്തില്‍ പര്യടനത്തിനെത്തിയതില്‍ തെറ്റൊന്നുമില്ല. പക്ഷേ, അത് യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കുന്ന കാര്യമായിപ്പോയി. കഴിഞ്ഞ 22 വര്‍ഷവും ബിജെപി ഗുജറാത്തിലെ ജനങ്ങള്‍ക്ക് എന്ത് നല്‍കി എന്നതാണ് പ്രസക്തം.’ രാഹുല്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തന്നെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിന്റെ വികസനം ഒരു ഭാഗത്ത് മാത്രമാണ് ഉണ്ടായത്. 90 ശതമാനം സ്കൂളുകളും കോളെജുകളും  ഇവിടെ സ്വകാര്യവത്കരിക്കപ്പെട്ടു. പ്രധാനമന്ത്രി ഇപ്പോഴും അഴിമതിയെ കുറിച്ചോ, കര്‍ഷകരുടെ പ്രശ്നങ്ങളെ കുറിച്ചോ അല്ല സംസാരിക്കുന്നത്. 22 വര്‍ഷമായി ഗുജറാത്തില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.

മോദിയും വിജയ് രൂപാണിയും ചേര്‍ന്ന് നടത്തിയ വികസനം പക്ഷപാതപരമാണെന്ന് രാഹുല്‍ ആരോപിച്ചു. അഞ്ചോ പത്തോ പേരിലേക്ക് മാത്രമാണ് വികസനം എത്തിയിട്ടുള്ളത്. വന്‍കിട വ്യവസായികള്‍ക്ക് ആറ് കോടി രൂപ വായ്പയായി നല്‍കിയിട്ട് ചെറുകിട വ്യവസായങ്ങളെ അവഗണിക്കുകയാണ് ബിജെപി ചെയ്തത്. കര്‍ഷകരെയും പൂര്‍ണമായും അവഗണിക്കുന്ന നയമാണ് ബിജെപി സ്വീകരിച്ചത്. ഗുജറാത്തിലെ ജനങ്ങള്‍ക്ക് ഇതൊക്കെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. കര്‍ഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ചോ രാജ്യത്തെ അഴിമതികളെക്കുറിച്ചോ പ്രധാനമന്ത്രി സംസാരിക്കാത്തിന്റെ കാരണവും അവര്‍ക്കറിയാമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

‘കഴിഞ്ഞ മൂന്നു മാസത്തിനിടെ ഗുജറാത്തിലെ ജനങ്ങളിൽനിന്ന് അകമഴിഞ്ഞ പിന്തുണയും സ്നേഹവുമാണ് എനിക്കു ലഭിച്ചത്. ഈ അനുഭവം എനിക്കൊരിക്കലും മറക്കാനാകില്ല. നിങ്ങളുടെ സ്നേഹം എന്റെ ഹൃദയത്തെയാണ് സ്പർശിച്ചത്. കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനാണ് ഞാൻ ഇപ്പോൾ മുൻഗണന നൽകുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ പരിതസ്ഥിതിക്ക് മാറ്റം വന്നേ തീരൂ’ രാഹുൽ പറഞ്ഞു.

‘ഗുജറാത്തിലെ ജനങ്ങൾ അതീവ ബുദ്ധിമാൻമാരാണെന്നും രാഹുൽ അഭിപ്രായപ്പെട്ടു. മോദിയുടെ തെരഞ്ഞെടുപ്പു റാലികളിൽ കർഷകരെക്കുറിച്ചോ അഴിമതിയെക്കുറിച്ചോ അദ്ദേഹം മിണ്ടുന്നില്ലെന്ന വസ്തുത അവർക്ക് മനസിലാകുന്നുണ്ട്. ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ ഗുജറാത്തിൽ അടിയൊഴുക്കുകൾ ശക്തമാണെന്ന് വ്യക്തമായിക്കഴിഞ്ഞു. സത്യത്തിൽ ബിജെപിയിൽനിന്ന് ഇതിലും ശക്തമായ മൽസരമാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്.’ രാഹുൽ പറഞ്ഞു.

‘മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെതിരെ നരേന്ദ്ര മോദി തൊടുത്തുവിട്ട വിമർശന ശരങ്ങളെയും രാഹുൽ പ്രതിരോധിച്ചു. മൻമോഹനെക്കുറിച്ച് മോദി പറഞ്ഞ കാര്യങ്ങൾ ഒരുതരത്തിലും അംഗീകരിക്കാനാകില്ല. മോദിയെക്കുറിച്ച് മണിശങ്കർ അയ്യർ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് നിലപാട് ഞാൻ വ്യക്തമാക്കിക്കഴിഞ്ഞതാണ്. നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തെക്കുറിച്ച് മോശമായി സംസാരിക്കുന്നത് അംഗീകരിക്കാനാകില്ല. അതുപോലെതന്നെ മൻമോഹൻ സിങ്ങിനെക്കുറിച്ച് മോദി പറഞ്ഞ കാര്യങ്ങളും അംഗീകരിക്കുന്നില്ല’ രാഹുൽ വ്യക്തമാക്കി.

‘പ്രാർഥിക്കാനായി ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിൽ എന്താണ് തെറ്റെന്നും രാഹുൽ ചോദിച്ചു. ജനങ്ങളുടെ നല്ല ഭാവിക്കായി എല്ലാ ക്ഷേത്രങ്ങളിലും ഞാൻ പ്രാർഥിക്കാറുണ്ട്. കേദാർനാഥിലും ഞാൻ പോയിട്ടുണ്ട്. മുൻപ് ഞാൻ ക്ഷേത്രങ്ങളൊന്നും സന്ദർശിച്ചിട്ടില്ലെന്നത് ബിജെപിയുടെ മാത്രം തിയറിയാണ്’ രാഹുൽ പറഞ്ഞു

Top